ചെറിയ ഇടവേളയ്ക്കു ശേഷം കുതിക്കുന്ന സ്വർണ്ണം വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്. വിദേശ വിപണിയിൽ സ്വർണ്ണ വില ഔൺസിന് 5000 ഡോളർ പിന്നിട്ട് പുതിയ ഉയരങ്ങളിലേക്ക് നീങ്ങുമ്പോൾ ഇന്ത്യയിൽ 10 ഗ്രം സ്വർണ്ണത്തിന്റെ വില 1,75,000 രൂപ മറി കടന്നു. ആഗോള കുതിപ്പും രൂപയുടെ ഇടിവും ചേർന്നാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. ഈ വർഷം ഇതുവരെ 12 ശതമാനം നേട്ടമുണ്ടാക്കിയ സ്വർണ്ണം സുരക്ഷിത ആസ്തി എന്ന നിലയിലുള്ള അതിന്റെ മൂല്യം കൂടുതൽ ദൃഢമാക്കുകയായിരുന്നു.

To advertise here,

പെട്ടെന്നുള്ള കുതിപ്പ്

ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വ്യാപാര നയത്തിലെ അനിശ്ചിതത്വവും യുഎസ് ആസ്തികളിൽ നിന്നകന്നു നിൽക്കാൻ നിക്ഷേപകർ പ്രകടിപ്പിക്കുന്ന താത്പര്യവുമാണ് ആഗോളതലത്തിൽ സ്വർണ വിലയിൽ ഈയിടെയുണ്ടായ കുതിപ്പിനു പ്രധാന കാരണം. ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ നീക്കം യൂറോപ്പുമായി സംഘർഷത്തിനിടയാക്കിയതായിരുന്നു തുടക്കം. ഗ്രീൻലാൻഡ് നയത്തിൽ പിന്നോട്ടില്ല എന്ന ട്രംപിന്റെ നിലപാടും യുഎസിന്റെ നീക്കത്തെ പിന്തുണ്ക്കാത്ത രാജ്യങ്ങൾക്ക് അധിക ചുങ്കം ഏർപ്പെടുത്തുമെന്ന ഭീഷണിയും ധന വിപണികളിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. ഈ പശ്ചാത്തലം നിക്ഷേപകരെ സുരക്ഷിത ആസ്തി തേടാൻ പ്രേരിപ്പിക്കുകയും സ്വർണ്ണ വില ഔൺസിന് 5000 ഡോളർ എന്ന റെക്കോഡ് നിലവാരത്തിനു മുകളിലേക്കുയർത്തുകയും ചെയ്തു.

ഗ്രീൻലാൻഡ് പിടിക്കാൻ അനുവദിക്കാത്ത പക്ഷം യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക ചുങ്കം ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഇടയ്ക്കിടെയുള്ള പ്രസ്തവനകൾ ഇക്കാര്യത്തിൽ നിർണായകമായിത്തീർന്നു. യൂറോപ്പും അമേരിക്കയുമായി വ്യാപാര സംഘർഷം വീണ്ടും തല പൊക്കുന്ന സാഹചര്യം സംജാതമായി. ഇത് യുഎസ് ഡോളറിന് സമ്മർദം സൃഷ്ടിക്കുകയും സുരക്ഷിത ആസ്തി എന്ന നില.ിലുള്ള സ്വർണത്തിന്റെ ഡിമാന്റ് വർധിപ്പിക്കുകയും ചെയ്തു. വിപണികൾ താരിഫ് വർധന മുന്നിൽ കണ്ട് വില നിർണയം നടത്തുന്നതിനാൽ നിക്ഷേപകർ പെട്ടെന്നു തന്നെ ഓഹരികൾ ഉൾപ്പടെ റിസ്‌കുള്ള ആസ്തികളിൽ നിന്നു നിക്ഷേപം പിൻവലിച്ച് സ്വർണത്തിലേക്കു മാറി. യുഎസ് ട്രഷറി ബോണ്ടുകളിലെ നിക്ഷേപം പോലും ഇങ്ങനെ പിൻവലിക്കപ്പെട്ടു. ഇതെല്ലാം സ്വർണ വിലയുടെ കുതിപ്പിന് ആക്കം കൂട്ടി.

അതേ സമയം ഇറാനിലെ സംഭവ വികാസങ്ങൾ ജിയോ പൊളിറ്റിക്കൽ രംഗം കൂടുതൽ വഷളാക്കി. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ, അമേരിക്കൻ സൈനിക സാന്നിധ്യം, അതിർത്തി കടന്നുള്ള യുദ്ധ സാദ്ധ്യതകൾ എന്നിവയെല്ലാം ആഗോള അനിശ്ചിതത്വം തീവ്രമാക്കി. ഇറാൻ കേന്ദ്രീകരിച്ചുള്ള സംഘർഷങ്ങൾ പണ്ടു മുതലേ സുരക്ഷിത ആസ്തികളിലേക്കുള്ള ഒഴുക്കു വർധിപ്പിക്കാറുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യവും അതാണ്. ഒരൊറ്റ ദിവസം എണ്ണായിരത്തിലേറെ രൂപയുടെ വർധന പവന് ഉണ്ടായത് അതിനെ തുടർന്നാണ്.

പരസ്പരം കൂടിക്കുഴഞ്ഞു കിടക്കുന്ന ഈ സംഘർഷങ്ങൾ അമേരിക്കൻ ആസ്തികളിൽ നിന്നു കൂടുതൽ നിക്ഷേപകരെ അകറ്റിയേക്കും. ആഗോള പ്രതിസന്ധികൾക്കും ഫെഡറൽ റിസർവിന്റെ സ്വാതന്ത്യത്തിനേൽക്കുന്ന പരിക്കുകളും താരിഫ് പ്രശ്നങ്ങളുമെല്ലാം അമേരിക്കൻ നയങ്ങളുടെ ഭദ്രത ചോദ്യം ചെയ്യാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. അമേരിക്കൻ ആസ്തികൾ വിറ്റൊഴിവാക്കാനാണവർ ശ്രമിക്കുന്നത്. ഈയിടെ യുഎസ് ഓഹരികളും കടപ്പത്രങ്ങളും ഡോളറും വിൽപന സമ്മർദ്ദം നേരിടുമ്പോൾ സ്വർണ്ണ ഇടിഎഫുകളിലേക്ക് പണത്തിന്റെ ശക്തമായ ഒഴുക്ക് അനുഭവപ്പെടുന്നുണ്ട്. അമേരിക്കയുമായി ബന്ധപ്പെട്ട ആധികൾ കാരണം ആസ്തികളുടെ ഈ പുനർ വിന്യാസം സുരക്ഷിത ആസ്തികൾ തേടാനുള്ള പ്രവണതയാണ് സൂചിപ്പിക്കുന്നത്. സ്വർണ്ണത്തിന്റെ ഇപ്പോഴത്തെ കുതിപ്പിന്റെ കേന്ദ്ര ബിന്ദുവും മറ്റൊന്നല്ല.

ഗ്രീൻലാൻഡ് പ്രതിസന്ധി, യൂറോപ്പ് നേരിടുന്ന താരിഫ് ഭീഷണി, ഇറാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, യുഎസിൽ നിന്നു രക്ഷപ്പെടാനുള്ള നിക്ഷേപകരുടെ പ്രവണത എന്നിവയെല്ലാം ചേർന്ന് വലിയ അനിശ്ചിതത്വമാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് സ്വർണ്ണ വില റെക്കോഡിലേക്കുയർത്താൻ ഇടയാക്കി. ജിയോപൊളിറ്റിക്കൽ സംഘർഷങ്ങൾക്കും നയപരമായ പ്രതിസന്ധികൾക്കുമിടയിൽ ആശ്രയിക്കാവുന്ന ആസ്തി എന്ന സ്വർണ്ണത്തിന്റെ പദവി ഇത് ഭദ്രമാക്കുന്നു.

ആഗോള സംഘർഷങ്ങളും കുറയുന്ന പലിശ നിരക്കും 

വർധിയ്ക്കുന്ന ആഗോള സംഘർഷങ്ങളും കുറയുന്ന പലിശ നിരക്കും 2026ൽ സ്വർണ വില നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തും. ഗ്രീൻലാൻഡ് പ്രശ്നം മുതൽ യൂറോപ്പും റഷ്യയും മിഡിലീസ്റ്റും ഉൾപ്പെടുന്ന സംഘർഷം വരെ സുരക്ഷിത ആസ്തി എന്ന നിലയിൽ സ്വർണത്തിന്റെ മൂല്യം ഈ വർഷവും ഉയർത്തി നിർത്തുകയും വില റെക്കോഡുയരത്തിലെത്തുകയും ചെയ്യാനാണ് സാധ്യത.

സാമ്പത്തിക മേഖലയിലാകട്ടെ പലിശ നിരക്ക് പ്രധാന പ്രചോദനമായി നില കൊള്ളുകയും ചെയ്യും. പണപ്പെരുപ്പത്തെത്തുടർന്ന് കോർപറേറ്റ് ലാഭം ഇടിയുമ്പോൾ പലിശ ലഭിക്കുന്ന ആസ്തികളെയപേക്ഷിച്ച് സ്വർണം വാങ്ങാനുള്ള ചെലവ് കുറയും. ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്കും കേന്ദ്ര ബാങ്കുകളുടെ പണ നയവും കോർപറേറ്റ് ലാഭം കുറയ്ക്കാനാണ് സാധ്യത. ഈ സ്ഥിതി സ്വർണത്തിന്റെ സുരക്ഷിത ആസ്തി പദവിയ്ക്കു ബലം നൽകും. പലിശ നിരക്കു കുറയുമ്പോൾ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുമെന്നാണ് ഇതു സംബന്ധിച്ച ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. നാണയ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനവും സാമ്പത്തിക അനിശ്ചിതത്വവും നിക്ഷേപകരെ കൂടുതൽ സുരക്ഷിതമായ ആസ്തി തേടാൻ പ്രേരിപ്പിക്കുന്നതുകൊണ്ടാണിത്.

രൂപയുടെ ഇടിവും ഇടിഎഫ് നിക്ഷേപവും

ആഗോള, ആഭ്യന്തര ഘടകങ്ങളുടെ പിന്തുണ ഇന്ത്യൻ സ്വർണ്ണ വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടും. ആഗോള വിപണിയിലെ വില വർധനയും രൂപയുടെ എക്കാലത്തേയും വലിയ മൂല്യത്തകർച്ചയും പ്രാദേശിക വിപണിയിൽ വില കാര്യമായി വർധിപ്പിച്ചിട്ടുണ്ട്.

വില വർധന നിലനിൽക്കുമ്പോഴും ഇന്ത്യയിൽ സ്വർണത്തിന്റെ ഡിമാന്റ് ശക്തമായി തുടരുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട വാങ്ങലുകളും ഉപഭോക്താക്കളുടെ രീതികളുമാണ് കാരണം. വൻതോതിൽ ആഭരണം വാങ്ങുന്നത് വിലക്കൂടുതൽ കാരണം കുറഞ്ഞിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾ ഭാരം കുറഞ്ഞ ഡിസൈനുകളിലുള്ള ആഭരണങ്ങൾ കൂടുതലായി വാങ്ങുകയും പഴയവയ്ക്കു പകരം പുതിയത് തെരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, സ്വർണ ഇടിഎഫുകളിലൂടെയുള്ള നിക്ഷേപം പണ്ടെങ്ങുമില്ലാത്ത വിധം കൂടുകയാണ്. രൂപയുടെ മൂല്യത്തകർച്ചയും ആഗോള സംഘർഷങ്ങളും ഓഹരി വിപണിയിലെ മോശം പ്രകടനവും കാരണം ഇന്ത്യയിൽ ഗോൾഡ് ഇടിഎഫുകളിലേക്കുള്ള പണമൊഴുക്ക് നാളിതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ചേറ്റവും കൂടുതലാണ്. നഗരങ്ങളിലെ നിക്ഷേപകർ സ്വർണത്തിനു പകരം സ്വർണ്ണ ഇടിഎഫുകളിലേക്ക് കൂടുതലായി മാറിക്കൊണ്ടിരിക്കയാണ്. നിക്ഷേപ രംഗത്തെ ഘടനാപരമായ മാറ്റമായാണ് ഇതു നിരീക്ഷിക്കപ്പെടുന്നത്.

തിരുത്തൽ ഹ്രസ്വകാലത്തേക്ക്

നീണ്ടു പോകുന്ന ആഗോള അനിശ്ചിതത്വങ്ങളും പലിശ നിരക്കിൽ പ്രതീക്ഷിക്കുന്ന കുറവും കാരണം വർഷത്തിലുടനീളം സ്വർണ്ണത്തിന്റെ മാറ്റു കുറയാതെ നിൽക്കാനാണിട. നിലവിലെ ലോക സാഹചര്യം സുരക്ഷിത ആസ്തി എന്ന നിലയിലുള്ള സ്വർണത്തിന്റെ പദവി നിലനിർത്തും. അനിശ്ചിതത്വങ്ങൾക്കിടയിൽ നിക്ഷേപകർ സുരക്ഷിതത്വം തേടുന്നതിനാലാണിത്. അതേ സമയം പലിശ നിരക്കിലെ കുറവ് സ്വർണത്തിന് കൂടുതൽ അനുകൂലമായിത്തീരുകയാണ്.

ഈ സാഹചര്യത്തിൽ, ചെറിയ തോതിലുള്ള തിരുത്തുകൾ പ്രതീക്ഷിക്കാമെങ്കിലും വർഷത്തിലുടനീളം സ്വർണ വില ഉയർന്നു തന്നെ നിൽക്കാനാണ് സാധ്യത. ജിയോ പൊളിറ്റിക്കൽ സംഘർഷങ്ങൾ നിലനിൽക്കുകയും കോർപറേറ്റ് ലാഭം ഇടിയുകയും ചെയ്യുമ്പോൾ, വിലയിലെ നേരിയ കുറവിനുപോലും അൽപായുസ്സേ ഉണ്ടാകൂ എന്നുവേണം കരുതാൻ.