മുംബൈ: രാജ്യത്തെ ഏറ്റവുംവലിയ ഷിപ്പിങ് കമ്പനിയായ പൊതുമേഖലയിലെ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.സി.ഐ.) വിൽപ്പനയ്ക്കായി കേന്ദ്രസർക്കാർ താത്പര്യപത്രം ക്ഷണിച്ചു. 1961-ൽ ഈസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും വെസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും ലയിപ്പിച്ച് 19 കപ്പലുകളുമായി പ്രവർത്തനം തുടങ്ങിയ നവരത്ന വിഭാഗത്തിലുള്ള കമ്പനിയിൽ നിലവിൽ സർക്കാരിന് 63.75 ശതമാനം ഓഹരികളാണുള്ളത്. ഇത് പൂർണമായി വിറ്റഴിക്കാനാണ് തീരുമാനം.

സ്വകാര്യവ്യക്തികൾക്കും കമ്പനികൾക്കും വിവിധ കമ്പനികളോ വ്യക്തികളോ ചേർന്ന കൺസോർഷ്യത്തിനും താത്പര്യപത്രം സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിക്ഷേപക ഫണ്ടുകൾക്കും സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് കമ്പനിയിലെ ജീവനക്കാർ രൂപം നൽകുന്ന കൺസോർഷ്യങ്ങൾക്കും വിൽപ്പനനടപടികളിൽ പങ്കെടുക്കാം. ലേലത്തുക സമർപ്പിക്കുന്നവർക്ക് ചുരുങ്ങിയത് 2000 കോടി രൂപയുടെ ആസ്തിയുണ്ടായിരിക്കണം. കൺസോർഷ്യങ്ങളാണെങ്കിൽ അതിന് നേതൃത്വം നൽകുന്നവർക്ക് 1000 കോടി രൂപയുടെ ആസ്തിവേണം. പൊതുമേഖലാസംരംഭങ്ങൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല.

ഫെബ്രുവരി 13 വരെയാണ് താത്പര്യപത്രം സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. ഇ-മെയിൽവഴി അപേക്ഷിക്കുന്നവർ മാർച്ച് ഒന്നിനകം നേരിട്ട് ലേലരേഖകൾ സമർപ്പിച്ചിരിക്കണം. കേന്ദ്ര നിക്ഷേപ-പൊതു ആസ്തി കൈകാര്യ വകുപ്പാണ് താത്പര്യപത്രം ക്ഷണിച്ചത്. കമ്പനിക്കുകീഴിലെ ചില ആസ്തികൾ വിൽപ്പനയിൽനിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാമെന്ന് വ്യക്തമാക്കിയിട്ടില്ല.

വിൽപ്പനയ്ക്കുമുമ്പായി കേന്ദ്രസർക്കാർ സംഘടിപ്പിച്ച റോഡ്ഷോയിൽ വേദാന്ത ഗ്രൂപ്പ്, ദുബായിലെ ഡി.പി. വേൾഡ്, നോർവേ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഷിപ്പിങ് കമ്പനികൾ എന്നിവയടക്കം ഒമ്പതുനിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ആഭ്യന്തര-അന്താരാഷ്ട്ര കപ്പൽസേവനങ്ങൾ നൽകുന്ന കമ്പനിക്ക് നിലവിൽ എൺപതോളം കപ്പലുകൾ സ്വന്തമായുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 131 കോടി രൂപയുടെ ലാഭമുണ്ടാക്കിയ കമ്പനിയുടെ ആകെ വരുമാനം 876 കോടി രൂപയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭെൽ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ഒ.എൻ.ജി.സി., റിലയൻസ് ഇൻഡസ്ട്രീസ്, ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ബ്രിട്ടീഷ് പെട്രോളിയം, ഷെൽ, ടാറ്റ ടീ തുടങ്ങി ഒട്ടേറെ മുൻനിര കമ്പനികൾക്ക് ഷിപ്പിങ് സേവനം നൽകിവരുന്നു.