
വീടെന്ന ലക്ഷ്യം മുന്നില്‍കണ്ട് അഞ്ചു വര്‍ഷം മുമ്പാണ് സജിത് കുമാര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയത്. വിപണി തിരിച്ചടി നേരിട്ടപ്പോഴും കുതിപ്പ് നടത്തിയപ്പോഴും ലക്ഷ്യത്തില്‍ ഉറച്ചുനിന്ന് അദ്ദേഹം എസ്.ഐ.പി തുടര്‍ന്നു. നിക്ഷേപത്തിലെ നേട്ടം കണ്ട് കൂടെയുള്ളവരില്‍ പലരും അപ്പോഴത്തെ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിച്ചപ്പോഴും സജിത് കുമാര്‍ എസ്.ഐ.പി തുടര്‍ന്നു. ഇടക്കിടെയുണ്ടായ തകര്‍ച്ചകളില്‍നിന്ന് രക്ഷപ്പെടാനായിരുന്നു പലരും ലാഭമെടുപ്പ് നടത്തിയത്. ഏതായാലും നിക്ഷേപം തുടര്‍ന്ന സജിത് കുമാര്‍ വീട് വെക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. പ്രതിമാസം 20,000 രൂപ വീതമുള്ള നിക്ഷേപം 30 ലക്ഷം രൂപയോളമായിരിക്കുന്നു. നിക്ഷേപിച്ച തുകയാകട്ടെ 12 ലക്ഷവും. ഈ കാലയളവില്‍ അദ്ദേഹത്തിന് ലഭിച്ച ശരാശരി നേട്ടം 38 ശതമാനത്തിലേറെയാണ്.
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്നകാര്യത്തില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നും ഒരു ചുവട് മുന്നിലാണ്. നിക്ഷേപ കാലയളവും റിസ്‌കും വിലയിരുത്തി യോജിച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കണമെന്നു മാത്രം. 2020ലെ മഹാമാരിക്കുശേഷം കിതപ്പും കുതിപ്പുമുണ്ടായി. നിരവധി നിക്ഷേപകരാണ് ഈ ചാഞ്ചാട്ടത്തിന്റെ നേട്ടം സ്വന്തമാക്കിയത്. വിവിധ കാറ്റഗറികളിലായി 30ലേറെ ഫണ്ടുകളാണ് അഞ്ച് വര്‍ഷക്കാലയളവില്‍ 30 ശതമാനത്തിലേറെ ആദായം നിക്ഷേപകന് നല്‍കിയത്.
നേട്ടക്കണക്ക് ഇങ്ങനെ
ഫ്‌ളക്‌സി ക്യാപ് വിഭാഗത്തിലെ രണ്ട് ഫണ്ടുകളാണ് അഞ്ച് വര്‍ഷ കാലയളവില്‍ 30 ശതമാനത്തിലേറെ ആദായം നല്‍കിയത്. ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് വിഭാഗത്തില്‍ ഒരു ഫണ്ടും മിഡ് ക്യാപ് കാറ്റഗറിയില്‍ ആറ് ഫണ്ടുകളും ഈ നേട്ടം സ്വന്തമാക്കി. ഉയര്‍ന്ന റിസ്‌കിനൊപ്പം കൂടുതല്‍ നേട്ടം നല്‍കാന്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ക്കായി. ഈ കാറ്റഗറിയിലെ 18 ഫണ്ടുകളാണ് അഞ്ച് വര്‍ഷക്കാലയളവിലെ എസ്.ഐ.പി നിക്ഷേപത്തിന് 30 ശതമാനത്തിലേറെ ആദായം നല്‍കിയത്. ടാക്‌സ് സേവിങ്(ഇഎല്‍എസ്എസ്)വിഭാഗത്തിലാകട്ടെ മൂന്ന് ഫണ്ടുകളും 30 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. താരതമ്യേന കുറഞ്ഞ റിസ്‌കില്‍ സ്ഥിരതയാര്‍ന്ന നേട്ടം നല്‍കുന്ന ലാര്‍ജ് ക്യാപ് വിഭാഗത്തിലെ ഫണ്ടുകളൊന്നും 30 ശതമാനം നേട്ടത്തിലെത്തിയില്ല. അഞ്ച് വര്‍ഷക്കാലയളവില്‍ ഈ വിഭാഗത്തിലെ ഉയര്‍ന്ന നേട്ടം 26.66 ശതമാനമാണ്.
ശരാശരി റിട്ടേണ്‍
ഫ്‌ളക്‌സി ക്യാപ് വിഭാഗത്തിലെ ഫണ്ടുകളുടെ അഞ്ച് വര്‍ഷത്തെ ശരാശരി റിട്ടേണ്‍ 22.73 ശതമാനമാണ്. ഈ വിഭാഗം ഫണ്ടുകള്‍ ആധാരമാക്കിയിട്ടുള്ള സൂചികയായ നിഫ്റ്റി 500 ടിആര്‍ഐ ആകട്ടെ ഈ കാലയളവില്‍ 22.64 ശതമാനമാണ് നല്‍കിയിട്ടുള്ള റിട്ടേണ്‍. അതായത് സൂചികയേക്കാളും 10ശതമാനത്തോളം കൂടുതല്‍ ആദായം നല്‍കാന്‍ നിരവധി ഫണ്ടുകള്‍ക്ക് കഴിഞ്ഞു. ലാര്‍ജ് ക്യാപ് ഫണ്ടുകളുടെ ശരാശരി റിട്ടേണ്‍ 25.1 ശതമാനവും സൂചികയായ നിഫ്റ്റി ലാര്‍ജ് മിഡ്ക്യാപ് 250 സൂചികയിലെ നേട്ടം 25.84 ശതമാനവുമാണ്. സ്‌മോള്‍ ക്യാപ് വിഭാഗത്തിലാകട്ടെ ശരാശരി ആദായം 34.59 ശതമാനവും സൂചികയിലെ റിട്ടേണ്‍ 35.19 ശതമാനവുമാണ്. ഈ വിഭാഗത്തിലെ ഫണ്ട് നല്‍കിയ ഉയര്‍ന്ന റിട്ടേണ്‍ 51.39 ശതമാനമാണ്.
നിക്ഷേപിക്കും മുമ്പ്
ഉയര്‍ന്ന റിട്ടേണ്‍ ആയിരിക്കരുത് നിക്ഷേപം നടത്താനുള്ള മാനദണ്ഡം. റിസ്‌ക് എടുക്കാനുള്ള കഴിവ് വിലയിരുത്തി വ്യത്യസ്ത കാറ്റഗറികളിലെ ഫണ്ടുകളില്‍ നിക്ഷേപ അനുപാതം ക്രമീകരിക്കാം. വിവിധ വിപണി സാഹചര്യങ്ങളില്‍ ഏത് കാറ്റഗറിയിലെ ഫണ്ടുകളാണ് മുന്നേറ്റം നടത്തുകയെന്ന് പ്രവചിക്കുക അസാധ്യം. ഫണ്ടുകളുടെ പ്രകടനവും നിര്‍ണായകമാണ്.
ഓഹരി അധിഷ്ഠിത പദ്ധതികളില്‍ ആദ്യമായാണ് നിക്ഷേപിക്കുന്നതെങ്കില്‍ അഗ്രസീവ് ഹൈബ്രിഡ് വിഭാഗത്തിലെ ഫണ്ടുകളായിരിക്കും അനുയോജ്യം. കുറഞ്ഞ റിസ്‌കില്‍ സ്ഥിരതയാര്‍ന്ന നേട്ടമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ലാര്‍ജ് ക്യാപ് ഫണ്ടുകളും കുറച്ചുകൂടി റിസ്‌കില്‍ കൂടുതല്‍ ആദായം ലഭിക്കുന്നതിനായി ലാര്‍ജ് ആന്‍ഡ് മിഡ് ക്യാപ് കാറ്റഗറിയിലെ ഫണ്ടുകളും നിക്ഷേപത്തിനായി പരിഗണിക്കാം. മിഡ് ക്യാപിനെ അപേക്ഷിച്ച് സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ക്ക് നഷ്ടസാധ്യത കൂടുതലാണ്. കോവിഡിന് ശേഷം നിക്ഷേപം തുടങ്ങിയവരില്‍ ഭൂരിഭാഗംപേരും നെഗറ്റീവ് റിട്ടേണ്‍ കണ്ടിട്ടുണ്ടാവില്ല. ഓഹരി അധിഷ്ഠിത പദ്ധതികളില്‍ അതിന് സാധ്യത ഏറെയാണെന്നകാര്യം മറക്കരുത്. നഷ്ടംമറികടന്ന് മികച്ച നേട്ടമുണ്ടാക്കനുള്ള നിക്ഷേപതന്ത്രം നിര്‍ണായകമാണ്.
ശ്രദ്ധിക്കാന്‍: അഞ്ച് വര്‍ഷത്തെ എസ്.ഐ.പി റിട്ടേണ്‍ മാത്രം പരിഗണിച്ചാണ് മുകളിലെ ഫണ്ടുകള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. വ്യത്യസ്ത വര്‍ഷങ്ങളിലെ റിട്ടേണ്‍ കണക്കുകളില്‍ ഫണ്ടുകളുടെ നേട്ടം കൂടിയും കുറഞ്ഞുമിരിക്കുമെന്നകാര്യം ശ്രദ്ധിക്കുക. വിപണിയിലെ നിക്ഷേപ സ്വാഭാവവും ഇടപെടലിന്റെ പ്രത്യേകതയുമായിരിക്കും ഈ ഫണ്ടുകളുടെ ഭാവിയിലെ നേട്ടത്തിന്റെ അടിസ്ഥാനം. അതുകൊണ്ടുതന്നെ ഈ നേട്ടം ഭാവിയില്‍ ആവര്‍ത്തിക്കണമെന്നില്ല. വിദഗ്ധ ഉപദേശത്തോടെ മാത്രം നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുക. വര്‍ഷത്തിലൊരിക്കലെങ്കിലും ഫണ്ടുകളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുക.
Content Highlights: 30 Funds Leading the Gains: Over 30% Return in Five Years Column by Dr. Antony C Davis
Published: 30 Apr 2024, 12:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented