ശാസ്താംകോട്ട : തിരക്കേറിയ പാതയോരങ്ങളിൽ മുറിച്ചിട്ടിരിക്കുന്ന വലിയ തടികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. വർഷങ്ങൾക്കുമുൻപ് വെട്ടിയിട്ട വൃക്ഷത്തിന്റെ വലിയകഷണം ശാസ്താംനട ജങ്ഷനിൽ ഗതാഗതം തടസ്സപ്പെടുന്ന തരത്തിൽ കിടക്കുകയാണ്. പരിസരത്തെ സ്‌കൂളുകളിലെ വിദ്യാർഥികൾക്കും കാൽനടയാത്രികർക്കും അപകടമുണ്ടാക്കുന്ന തരത്തിലായിട്ടും മാറ്റാൻ നടപടിയില്ല.
പാതകളുടെ വക്കിൽ അപകടകരമായി പലയിടത്തും നിന്ന മരങ്ങൾ പി.ഡബ്ല്യു.ഡി. അധികൃതർ ഇടപെട്ട് മാസങ്ങൾക്കുമുൻപ് മുറിച്ചുമാറ്റി. ശാസ്താംകോട്ട-ഭരണിക്കാവ് പാതയിൽ പെട്രോൾ പമ്പിന് തെക്ക് വളവിൽ നിന്ന കൂറ്റൻമരവും ഇത്തരത്തിൽ വെട്ടി. അവ കഷണങ്ങളാക്കി പാതവക്കിൽ കൂട്ടിയിട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും തടികൾ നീക്കംചെയ്യാതെ ഇട്ടിരിക്കുകയാണ്.
തിരക്കുള്ള പാതയിൽ വീതികുറഞ്ഞഭാഗത്താണ് തടി കൂട്ടിയിട്ടിരിക്കുന്നതും. അവിടം കാടുവളർന്നുകയറി പാത അപഹരിച്ചു. തടി കിടക്കുന്നത് പെട്ടെന്ന് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാറുമില്ല. രാത്രികാലങ്ങളിൽ അപകടസാധ്യതയേറുകയാണ്. ആ ഭാഗത്ത് വെളിച്ചവുമില്ല. ഇഴജന്തുക്കളുടെ ശല്യവും വർധിച്ചെന്ന് സമീപത്തെ താമസക്കാർ പറയുന്നു.
എൻ.എസ്.എസ്. യൂണിയൻ ഓഫീസിന് സമീപത്തുണ്ടായിരുന്ന വലുതും ചെറുതുമായ വൃക്ഷങ്ങളുടെ ശിഖരങ്ങളും ഇത്തരത്തിൽ വെട്ടിമാറ്റി പാതയോരത്ത് തള്ളി. വഴി നടക്കാനോ ഒഴിഞ്ഞുനിൽക്കാനോ ഇടമില്ലാതായി. തണലുള്ളതിനാൽ ദീർഘദൂര വാഹനങ്ങൾ വിശ്രമിക്കുന്നതിനായി നിർത്തിയിടുന്ന സ്ഥലംകൂടിയായിരുന്നു അവിടം. ഇപ്പോൾ അതും ഇല്ലാതായി.
ചക്കുവള്ളി-പുതിയകാവ് പാതയിലും വെട്ടിയിട്ട മരങ്ങൾ അപകടകരമായി കിടക്കുന്നുണ്ട്. ശാസ്താംനട ജങ്ഷനിൽ കിടക്കുന്ന തടി മാറ്റണമെന്ന ആവശ്യം വ്യാപാരികളും സ്‌കൂൾ അധികൃതരും ഉന്നയിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. അവ നീക്കംചെയ്യാതെ പാതയോടു ചേർന്ന് കിടക്കുകയാണ്. കുട്ടികൾ സ്‌കൂളിലെത്തുന്നത് പാതയോരത്തുകൂടിയാണ്. എന്നാൽ തടികൾ നടപ്പാതയോട് ചേർന്നുകിടക്കുന്നതിനാൽ കുട്ടികളുടെ നടപ്പാത ഇല്ലാതായി. കുട്ടികൾ നിലവിൽ റോഡിൽക്കൂടി നടക്കേണ്ട അവസ്ഥയാണ്. ആ ഭാഗത്താണ് ബസുകൾക്ക് സ്റ്റോപ്പുള്ളതും. എന്നിട്ടും ജനത്തിന്റെ ദുരിതം മാറ്റാൻ നടപടിയില്ല.
Published: 11 Oct 2026, 02:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented