കൊച്ചി: തുടർച്ചയായി അഞ്ചാംദിവസവും വില ഇടിഞ്ഞതോടെ സ്വർണത്തിന്റെ തിളക്കം മങ്ങി. വെള്ളിയാഴ്ച പവന് 3,760 രൂപ കുറഞ്ഞ് 92,080 രൂപയായി. ഗ്രാമിന് 470 രൂപ താഴ്ന്ന് 11,510 രൂപയിലുമെത്തി. ഈവർഷത്തെ ഏറ്റവും കുറഞ്ഞനിലയിലാണ് സ്വർണവില. അഞ്ചുദിവസംകൊണ്ട് പവന് കുറഞ്ഞത് 8,840 രൂപയാണ്.

To advertise here,

നിലവിലെ വിലയിൽ 10 ശതമാനം പണിക്കൂലിയിൽ ഒരു പവൻ ആഭരണം വാങ്ങാൻ ജി.എസ്.ടി.യും എച്ച്.യു.ഐ.ഡി. നിരക്കും ഉൾപ്പെടെ 1,04,326 രൂപ നൽകണം. അതായത്, പണിക്കൂലിയടക്കം നൽകി സ്വർണാഭരണം വാങ്ങുമ്പോൾ ചെലവ് ഒരുലക്ഷം രൂപയ്ക്ക് താഴെപ്പോകാൻ ഇനിയും കാത്തിരിക്കണം.

വില കുറഞ്ഞത് സ്വർണാഭരണ വിൽപ്പനയിൽ ഉണർവേകിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ഉടനടി ശക്തമായ തിരിച്ചുകയറ്റത്തിന് സാധ്യത കുറവാണ്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീക്ഷയും ബോണ്ട് യീൽഡിലെ വർധനയും ഡോളറിന്റെ ശക്തിയും സ്വർണത്തിന് തിരിച്ചടിയാണ്. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് 3,589 ഡോളറിലായിരുന്നു വ്യാപാരം.

സ്വർണത്തിനൊപ്പം മറ്റ് ലോഹങ്ങളുടെ വിലയിലും ഇടിവ് പ്രകടമാണ്. വെള്ളി ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 175 രൂപയിലെത്തി. വ്യാവസായിക ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകളും വെള്ളിവിലയ്ക്ക് തിരിച്ചടിയായി.