ദിനംപ്രതിയെന്നോണം വില കുതിച്ചുകൊണ്ടിരിക്കെ കയ്യിലുള്ള പണംമുഴുവന്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണംകൂടിവരുന്നു. പരമ്പരാഗത വിശ്വാസം മലയാളികളില്‍ പൂര്‍വാധികം ആര്‍ജവത്തോടെ പുനര്‍ജനിച്ചിരിക്കുന്നു. ഓഹരിയായാലും സ്വര്‍ണമായാലും റെക്കോഡ് ഉയരത്തിലെത്തുമ്പോള്‍ നിക്ഷേപ ആവേശം സ്വാഭാവികമാണ്. ഓഹരി വിപണി തകര്‍ച്ച നേരിട്ടപ്പോള്‍ സ്വര്‍ണമാണ് ഇനി ഭാഗ്യരേഖ നിര്‍ണയിക്കുകയെന്ന വിശ്വാസം നിക്ഷേപകരെ പിടികൂടിയിരിക്കുന്നു. നിലവിലെ പശ്ചാത്തലത്തില്‍ സ്വര്‍ണത്തിന്റെ നിക്ഷേപ സാധ്യതകളും വഴികളും വിശദീകരിക്കുന്നു.

To advertise here,

 

ഓഹരി നിക്ഷേപത്തെ കടത്തിവെട്ടുന്ന പ്രകടനമാണ് ഒരു വര്‍ഷത്തിനിടെ സ്വര്‍ണം കാഴ്ചവെച്ചത്. ഇതോടെ നിക്ഷേപക ശ്രദ്ധ സ്വര്‍ണത്തിലേയ്ക്ക് തിരിഞ്ഞു. അനിശ്ചിതത്വങ്ങള്‍ക്കെതിരെയുള്ള സുരക്ഷ എന്നതിനേക്കാള്‍ മികച്ച നിക്ഷേപ ബദലായി പലരും സ്വര്‍ണത്തെ കാണാന്‍ തുടങ്ങി. പെട്ടെന്ന് നേട്ടമുണ്ടാക്കാമെന്നതിലുപരി വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ദീര്‍ഘകാലം ലക്ഷ്യമിട്ട് നിശ്ചിത വിഹിതം സ്വര്‍ണത്തിലും കരുതുകയാണ് വേണ്ടത്. ഗ്രാമിന് 10,000വും പവന് 80,000വും കടന്ന് മുന്നേറിയാലും 100 രൂപ കയ്യിലുണ്ടെങ്കില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്.

 

ഗോള്‍ഡ് ഇ.ടി.എഫ്, ഗോള്‍ഡ് ഫണ്ട് ഓഫ് ഫണ്ട്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട്, മള്‍ട്ടി അസറ്റ് ഫണ്ട്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നിവയാണ് സ്വര്‍ണത്തിലേയ്ക്കുള്ള നിക്ഷേപ വഴികള്‍. ഇ.ടി.എഫുകള്‍ക്ക് ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. എന്നാല്‍ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഫണ്ട് ഓഫ് ഫണ്ടുകള്‍ക്കും ഡീമാറ്റ് ആവശ്യമില്ല. മള്‍ട്ടി അസറ്റ് ഫണ്ടുകള്‍ സ്വര്‍ണത്തിന് പുറമെ മറ്റ് ആസ്തികളിലും നിക്ഷേപിച്ച് ആസ്തി വിഭജനം സാധ്യമാക്കുന്നു. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ക്ക് നികുതിയിളവുകളും പലിശയും ലഭിക്കുമെങ്കിലും നിലവില്‍ സര്‍ക്കാര്‍ പുറത്തിറക്കാത്തതിനാല്‍ ദ്വിതീയ വിപണി വഴി നിക്ഷേപിക്കേണ്ടിവരും. സങ്കീര്‍ണത കാരണം തുടക്കക്കാര്‍ക്ക് ഈ വഴി അനുയോജ്യമല്ല.

 

സ്വര്‍ണം സുരക്ഷിതമോ?

പരമ്പരാഗതമായി സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. ഓഹരികളും മറ്റ് നിക്ഷേപ ആസ്തികളും പ്രതിസന്ധി നേരിടുമ്പോള്‍ സ്വര്‍ണം നേട്ടമുണ്ടാക്കുമെന്നതാണ് പ്രത്യേകത. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 ശതമാനത്തോളം ആദായമാണ് സ്വര്‍ണം സമ്മാനിച്ചത്. പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം, ഹ്രസ്വകാലയളവില്‍ പരിഗണിക്കാവുന്ന ഒന്നല്ല സ്വര്‍ണ നിക്ഷേപം. മറിച്ച് നിക്ഷേപ പോര്‍ട്ട്‌ഫോളിയോയ്ക്ക് ദീര്‍ഘകാലയളവില്‍ നല്‍കുന്ന സ്ഥിരതയാണ് സവിശേഷത. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് പ്രത്യേക സ്ഥാനവുമുണ്ട്.

 

നിക്ഷപ വഴികള്‍

1. ഗോള്‍ഡ് ഇ.ടി.എഫ് (Gold ETF)

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ യൂണിറ്റുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി എളുപ്പത്തില്‍ വാങ്ങാനും വില്‍ക്കാനും കഴിയും. ഇവയുടെ മൂല്യം സ്വര്‍ണ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ യൂണിറ്റും നിശ്ചിത അളവ് സ്വര്‍ണത്തെ പ്രതിനിധീകരിക്കുന്നു.

 

പ്രവര്‍ത്തനം: ഇ.ടി.എഫുകള്‍ ശുദ്ധമായ സ്വര്‍ണത്തിലാണ് നിക്ഷേപിക്കുന്നത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) വ്യവസ്ഥ പ്രകാരം, ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് കുറഞ്ഞത് 99.5% പരിശുദ്ധിയുള്ള സ്വര്‍ണം വാങ്ങണമെന്നുണ്ട്. ഫണ്ട് ഹൗസുകള്‍ സ്വര്‍ണക്കട്ടികള്‍ കൈകാര്യം ചെയ്യാന്‍ കസ്റ്റോഡിയന്മാരെയും സുരക്ഷിതമായി സൂക്ഷിക്കാന്‍ വോള്‍ട്ടിംഗ് ഏജന്‍സികളെയും നിയമിക്കുന്നു.

 

ഉദാഹരണം: നിപ്പോണ്‍ ഇന്ത്യ ഇ.ടി.എഫ് ഗോള്‍ഡ് ബീസ് (Nippon India ETF Gold BeES) ഒരു യൂണിറ്റിന് നിലവില്‍ 94 രൂപയാണ് വില. ഓരോ യൂണിറ്റും 0.01 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമാണ്.


2. ഗോള്‍ഡ് ഫണ്ട് ഓഫ് ഫണ്ട് (Gold FoF)

ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാന്‍ സഹായിക്കുന്നവയാണ് ഗോള്‍ഡ് ഫണ്ട് ഓഫ് ഫണ്ടുകള്‍ (FoFs). ഇവ പ്രധാനമായും ഗോള്‍ഡ് ഇ.ടി.എഫുകളിലാണ് നിക്ഷേപിക്കുന്നത്. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനവും സമാനമാണ്. ഫണ്ട് ഒഫ് ഫണ്ടുകള്‍ ഗോള്‍ഡ് ഇ.ടി.എഫുകളിലാണ് നിക്ഷേപം നടത്തുന്നത്. ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളാകട്ടെ നേരിട്ട് സ്വര്‍ണത്തിലോ ഇ.ടി.എഫിലോ നിക്ഷേപം നടത്തുന്നു.

 

പ്രയോജനങ്ങള്‍:

  • ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല.
  • സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (SIP) വഴി നിക്ഷേപിക്കാം. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ശരാശരി വാങ്ങല്‍ വില കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

ചെലവ്: ഇ.ടി.എഫ് തലത്തിലും ഫണ്ട് തലത്തിലും ചാര്‍ജ് ഈടാക്കുന്നതിനാല്‍ ഇവയുടെ ചെലവ് അനുപാതം അല്പം കൂടുതലാണ്. എന്നാല്‍ ഇ.ടി.എഫുകള്‍ക്കുള്ള ബ്രോക്കറേജ് ചാര്‍ജുകള്‍ ഇതിനില്ല.

 

3. മള്‍ട്ടി-അസറ്റ് ഫണ്ടുകള്‍ (Multi-asset Funds)

സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് മള്‍ട്ടി അസറ്റ് ഫണ്ടുകള്‍. പേര് സൂചിപ്പിക്കുന്നത് പോലെ സ്വര്‍ണത്തില്‍ മാത്രമല്ല, ഓഹരികള്‍, കടപ്പത്രങ്ങള്‍, വെള്ളി, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (REITs) തുടങ്ങിയ ആസ്തികളിലും ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നു.


പ്രയോജനം: സ്വര്‍ണത്തില്‍ എപ്പോള്‍ നിക്ഷേപം കൂട്ടണം, കുറയ്ക്കണം എന്നതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ഫണ്ട് മാനേജര്‍മാര്‍ നോക്കിക്കൊള്ളും.

 

ശ്രദ്ധിക്കേണ്ട കാര്യം: ഓരോ മള്‍ട്ടി-അസറ്റ് ഫണ്ടുകളിലെയും സ്വര്‍ണത്തിന്റെ അനുപാതം വ്യത്യസ്തമായിരിക്കും. ചില ഫണ്ടുകളില്‍ സ്വര്‍ണ  ഉണ്ടാകണമെന്നില്ല. അതിനാല്‍, നിക്ഷേപിക്കും മുമ്പ് ഫണ്ടിന്റെ പോര്‍ട്ട്ഫോളിയോ പരിശോധിക്കുക.

 

പ്രകടനം: ഉയര്‍ന്ന സ്വര്‍ണ നിക്ഷേപമുള്ള ഫണ്ടുകള്‍ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ചതായി കാണാം. ഉദാഹരണത്തിന്, 13% സ്വര്‍ണ്ണ വിഹിതമുള്ള വൈറ്റ്ഓക്ക് ക്യാപിറ്റല്‍ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് ഒരു വര്‍ഷത്തിനിടെ 15.16 ശതമാനം ആദായം നല്‍കി. ഇതേ കാലയളവില്‍ മള്‍ട്ടി-അസറ്റ് ഫണ്ടുകളുടെ ശരാശരി വരുമാനം 7.42% ആയിരുന്നു.

 

സോവറിന്‍ ഗോള്‍ഡ് ബോണ്ട് (Sovereign Gold Bonds - SGB)

സര്‍ക്കാര്‍ പുതിയ ബോണ്ടുകള്‍ ഇറക്കിയിട്ടില്ലെങ്കിലും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നിക്ഷേപിക്കാന്‍ കഴിയും. കൂടുതല്‍ ഡിമാന്‍ഡ് ഉള്ളതിനാലും പുതിയ ബോണ്ടുകള്‍ പുറത്തിറക്കാത്തതിനാലും നിലവിലുള്ള ബോണ്ടുകളില്‍ (സ്വര്‍ണ വിലയേക്കാള്‍) കൂടിയ വിലയിലാണ് എക്‌സ്‌ചേഞ്ചുകളില്‍ വ്യാപാരം നടക്കുന്നത്.

 

പ്രത്യേകതകള്‍:

  • സ്വര്‍ണ്ണവിലയിലെ വര്‍ദ്ധനവിന് പുറമെ വാര്‍ഷികമായി 2.5% പലിശയും ലഭിക്കുന്നു.
  • കാലാവധി പൂര്‍ത്തിയാകും വരെ കൈവശം വെച്ചാല്‍ നേട്ടത്തിന് നികുതിയില്ല.

നികുതി ബാധ്യത

നിക്ഷേപ രീതി

ദീർഘകാല മൂലധന നേട്ട നികുതി

ഹ്രസ്വകാല മൂലധന നേട്ട നികുതി

നികുതിയില്ലാത്ത നേട്ടം

ഗോൾഡ് ETF

12.5% (1 വർഷത്തിന് ശേഷം)

 സ്ലാബ് പ്രകാരം

ഇല്ല

ഗോൾഡ് FoF

12.5% (2 വർഷത്തിന് ശേഷം)

 സ്ലാബ് പ്രകാരം

ഇല്ല

SGB

12.5% (1 വര്‍ഷത്തിന് ശേഷം)സ്ലാബ് പ്രകാരം

കാലാവധി പൂർത്തിയായാൽ

 

സ്വര്‍ണത്തില്‍ ഇപ്പോള്‍ നിക്ഷേപിക്കാമോ?

യു.എസ് സമ്പ്ദവ്യവസ്ഥയിലെ ദുര്‍ബലാവസ്ഥയും പണപ്പെരുപ്പവും ആഗോളതലത്തില്‍ സ്വര്‍ണത്തിന് അനുകൂലമാണ്. ഭൗമരാഷ്ട്രീയ പ്രതിസന്ധികളും സ്വര്‍ണത്തെ തുണച്ചു. രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണം നേട്ടമാക്കി. ഏതെങ്കിലും സാഹചര്യത്തില്‍ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വിറ്റഴിച്ചാല്‍ വിലയെ ബാധിച്ചേക്കാം. അതുകൊണ്ട് സമീപകാലയളവിലെ വിലക്കയറ്റം മാത്രം കണ്ട് നിക്ഷേപം നടത്താതിരിക്കുക. വൈവിധ്യവത്കരണത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് മൊത്തം നിക്ഷേപത്തിന്റെ 10-15 ശതമാനം സ്വര്‍ണത്തില്‍ കരുതുന്നതാണ് ഉചിതം.

 

ഇ.ടി.എഫുകളോ ഗോള്‍ഡ് ഫണ്ട് ഓഫ് ഫണ്ടുകളോ നിക്ഷേപിക്കാന്‍ തിരഞ്ഞെടുക്കാം. വ്യത്യസ്ത ആസ്തികളില്‍ക്കൂടി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മള്‍ട്ടി-അസറ്റ് ഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്.

feedback to: antony@mpp.co.in