സ്വര്‍ണത്തോടൊപ്പം ബിറ്റ്‌കോയിനും തരംഗമാകുന്നു. യുഎസ് നയങ്ങളിലും ഡോളറിലുമുള്ള വിശ്വാസം കുറയുന്നതാണ് ആഗോളതലത്തില്‍ ഇരു ആസ്തികളും നേട്ടമാക്കിയത്. എന്നിരുന്നാലും നിക്ഷേപത്തിന്റെ കാര്യത്തില്‍ സ്വര്‍ണവും ബിറ്റ്‌കോയിനും ഒരേ ചരടില്‍ കോര്‍ക്കാന്‍ കഴിയുന്ന ആസ്തികളല്ല. പോര്‍ട്‌ഫോളിയോ വൈവിധ്യവത്കരണത്തിന് സ്വര്‍ണം അനുയോജ്യമായ ആസ്തിയാണെങ്കിലും ബിറ്റ്‌കോയിനെ അങ്ങനെ കാണാന്‍ കഴിയില്ല.

To advertise here,

പ്രതിസന്ധികളില്‍ സ്ഥിരതയും കേന്ദ്ര ബാങ്കുകളുടെ പിന്തുണയും സ്വര്‍ണത്തിന് ഉണ്ട്. ഊഹക്കച്ചവടം, ഉയര്‍ന്ന ചാഞ്ചാട്ടം എന്നിവയില്‍ അധിഷ്ഠിതമാണ് ബിറ്റ്‌കോയിന്‍. നിക്ഷേപ ആസ്തിയെന്ന നിലയിലുള്ള ബിറ്റ്‌കോയിന്റെ സാധുത ഇപ്പോഴും ചര്‍ച്ചാവിഷയവുമാണ്. സ്വര്‍ണത്തില്‍ 10-15 ശതമാനംവരെ വിഹിതം പോര്‍ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താം. അതേസമയം, ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപം ഒഴിവാക്കുന്നതാണ് നല്ലത്.

സ്വര്‍ണം

നിക്ഷേപ ആസ്തിയെന്ന നിലയില്‍ ചരിത്രപരമായി പ്രാധാന്യം സ്വര്‍ണത്തിനുണ്ട്. അതുകൊണ്ടുതന്നെ പോര്‍ട്‌ഫോളിയോയില്‍ ഒഴിവാക്കാനാകാത്ത ആസ്തിയായി സ്വര്‍ണം മാറിക്കഴിഞ്ഞു. സമ്പദ്ഘടനകള്‍ പ്രതിസന്ധിനേരിടുമ്പോള്‍ നേട്ടമുണ്ടാക്കാന്‍ സ്വര്‍ണത്തിന് കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. കേന്ദ്ര ബാങ്കുകള്‍ കരുതുലായി സ്വര്‍ണം സൂക്ഷിക്കുന്നതും അതുകൊണ്ടാണ്.

  • പോര്‍ട്ട്‌ഫോളിയോയില്‍ 15 ശതമാനംവരെ സ്വര്‍ണത്തില്‍ വിഹിതം ഉറപ്പാക്കാം. ദീര്‍ഘകാലയളവില്‍ റിസ്‌ക് ക്രമീകരിച്ച നേട്ടം ലഭിക്കാന്‍ ഉപകരിക്കും.
  • ഓഹരി വിപണിയില്‍ ഇടിവുണ്ടാകുമ്പോള്‍ സ്ഥിരതയുള്ള നേട്ടം സ്വര്‍ണം നല്‍കിവരുന്നതായി കാണുന്നു.
  • വ്യാവസായിക ആവശ്യങ്ങളില്ലെങ്കിലും കേന്ദ്ര ബാങ്കുകളും ആഭരണമായി വാങ്ങുന്നവരുമാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് നിലനിര്‍ത്തുന്നത്.

ബിറ്റ്‌കോയിന്‍

ബിറ്റ്‌കോയിന്‍ ഒരു നിക്ഷേപ ആസ്തിയാണോയെന്ന കാര്യം ഇപ്പോഴും തര്‍ക്കവിഷയമാണ്.

  • എല്‍ സാല്‍വദോര്‍ ഒഴികെയുള്ള ഒരുരാജ്യത്തും ഇതിന് നിയമപരമായ സാധുതയില്ല.
  • കറന്‍സിയുടെ മൂല്യവ്യതിയാനം നിക്ഷേപകരുടെ 'കൂട്ടായ വിശ്വാസ'ത്തില്‍ അധിഷ്ഠിതമാണ്
  • ഉയര്‍ന്ന ചാഞ്ചാട്ടമുള്ള ഒന്നാണ് ക്രിപ്‌റ്റോ കറന്‍സി. പ്രത്യേകിച്ച് ബിറ്റ്‌കോയിന്‍. അതുകൊണ്ടുതന്നെ നേട്ടത്തേക്കാള്‍ നഷ്ടസാധ്യത കൂടുതലാണ്.

പൊതുപ്രവണത

സ്വര്‍ണത്തിന്റെയും ബിറ്റ്‌കോയിന്റെയും സമീപകാല മുന്നേറ്റത്തിന് പിന്നില്‍ പൊതുവായ ആഗോള കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയും. അമേരിക്കന്‍ നയങ്ങളോടും യുഎസ് ഡോളറിനോടുമുള്ള വിശ്വാസം കുറഞ്ഞുവരുന്നതാണ് പ്രധാന കാരണം.

എന്നാല്‍ അവയുടെ നിലനില്‍പും ഘടനയും വ്യത്യസ്തമാണ്. സ്വര്‍ണമെന്ന ആസ്തിക്ക് ചരിത്രപരമായ മൂല്യമുണ്ട്. അതുകൊണ്ടുതന്നെ കാലത്തെ അതിജീവിച്ച ആസ്തിയാണ് സ്വര്‍ണമെന്ന് പറയാം. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ യുഎസ് ട്രഷറിയിലെ നിക്ഷേപം പിന്‍വലിച്ച് വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. സ്വര്‍ണത്തിന്റെ മൂല്യത്തിന് ഇത് ശക്തമായ അടിത്തറയേകുന്നുണ്ട്.

എന്നാല്‍ ബിറ്റ്‌കോയിനാകട്ടെ ചരിത്രപരമായ പ്രസക്തി കുറവാണ്. സ്വകാര്യ കണ്ടുപിടുത്തവും നിക്ഷേപകരുടെ ആവേശവുമാണ് ബിറ്റ്‌കോയിന്റെ അടിസ്ഥാനം.

ഇന്ത്യയിലെ ഭൂരിഭാഗം വെല്‍ത്ത് മാനേജര്‍മാരും നിയമാനുസൃതമായ നിക്ഷേപ ആസ്തിയായി ബിറ്റ്‌കോയിനെ ഇപ്പോഴും പരിഗണിച്ചിട്ടില്ല. എന്നാല്‍ യുഎസില്‍ ബാക്ക്‌റോക്ക് പോലുള്ള വന്‍കിട ഫണ്ട് ഹൗസുകള്‍ ബിറ്റ്‌കോയിന്‍ ഇടിഎഫ് പുറത്തിറക്കിയിട്ടുണ്ട്.

നിക്ഷേപ സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ സ്വര്‍ണത്തില്‍ വിഹിതം ഉറപ്പാക്കാം. ആസ്തി വൈവിധ്യവത്കരണത്തിന് അത് ഉപകരിക്കും. ക്രിപ്റ്റ് കറന്‍സിയിലെ നിക്ഷേപം ഒഴിവാക്കാം. റിസ്‌ക് എടുക്കാനുള്ള ശേഷിയും ദീര്‍ഘകാല നേട്ടസാധ്യതയും പരിഗണിച്ച് വ്യക്തികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതാകും ഉചിതം.