പല വര്‍ണങ്ങളില്‍ പല രൂപങ്ങളില്‍ സൂപ്പര്‍ കംഫിര്‍ട്ടബിളായ ഒരു ലക്ഷ്വറി ബ്രാന്‍ഡ്.. ക്രോക്‌സ് ഫൂട്ട്‌വെയര്‍ എന്നാല്‍ പലരുടേയും സ്വപ്‌ന ബ്രാന്‍ഡുകളിലൊന്നാണ്. നിറയെ ദ്വാരങ്ങളുള്ള വിചിത്രമായ ഡിസൈനിലിറങ്ങിയ ക്രോക്‌സ് ഒരിക്കല്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട ഉത്പന്നങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? ബോട്ട് തൊഴിലാളികള്‍ ജോലി സമയത്ത് മാത്രം  ഉപയോഗിച്ചിരുന്ന ഒന്നായിരുന്ന ക്രോക്‌സ് എന്നുപറഞ്ഞാല്‍ അതും വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ അങ്ങനെയൊരു ചരിത്രവും ക്രോക്‌സിനുണ്ട്. ഏറ്റവും വെറുക്കപ്പെട്ടിടത്ത് നിന്നാണ് ആധുനിക ഷൂസിന്റെ ഫാഷന്‍ ഐക്കണായി ക്രോക്‌സ് വളര്‍ന്നത്. എല്ലാവരാലും തള്ളിപ്പറയപ്പെട്ട, വികൃതരൂപം എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ക്രോക്‌സ് എങ്ങനെ ഇത്ര സൂപ്പര്‍ ലക്ഷ്വറി ആയി? ക്രോക്‌സിന്റെ അവിശ്വസനീയമായ ആ യാത്ര എന്തായിരുന്നു?

To advertise here,

ആരാണ്, എന്താണ് ക്രോക്‌സ്? 

യുഎസ്സിലെ കൊളാറോഡോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ ഫൂട്‌വെയര്‍ ബ്രാന്‍ഡ് ആണ് ക്രോക്‌സ് ഇന്‍ക്. ക്രോക്‌സ് എന്ന ബ്രാന്‍ഡ് നെയിമില്‍ ഫോം പാദരക്ഷകള്‍ നിര്‍മിക്കുകയും മാര്‍ക്കറ്റിലിറക്കുകയുമാണ് ക്രോക്‌സ് ഇന്‍ക് ചെയ്യുന്നത്. ക്ലോഗ്‌സ് എന്നാണ് ഷൂ പോലെയുള്ള ഇവരുടെ ചെരിപ്പുകള്‍ അറിയപ്പെടുന്നത്. 13 ദ്വാരങ്ങളായിരിക്കും ഓരോ ക്ലോഗ്‌സിലും ഉള്ളത്. പാദങ്ങള്‍ക്ക് ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കാനാണ് ഈ ദ്വാരങ്ങള്‍. ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഈ ദ്വാരങ്ങളില്‍ ആക്‌സസറികള്‍ വെച്ച് അലങ്കരിക്കാം. ഇതിനായി ജിബിറ്റുകളും ക്രോക്‌സ് പുറത്തിറക്കുന്നുണ്ട്. ക്രോസ്‌ലൈറ്റ് (Croslite) എന്ന പ്രത്യേക മെറ്റീരിയലാണ് ഇവ നിര്‍മിക്കാനായി ഉപയോഗിക്കുന്നത്. എഥിലിന്‍ വിനൈന്‍ അസറ്റേറ്റ് എന്ന പോളിമറില്‍ നിന്ന് നിര്‍മിക്കുന്നതാണ് ക്രോസ്‌ലൈറ്റ്. റബറിനേക്കാളും പ്ലാസ്റ്റിക്കിനേക്കാളും ഗുണനിലവാരം കൂടിയ മെറ്റീരിയലാണ് ഇത്. കൂടുതല്‍ കാലം നിലനില്‍ക്കുന്നതും വെള്ളം തങ്ങിനില്‍ക്കാത്ത ബാക്ടീരിയകള്‍ രൂപപ്പെടുന്നതിനെ തടയുന്ന 40 ശതമാനം കൂടുതല്‍ ഷോക്ക് അബ്‌സോര്‍ബിങ്ങ് കപ്പാസിറ്റിയും ക്രോസ്‌ലൈറ്റിനുണ്ട്. 

placeholder
crocs with jibbitz
ക്രോക്സ് ജിബിറ്റുകള്‍

കാനഡയിലെ ക്യൂബേകില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോം ക്രിയേഷന്‍ കമ്പനിയിലെ ആന്‍ഡ്രൂ റെഡ്ഡിഹോഫാണ് ക്രോക്‌സിന്റെ ആദ്യത്തെ രൂപം ഡിസൈന്‍ ചെയ്തത്. വാട്ടര്‍ ആക്ടിവിറ്റികള്‍ക്ക് അനുയോജ്യമായതും സുഖപ്രദവും വെള്ളം പറ്റിയാല്‍ വഴുതിപ്പോവാത്ത തരത്തില്‍ സ്ലിപ് റെസിസ്റ്റന്റ് ആയതും വെള്ളത്തില്‍ പൊങ്ങിക്കിടക്കാനായി ലൈറ്റ് വെയ്റ്റ് ആയതുമായ ബോട്ട് ഷൂ ആണ് അന്ന് നിര്‍മിച്ചത്. വെള്ളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് യോജിക്കുന്ന തരത്തിലായിരുന്ന ആ ഷൂസിന്റെ നിര്‍മാണ്. അന്നതിന് ക്രോക്‌സ് എന്നുള്ള ബ്രാന്‍ഡ് പേരൊന്നും ഉണ്ടായിരുന്നില്ല. വെറും ബൂട്ട് ഷൂ എന്നായിരുന്നു ആ പാദരക്ഷകള്‍ അറിയപ്പെട്ടിരുന്നതെങ്കിലും സുഖപ്രദമായതിനാല്‍ തന്നെ ഈ ഷൂ ബോട്ട് തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലെത്തി. ഈ ഷൂസാണ് ഇന്ന് കാണുന്ന ക്രോക്സ് ബ്രാന്‍ഡായി വളര്‍ന്നത്.  

ഫൂട്ട്‌വെയര്‍ ബ്രാന്‍ഡിന് എന്ത് പേര്‍ നല്‍കുമെന്ന ആലോചനകള്‍ക്കിടെ വളരെ അവിചാരിതമായാണ് ക്രോക്‌സ് എന്ന പേര് കമ്പനിയുടെ സ്ഥാപകര്‍ക്ക് ലഭിച്ചത്.  ക്ലോഗ്‌സ് ഷൂസിനെ ഒരുവശത്ത് നിന്ന് നോക്കുമ്പോള്‍ മുതലയുടെ മുന്‍വശം പോലെയുണ്ടെന്നായിരുന്നു മൂവര്‍സംഘം കണ്ടെത്തിയത്. അതിനാലാണ് ക്രോക്‌സ് എന്ന പേരിട്ടത്. ക്രോക്‌സ് നിര്‍മിക്കുന്ന മെറ്റീരിയലിന്റെ പേരായ ക്രോസ്‌ലൈറ്റിനോട് സമാനമായ പേരാണ് ക്രോക്‌സ് എന്നതും യാദൃശ്ചികം

placeholder
crocs founders
സ്‌കോട്ട് സീമാന്‍സ്, ലിന്റന്‍ ഹാന്‍സണ്‍, ജോര്‍ജ് ബോഡെക്കര്‍

ക്രോക്‌സിന്റെ തലവര മാറ്റിയ 2000

2000ല്‍ സ്‌കോട്ട് സീമാന്‍സ്, ലിന്റന്‍ ഹാന്‍സണ്‍, ജോര്‍ജ് ബോഡെക്കര്‍ എന്ന് മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഒരു യാത്രയാണ് ഇന്നുകാണുന്ന ക്രോക്‌സിന്റെ പിറവിയിലേക്ക് നയിച്ചത്. പുതിയതും സാധ്യതയുള്ളതുമായ ഒരു ബിസിനസ് ആശയം രൂപീകരിക്കാനുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു മൂവരും. അതിനിടെ കരീബിയന്‍ കടലിലൂടെ ഒരു യാത്രയ്ക്കിടെയാണ് ബോട്ട് ഡ്രൈവര്‍ ധരിച്ചിരുന്ന ഒരു പ്രത്യേക തരം ബോട്ട് ഷൂ ഇവരുടെ കണ്ണിലുടക്കിയത്. കാഴ്ചയില്‍ തന്നെ അല്‍പം വ്യത്യസ്തകളുള്ള ലൈറ്റ് വെയ്റ്റും സൂപ്പര്‍ കംഫര്‍ട്ടബളുമായ ആ ഷൂ അവരുടെ ശ്രദ്ധയാകര്‍ഷിച്ചു. സവിശേഷമായ പ്രത്യേകതകളുള്ള ക്രോസ്‌ലൈറ്റ് മെറ്റീരിയില്‍ ഉപയോഗിച്ച് ചെരിപ്പുകള്‍ നിര്‍മിച്ച് വില്‍പന നടത്തിയാലോ എന്ന ആലോചനയില്‍ അവര്‍ ഷൂവിനെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയുകയും പാറ്റന്റ് വാങ്ങുന്നതടക്കമുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് കാനഡക്കാരനായ ആന്‍ഡ്രൂ റെഡ്ഡിഹോഫില്‍ നിന്ന് ഫോം ക്രിയേഷന്‍സിനെ ഏറ്റെടുത്ത് മൂവരും ചേര്‍ന്ന് ക്രോക്‌സ് കമ്പനിക്ക് രൂപം നല്‍കി. 2002ലായിരുന്നു കമ്പനി രൂപീകരിച്ചത്. 

ക്രോക്‌സിന്റെ വിജയസാധ്യതയെ കുറിച്ച് ഇവര്‍ക്ക് ആദ്യം ഏറെ സംശയങ്ങളുണ്ടായിരുന്നു. നിറയെ ദ്വാരങ്ങളുള്ള ക്രോക്‌സ് ഷൂവിന്റെ വിചിത്രമായ ഡിസൈനും കടുംനിറങ്ങളുമായിരുന്നു ആയിരുന്നു ആദ്യത്തേത്. എങ്കിലും സാധ്യതകളെ തള്ളിക്കളയാതെ ക്രോക്‌സ് ഷൂസുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. അങ്ങനെ 2002ലാണ് ക്രോക്‌സ് 'ദി ബീച്ച്' എന്ന പേരില്‍ തങ്ങളുടെ ആദ്യത്തെ ഷൂ പുറത്തിറക്കിയത്. അമേരിക്കയില്‍ നടന്ന ഫോര്‍ട്ട് ലൊഡേര്‍ഡേല്‍ ബോട്ട് ഷോയില്‍ ആണ് ഷൂ ലോഞ്ച് ചെയ്തത്. സ്‌നീക്കേര്‍സ്, ബൂട്ട്, ബ്രോഗ്, മൊക്കാസിന്‍, കോര്‍ട്ട്, ഡെര്‍ബി തുടങ്ങി നിരവധി മോഡല്‍ ഷൂസുകള്‍ ഫാഷന്‍ ലോകത്ത് തിളങ്ങിനിന്നിരുന്ന കാലത്ത് കാഴ്ചയില്‍ വിചിത്രമായ ഷൂ ആരെങ്കിലും വാങ്ങുമോ എന്ന സംശയമായിരുന്നു ക്രോക്‌സ് സംഘത്തിനുണ്ടായിരുന്നത്. എന്നാല്‍ എല്ലാത്തരം ആശങ്കകളേയും നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ദി ബീച്ചിന് ലഭിച്ച പ്രതികരണം. ഷോയില്‍ എത്തിച്ച 200 ജോഡി ഷൂസുകളും ചെറിയ സമയത്തിനുള്ളില്‍ തന്നെ വിറ്റുപോയി. ഇതോടെ ഇവര്‍ കൂടുതല്‍ ഷൂ നിര്‍മിക്കാന്‍ ആരംഭിച്ചു. പിന്നീട് പലതരം ഷോകളിലും പരിപാടികളിലും കൂടുതല്‍ ഷൂസുകള്‍ എത്തിച്ചുകൊണ്ട് തങ്ങളുടെ ക്ലോഗുകളെ ആളുകള്‍ക്ക് പരിചയപ്പെടുത്താന്‍ തുടങ്ങി. തുടക്കത്തില്‍ വില്‍പനയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നെങ്കിലും പതിയ ക്ലോഗുകളെ ആളുകള്‍ ഏറ്റെടുത്തു. വിചിത്രമായ ഡിസൈനും അത് ധരിക്കുമ്പോള്‍ കിട്ടുന്ന സമാനതകളില്ലാത്ത സുഖവും ക്രോക്‌സിനെ ബോട്ടേഴ്‌സിന്റെ ഇടയ്ക്ക് മാത്രമല്ല സാധാരണക്കാരെ പോലും ആകര്‍ഷിച്ചു. ലോകത്തിന്റെ, ജീവിതത്തിന്റെ പലതലങ്ങളിലുള്ളവര്‍ ക്രോക്‌സിനെ അവര്‍ക്കൊപ്പം കൂട്ടി. സെലിബ്രിറ്റികള്‍ പോലും ക്രോക്‌സിന്റെ ആരാധകരായി മാറി. 

placeholder
crocs

ക്ലോഗ് ഷൂ ആരാധകപ്രീതി നേടി വിപണി പിടിക്കുന്നതിനിടെ ക്രോക്‌സ് കൂടുതല്‍ ഫൂട്‌വെയറുകള്‍ പുറത്തിറക്കുകയും റീബ്രാന്‍ഡിങ്ങില്‍ ശ്രദ്ധിക്കുകയും ചെയ്തു. പലനിറങ്ങളിലും ഡിസൈനിലുമുള്ള ഷൂസുകള്‍ ക്രോക്‌സ് പുറത്തിറക്കി. 2005ലാണ് ക്രോക്‌സ് അവരുടെ ലോഗോ പുതുക്കി പുറത്തിറക്കിയത്. അവരുടെ ആദ്യത്തെ പരസ്യ ക്യാംപയിന്‍ പുറത്തിറക്കിയതും അതേസമയത്തായിരുന്നു. അന്ന് ക്രോക്‌സ് പുറത്തിറക്കിയ പരസ്യത്തിന്റെ പേര് 'അഗ്ലി കാന്‍ ബി ബ്യൂട്ടിഫുള്‍' എന്നായിരുന്നു ക്യാംപയിനിന്റെ പേര്. അമേരിക്കന്‍ പരസ്യ ഏജന്‍സി തയ്യാറാക്കിയ ഈ ക്യാംപയിന്‍ വലിയ ഹിറ്റാവുകയും സ്റ്റോക്ക് മാര്‍ക്കറ്റിലേക്കുള്ള ക്രോക്‌സിന്റെ വഴിയൊരുക്കുകയും ചെയ്തു. 2006ല്‍ ക്രോക്‌സ് അമേരിക്കന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നാസ്ഡാകില്‍ (NASDAQ) ലിസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ക്രോക്‌സ് നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കാനും ആരംഭിച്ചു. ആദ്യഘട്ടത്തില്‍ തന്നെ 200 മില്ല്യണ്‍ ഡോളര്‍ ആണ് ക്രോക്‌സ് സമാഹരിച്ചത്. അതോടെ യുഎസ്സില്‍ മാത്രമുണ്ടായിരുന്ന ക്രോക്‌സ് അതിര്‍ത്തികള്‍ കടന്ന് അന്താരാഷ്ട്രതലത്തില്‍ വിപുലീകരിക്കാനും ആരംഭിച്ചു. 40ല്‍ രാജ്യങ്ങളിലേക്ക് ക്രോക്‌സ് തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ തുറന്നു. വിപണി വ്യാപിച്ചതോടെ ക്ലോഗ്‌സിന് പുറമേ ക്രോക്‌സ് ചെരിപ്പുകള്‍, ബൂട്ടുകള്‍, സ്‌നീക്കറുകള്‍ എന്നിവയുള്‍പ്പെടെ പുതിയ കാലത്തിനും ഡിമാന്‍ഡിനും ചേരുന്ന തരത്തിലുള്ള പാദരക്ഷകള്‍ പുറത്തിറക്കാന്‍ തുടങ്ങി. ഫാഷന്‍ ട്രെന്‍ഡിനൊത്ത ഡിസൈനില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ളതായിരുന്നു എല്ലാ ഉത്പന്നങ്ങളും. എന്നാല്‍ ഗുണനിലവാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ചയും ഉണ്ടായില്ല. 

20 വര്‍ഷത്തെ യാത്രയ്ക്കിടെ രണ്ട് തവണ മാത്രമാണ് ക്രോക്‌സ് അവരുടെ ലോഗോ മാറ്റിയത്. ക്രോക്‌സ് എന്ന വാക്കിനൊപ്പം ചിരിക്കുന്ന മുതലയുടെ ചിത്രം കൂടി ചേരുന്നതാണ് ക്രോക്‌സ് ലോഗോ. 2002ല്‍, ക്രോക്‌സിന്റെ തുടക്കകാലത്തുണ്ടായിരുന്ന ലോഗോയില്‍ 'ഗെറ്റ് എ ഗ്രിപ്പ്' എന്നുകൂടി ഉണ്ടായിരുന്നു. പച്ചയും കറുപ്പും നിറത്തിലായിരുന്നു ലോഗോ. 2005ലാണ് നിലവിലുള്ള ലോഗോ പുറത്തിറക്കിയത്. കറുത്ത നിറത്തില്‍ ക്രോക്‌സ് എന്ന വാക്കും മുതലയും ചേരുന്നതായിരുന്നു പുതുക്കിയ ലോഗോ. 'ഗെറ്റ് എ ഗ്രിപ്പ്' എന്ന വാക്ക് ലോഗോയില്‍ നിന്നും ഒഴിവാക്കി.  

placeholder
crocs

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ക്രോക്‌സ് ആര്‍.എക്‌സ് കമ്പനി പുറത്തിറക്കിയത് 2006ലാണ്. അതേവര്‍ഷം തന്നെയാണ് ക്ലോഗ്‌സ് ഷൂകളിലെ ദ്വാരങ്ങളില്‍ സ്‌നാപ് ചെയ്യുന്ന ആക്‌സസറികളുടെ നിര്‍മാതാക്കളായ ജിബിറ്റ്‌സ് എന്ന കമ്പനിയെ ക്രോക്‌സ് കമ്പനി പത്ത് മില്ല്യണ്‍ ഡോളറിന് വാങ്ങിയത്. നിറയെ ദ്വാരങ്ങളുള്ള ക്രോക്‌സ് ഷൂ മാര്‍ക്കറ്റില്‍ ഹിറ്റ് ആയപ്പോള്‍ ബിസിനസ് ദമ്പതികളായ ഷെറി ഷെമെല്‍സറും റിച്ച് ഷെമല്‍സറും ചേര്‍ന്ന് ആരംഭിച്ച കമ്പനിയാണ് ജിബിറ്റ്‌സ്. ക്രോക്‌സിനൊപ്പം ജിബിറ്റിസ് മാര്‍ക്കറ്റിലിറക്കിയ മിനി ഫോക്‌സ് ഫ്‌ളവര്‍, ബട്ടണ്‍ തുടങ്ങിയ ആക്‌സസറികളും വന്‍ പ്രചാരം നേടിയിരുന്നു. ഇവയുടെ ബിസിനസ് സാധ്യതകള്‍ കൂടി തിരിച്ചറിഞ്ഞാണ് ജിബിറ്റ്‌സ് ആരംഭിച്ച് ഒരു വര്‍ഷത്തിനിപ്പുറത്ത് ക്രോക്‌സ് കമ്പനി ജിബിറ്റ്‌സിനെ വാങ്ങിയത്. പത്ത് മില്ല്യണ്‍ ഡോളര്‍ മാത്രമല്ല, പ്രതീക്ഷിച്ച ലാഭം നേടാന്‍ കഴിഞ്ഞാല്‍ പത്ത് മില്ല്യണ്‍ ഡോളര്‍ കൂടി അധികമായി നല്‍കാമെന്നും ക്രോക്‌സ് ജിബിറ്റിന് ഉറപ്പ് നല്‍കിയിരുന്നു. 

2007 ആയപ്പോഴേക്കും പ്രശസ്തിയുടേയും ലാഭത്തിന്റേയും കൊടുമുടിയിലായിരുന്നു ക്രോക്‌സ്. ലോകത്തെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളിലൊന്നായി ക്രോക്‌സ് മാറിയിരുന്നു. ആറ് ബില്ല്യണ്‍ ഡോളറായിരുന്നു അന്ന് ക്രോക്‌സിന്റെ വിപണി മൂലധനം. വെറും അഞ്ച് വര്‍ഷം കൊണ്ടാണ് ക്രോക്‌സ് ഈ നേട്ടം കൈവരിച്ചത്. അമേരിക്കയില്‍ ആദ്യത്തെ റീട്ടെയില്‍ സ്‌റ്റോര്‍ തുറന്നതും ആ വര്‍ഷമായിരുന്നു. അന്നുമുതല്‍ നൂറുകണക്കിന് ക്രോക്‌സ് റീട്ടെയില്‍ ഷോപ്പുകള്‍ ലോകത്താകമാനം തുറന്നു. ആ വര്‍ഷം തന്നെയാണ് ക്രോസ് ലൈറ്റിന് പുറമേ മറ്റ് മെറ്റീരിയലുകള്‍ ഉപയോഗിച്ച് പാദരക്ഷകള്‍ നിര്‍മിക്കുന്നതിലേക്കും ക്രോക്‌സ് എത്തിയത്. തുകല്‍, വിനൈല്‍ അസറ്റേറ്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള പാദരക്ഷകള്‍ നിര്‍മിക്കുന്ന കമ്പനിയെ 1.75 മില്ല്യണ്‍ ഡോളറിനാണ് ക്രോക്‌സ് സ്വന്തമാക്കിയത്. ക്രോക്‌സ് തങ്ങളുടെ ഉത്പാദനം വീണ്ടും വര്‍ധിച്ചു, വിപണി വിപുലീകരിച്ചു. 

placeholder
Photo: Crocs

എന്നാല്‍ 2007-08 കാലത്ത് അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി ക്രോക്‌സിന് നേരിടേണ്ടി വന്നു. കമ്പനിയുടെ വരുമാനം കുറഞ്ഞു, ഓഹരി വിലയില്‍ 30 ശതമാനം വരെ ഇടിവുണ്ടായി. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നു. നൂറോളം റീട്ടെയില്‍ ഷോപ്പുകള്‍ അടച്ചുപൂട്ടി. ഡിമാന്‍ഡ് കുറവുള്ള പാദരക്ഷകളുടെ ഉത്പാദനം നിര്‍ത്തലാക്കുകയും ചെയ്തു. പ്രതിസന്ധി നേരിടാന്‍ നിരവധി വഴികളാണ് അന്ന് കമ്പനി സ്വീകരിച്ചത്. നേതൃത്വത്തെ മാറ്റുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 2010ല്‍ നിരവധി ഫാഷന്‍ ബ്രാന്‍ഡുകളുമായി സഹകരിച്ച് ക്രോക്‌സിനെ വീണ്ടും മാര്‍ക്കറ്റില്‍ ലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ച് ക്രോക്‌സ് നിര്‍മിക്കുന്ന 'യൂ ബേക്ക് ക്രോക്‌സ്' സംവിധാനം, സ്‌ട്രെച്ചബിള്‍ മെറ്റീരിയല്‍, സമ്മര്‍ കളക്ഷന്‍സ് എന്നിവയൊക്കെ ഇറക്കിയത് പുറത്തിറക്കിയും ഇതേ കാലയളവിലാണ്. ഉത്പന്നശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കായികതാരങ്ങള്‍ക്കുള്ള ക്രോക്‌സുകള്‍ പുറത്തിറക്കിയതും ആ സമയത്ത് തന്നെയായിരുന്നു. ക്രോക്‌സ് ലൈറ്റ് റൈഡായിരുന്നു അതില്‍ പ്രധാനപ്പെട്ട ഷൂ. പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും പഴയ വിപണി പിടിക്കാന്‍ ആദ്യഘട്ടത്തില്‍ ക്രോക്‌സിന് സാധിച്ചില്ല. 

placeholder
prince george
ക്രോക്സ് ധരിച്ച ജോര്‍ജ് രാജകുമാരന്‍

ജോര്‍ജ് രാജകുമാരനിട്ട കുട്ടി ക്രോക്‌സ്

തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ പലവിധത്തില്‍ തുടരുന്നതിനിടെയാണ് നീലനിറത്തിലുള്ള കുഞ്ഞു ക്രോക്‌സ് ഷൂ ധരിച്ച് ബ്രിട്ടണിലെ ജോര്‍ജ് രാജകുമാരന്റെ ചിത്രങ്ങള്‍  പുറത്തുവന്നത്. മാതാപിതാക്കളായ വില്ല്യം രാജകുമാരനും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിക്കുമൊപ്പം 2015ല്‍ ഒരു ചാരിറ്റിപരിപാടിയുമായി ബന്ധപ്പെട്ട പോളോമാച്ചിനിടയിലെ മനോഹരമായ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പടര്‍ന്നത്. നീല ഷോര്‍ട്ട്‌സും നീലനിറത്തിലുള്ള സ്വെറ്റ്ഷര്‍ട്ടും വി നെക്ക് കാര്‍ഡിഗനും ധരിച്ചുള്ള ജോര്‍ജിന്റെ ചിത്രത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നതിനൊപ്പം ജോര്‍ജ് ധരിച്ച കുഞ്ഞു ക്രോക്‌സും ശ്രദ്ധനേടി. സുഖത്തിനും സൗകര്യത്തിനുമൊപ്പം ഫാഷനും കൂടി ഏറെ ശ്രദ്ധപുലര്‍ത്തുന്ന രാജകുടുംബത്തിന്റെ വാഡ്‌റോബില്‍ ക്രോക്‌സും ഇടം നേടിയത് കമ്പനിക്ക് നല്‍കിയ മൈലേജ് ചെറുതൊന്നുമായിരുന്നില്ല. ഇതോടെ ക്രോക്‌സിന് പുതിയ രാജകീയ പരിവേഷവും ലഭിച്ചു. ഒപ്പം തളര്‍ന്നുകിടന്നിടത്ത് നിന്ന് ക്രോക്‌സ് വീണ്ടും ശക്തിയാര്‍ജിക്കാനും തുടങ്ങി. ക്രോക്‌സ് ധരിച്ച് ജോര്‍ജ് രാജകുമാരന്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വലിയ വിപണി മുന്നേറ്റമാണ് ക്രോക്‌സ് ഉണ്ടാക്കിയത്. ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ക്രോക്‌സിന് മാര്‍ക്കറ്റിലുണ്ടായ വന്‍ കുതിച്ചുചാട്ടം.

2016'ലാണ് ക്രോക്‌സ് തങ്ങളുടെ കച്ചവടത്തില്‍ വലിയ നാഴികക്കല്ല് പിന്നിട്ടത്. പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ അഞ്ച് കോടി ക്രോക്‌സ് പാദരക്ഷകളുടെ വില്‍പന പൂര്‍ത്തിയാക്കിയത് ഈ വര്‍ഷമായിരുന്നു. പാദരക്ഷകളുടെ മാര്‍ക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിക്കൊണ്ടിരിക്കുന്നതിനിടെ സെലിബ്രിറ്റികളുമായി സഹകരിച്ചും ക്രോക്‌സ് കച്ചവടം വര്‍ധിപ്പിച്ചു. ജസ്റ്റിന്‍ ബീബറുമായി പോലും ക്രോക്‌സ് കൈകോര്‍ത്തു. മാര്‍ക്കറ്റില്‍ ഇറക്കിയ ലിമിറ്റഡ് എഡിഷന്‍ പാദരക്ഷകളെല്ലം ഹിറ്റായി. 2017ല്‍ ഏകദേശം 300 മില്ല്യണ്‍ ജോഡി ചെരിപ്പുകള്‍ ക്രോക്‌സ് വിറ്റഴിച്ചിരുന്നു. അഗ്ലി ഫാഷന്‍ ട്രെന്‍ഡായി ലോകം ക്രോക്‌സിനെ ഏറ്റെടുത്തു. യുവാക്കളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ക്രോക്‌സിന്റെ സൗകര്യവും സുഖവും തേടി.

placeholder
justin bieber in crocs
ക്രോക്സ് ധരിച്ച ജസ്റ്റിന്‍ ബീബര്‍

2018ല്‍ ക്രോക്‌സ് മെക്‌സിക്കോയിലേയും ഇറ്റലിയിലേയും നിര്‍മാണ പ്ലാന്റുകള്‍ അടച്ചുപൂട്ടി. അടുത്തവര്‍ഷം കോവിഡ് മഹാമാരി എല്ലാ ബിസിനസ്സിനേയുമെന്നപോലെ ക്രോക്‌സിനെ ബാധിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ബിസിനസ് വളര്‍ത്തി. കോവിഡ് സമയത്ത് ലോകത്തെങ്ങുമുള്ള നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ക്രോക്‌സ് ലക്ഷക്കണക്കിന് ഷൂസുകള്‍ സൗജന്യമായി നല്‍കി. കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരമായിരുന്നു സൗജന്യ ഷൂ വിതരണമെന്നാണ് ക്രോക്‌സ് പറഞ്ഞതെങ്കിലും കോവിഡ് കാലത്ത് വന്‍കിട ബ്രാന്‍ഡുകള്‍ സ്വീകരിച്ച വമ്പന്‍ മാര്‍ക്കറ്റിങ് തന്ത്രങ്ങളിലൊന്നായിരുന്നു അത്. 

2020 മുതല്‍ ക്രോക്‌സിന്റെ വില്‍പനയില്‍ പ്രതിവര്‍ഷം രണ്ടക്ക ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒട്ടുമിക്ക ലൈഫ്‌സ്റ്റൈല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ബെസ്റ്റ്‌സെല്ലര്‍ പാദരക്ഷ ബ്രാന്‍ഡായി ക്രോക്‌സ് മാറി. 29509 കോടി രൂപയുടെ നെറ്റ് വരുമാനമാണ് ക്രോക്‌സിന് ഇന്നുള്ളത്. ക്രോക്‌സിന്റെ സ്‌റ്റൈല്‍ ഹിറ്റ് ആയതോടെ വന്‍കിട ആഗോള ഫൂട്‌വെയര്‍ ബ്രാന്‍ഡുകളില്‍ പലരും ക്ലോഗ് സ്‌റ്റൈലുകള്‍ പകര്‍ത്തിയിട്ടുണ്ട്. ഇന്ന് കേരളത്തിലെ ചെറുതെരുവുകളില്‍ പോലും ക്ലോഗ്‌സിന് സമാനമായ ഷൂസുകള്‍ ചെറിയ വിലയ്ക്ക് ലഭിക്കും.  

placeholder
crocs
Photo: Crocs

ലോകത്തെ ഏറ്റവും മോശപ്പെട്ട ഉത്പന്നം !

ഒരുവശത്ത് ക്രോക്‌സിന്റെ ജനപ്രീതിയും പ്രശസ്തിയും വര്‍ധിക്കുമ്പോള്‍ ക്രോക്‌സിന്റെ വിചിത്രമായ ഡിസൈനെ വിമര്‍ശിച്ച് എത്തുന്നവരും കുറവല്ലായിരുന്നു. ക്ലോഗ് ഷൂസുകള്‍ക്ക് ലോകത്തെങ്ങും ആരാധകര്‍ മാത്രമല്ല വെറുക്കുന്നവരും ഏറെയാണ്. വിചിത്രമായ രൂപമാണ് അതില്‍ പ്രധാനം. കോമാളികള്‍ ധരിക്കുന്നത് പോലെയാണ് ക്ലോഗുകളുടെ രൂപമുള്ളത്. അത് ഒരിക്കലും ഭംഗിയുള്ളതല്ലെന്ന് ക്രോക്‌സ് വിരുദ്ധര്‍ പറയുന്നു. 

പ്രശംസിക്കപ്പെടുന്ന തരത്തിലുള്ള കംഫര്‍ട്ട് ക്രോക്‌സിനില്ലെന്ന് മറ്റുചിലര്‍ പറയുന്നു. 13 ദ്വാരങ്ങള്‍ പാദങ്ങള്‍ക്ക് വായുസഞ്ചാരം ലഭിക്കാനായി ഉപയോഗിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ മഞ്ഞ് അധികമുള്ള മഴ കൂടുതലുള്ള രാജ്യങ്ങളില്‍ ക്രോക്‌സ് ധരിക്കുന്നവര്‍ ഈ ദ്വാരങ്ങളിലൂടെ അകത്തെത്തുന്ന മഞ്ഞിന്റേയും വെള്ളത്തിന്റെ ബുദ്ധിമുട്ടുകളാല്‍ പ്രയാസപ്പെടുകയാണ്. ക്ലോഗുകള്‍ കാലിന്റെ ഹീലുകള്‍ ആവശ്യത്തിന് സപ്പോര്‍ട്ട് തരുന്നില്ലെന്നും അതിനാല്‍ ഇവ നിത്യവും ധരിക്കാന്‍ പറ്റുന്നതല്ലെന്നും വിമര്‍ശനമുണ്ട്. സപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ തന്നെ ചെരിപ്പ് ധരിച്ച് കുട്ടികളടക്കമുള്ളവര്‍ക്ക് വേദന, വീണുപരിക്ക് തുടങ്ങിയ വന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സാധാരണ ഷൂസുകളെ പോലെ ദിവസവും ഉപയോഗിക്കാന്‍ പറ്റിയ ഷൂ അല്ല ക്രോക്‌സ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. കമ്പനി അവകാശപ്പെടുന്നതുപോലെയുള്ള ഗ്രിപ്പ് ക്രോക്‌സിന് ലഭിക്കുന്നില്ല. ഒരു സഹാചര്യത്തിലും ക്രോക്‌സ് ഉപയോഗിക്കുന്നതിനെ ശുപാര്‍ശ ചെയ്യുന്നില്ലെന്ന് അമേരിക്കയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡോക്ടര്‍മാരുടെ ഒരു സംഘം പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. 

2007ല്‍ മാക്‌സിം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പുരുഷന്മാര്‍ക്ക് വേണ്ടി നിര്‍മിക്കപ്പെട്ട ഉത്പന്നങ്ങളില്‍ ഏറ്റവും മോശപ്പെട്ട ആറാം സ്ഥാനത്തായിരുന്നു ക്രോക്‌സ്. 2010ല്‍ ടൈം മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ ലോകത്തെ തന്നെ ഏറ്റവും മോശപ്പെട്ട 50 കണ്ടുപിടുത്തങ്ങളില്‍ ഒന്നും ക്രോക്‌സ് ആയിരുന്നു. 

placeholder
slowjamastan sultan
സ്ലോജമസ്താന്‍ സുല്‍ത്താന്‍ റാന്‍ഡി വില്ല്യംസ് | Photo: AP

ക്രോക്‌സ് ബ്രാന്‍ഡിനെ നിരോധിക്കുക പോലും ചെയ്ത രാജ്യമുണ്ട്. റിപ്പബ്ലിക് ഓഫ് സ്ലോജമസ്താന്‍ എന്നാണ് ആ രാജ്യത്തിന്റെ പേര്. അമേരിക്കയിലെ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള മരഭൂമിയില്‍ 11 ഏക്കര്‍ വിസ്തൃതിയാണ് ഈ സ്ഥലമുള്ളത്. ഈ രാജ്യത്ത് ക്രോക്‌സ് ഉപയോഗിക്കുന്നത് നിരോധിച്ചത് അവിടുത്തെ സുല്‍ത്താനായ റാന്‍ഡി വില്ല്യംസ് ആണ്. ക്രോക്‌സ് പുറത്തിറക്കിയ പുതിയ ബൂട്ടിനെതിരേ അയ്യായിരത്തോളം ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധം സംഘടിപ്പിച്ചത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു. 

നിലവില്‍ ക്രോക്‌സിന്റെ ക്ലോഗ്‌സ് 30 നിറങ്ങളില്‍ ലഭ്യമാണ്. 120 സ്റ്റൈലുകളിലുള്ള 17 തരം പാദരക്ഷകള്‍ ക്ലോഗ്‌സിന് പുറമേ ക്രോക്‌സ് പുറത്തിറക്കുന്നുണ്ട്. 85 രാജ്യങ്ങളിലാണ് ഇന്ന് ക്രോക്‌സ് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. 2022ല്‍ മാത്രം 896 മില്ല്യണ്‍ ഡോളറാണ് കമ്പനിക്കുണ്ടായ വരുമാനം. 2023 ഡിസംബര്‍ പ്രകാരമുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ ആകെ വരുമാനം 6.45 ബില്ല്യണ്‍ ഡോളറാണ്. ക്രോക്‌സ് ഒരിക്കലും ഒരു ബജറ്റ് ഫ്രണ്ട്‌ലി ഓപ്ക്ഷന്‍ അല്ല. മറ്റ് ഷൂസുവിനെ അപേക്ഷിച്ച് ക്രോക്‌സ് ഷൂവിന് വില ഏറെ കൂടുതലാണെങ്കിലും കംഫര്‍ട്ടിന്റേയും സ്റ്റൈലിന്റേയും തകര്‍ക്കാന്‍ പറ്റാത്ത രൂപമായി ക്രോക്‌സിനെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.