ബെംഗളൂരു : ചാമുണ്ഡീദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചനയോടെ ഇക്കൊല്ലത്തെ മൈസൂരു ദസറ ആഘോഷത്തിന് ഭക്തിസാന്ദ്രവും ആവേശകരവുമായ തുടക്കം. ചാമുണ്ഡീമലയിലെ ക്ഷേത്രത്തിലൊരുക്കിയ ആഘോഷവേദിയിൽ സ്ഥാപിച്ച പുഷ്പാലംകൃത മണ്ഡപത്തിൽ സ്ഥാപിച്ച ദേവീ വിഗ്രഹത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സാന്നിധ്യത്തിൽ കൊപ്പാൾ ഗവി മഠത്തിലെ അഭിനവ ഗവി സിദ്ദേശ്വരസ്വാമി പൂക്കൾ അർപ്പിക്കുകയും തിരിതെളിയിക്കുകയും ചെയ്താണ് ആഘോഷത്തിനു തുടക്കമിട്ടത്.
ഇരുവരും ചാമുണ്ഡീ ക്ഷേത്രത്തിൽ തൊഴുത് പൂജ നടത്തിയശേഷമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. ഉച്ചയ്ക്ക് 12.07-നുള്ള ശുഭമുഹൂർത്തമാണ് ഉദ്ഘാടനത്തിന് തിരഞ്ഞെടുത്തത്. കർണാടകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മഠങ്ങളിൽനിന്നെത്തിയ 200-ഓളം സന്ന്യാസിമാർ ചടങ്ങിന് സാക്ഷികളായി. സിഖ്, ടിബറ്റൻ വിഭാഗങ്ങളിൽനിന്നുൾപ്പെടെ വിവിധ സമുദായങ്ങളിൽനിന്നും മതവിഭാഗങ്ങളിൽനിന്നുമുള്ള സന്ന്യാസിമാർ എത്തിയിരുന്നു. രണ്ടായിരത്തോളംപേർ ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കാനെത്തി.
ഭാര്യാസമേതനായി ഡി.കെ. ശിവകുമാർ
ഭാര്യ ഉഷയെ ഒപ്പം നിർത്തിയാണ് ഡി.കെ. ശിവകുമാർ ദസറ ഉദ്ഘാടനത്തിൽ പങ്കെടുത്തത്. മുഖ്യാതിഥികൾക്കൊപ്പംനിന്ന് ഉഷയും ചാമുണ്ഡീദേവിയുടെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തി. ഉദ്ഘാടനസമ്മേളനത്തിൽ ഹാരമണിയിച്ചും ഷാൾ പുതപ്പിച്ചും തൊപ്പി ധരിപ്പിച്ചും ഉപഹാരം നൽകിയും മുഖ്യമന്ത്രിയെ ആദരിക്കുന്നതിനൊപ്പം ഉഷയെയും ആദരിച്ചു. നേരത്തേ ചാമുണ്ഡിക്ഷേത്രത്തിൽ തൊഴാൻ എത്തിയതും ഉഷയോടൊപ്പമാണ്. നന്ദി ധ്വജത്തിൽ പൂജനടത്തിയപ്പോഴും നാടോടി കലകളുടെ അകമ്പടിയോടെ സ്വീകരിച്ചപ്പോഴും ശിവകുമാറിനൊപ്പം ഭാര്യയുമുണ്ടായിരുന്നു.
ശിവകുമാർ മുഖ്യമന്ത്രിയായശേഷമുള്ള ആദ്യ ദസറയാണ് ഇത്തവണത്തേത്.
ശ്രദ്ധേയമായി സിദ്ധരാമയ്യയുടെ അഭാവം
മൈസൂരുവിന്റെ സ്വന്തം നേതാവായിട്ടും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ദസറ ഉദ്ഘാടനച്ചടങ്ങിൽ എത്തിയില്ല. കോൺഗ്രസ് അധികാരത്തിലെത്തിയശേഷം കഴിഞ്ഞ മൂന്നു വർഷങ്ങളിൽ സിദ്ധരാമയ്യ ദസറ ആഘോഷത്തിനു ചുക്കാൻ പിടിച്ചുനിന്നതാണ്. അദ്ദേഹം മുഖ്യമന്ത്രി പദമൊഴിഞ്ഞശേഷമുള്ള ആദ്യ ദസറയായിരുന്നു ഇത്തവണത്തേത്.
അതേസമയം, അദ്ദേഹത്തിന്റെ മകനും മൈസൂരുവിന്റെ ചുമതലയുള്ള മന്ത്രിയുമായ യതീന്ദ്ര സിദ്ധരാമയ്യ സംഘാടനത്തിന്റെ ചുക്കാൻപിടിച്ച് ഉദ്ഘാടനവേദിയിൽ നിറഞ്ഞുനിന്നത് ശ്രദ്ധേയമായി.
ഉദ്ഘാടനസമ്മേളനത്തിൽ ജെ.ഡി.എസ്. എം.എൽ.എ. ജി.ടി. ദേവഗൗഡ അധ്യക്ഷതവഹിച്ചു.
മന്ത്രിമാരായ ശിവരാജ് തെംഗഡഗി, ഈശ്വർ ഖാൻഡ്രെ, രാമലിംഗറെഡ്ഡി, റിസ്വാൻ അർഷാദ്, മുൻ മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, കെ. വെങ്കടേശ്, എം.എൽഎ.മാരായ ടി.എസ്. ശ്രീവാസ്തവ, തൻവീർ സേഠ്, രവിശങ്കർ, അനിൽ ചിക്കമാട്, ദർശൻ ധ്രുവനാരായണ, കെ. ഹരീഷ് ഗൗഡ, എം.പി. സുനിൽ ബോസ്, എം.എൽ.സി.മാരായ ശിവകുമാർ, സി.എൻ. മഞ്‌ജേഗൗഡ എന്നിവർ സംബന്ധിച്ചു.
വന്ദേമാതരം മുഴുവൻ പാടി; ശിവമോഗയിൽ ദസറ ആഘോഷം ബഹിഷ്‌കരിച്ച് കോൺഗ്രസ്
പരിപാടിയുടെ തുടക്കത്തിലായിരുന്നു വന്ദേമാതരാലാപനം
ബെംഗളൂരു : ശിവമോഗയിൽ ദസറ ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിനെച്ചൊല്ലി പ്രതിഷേധം. കോൺഗ്രസ് നേതാക്കൾ വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയും പരിപാടി ബഹിഷ്കരിക്കുകയും ചെയ്തു. കോട്ടെ റോഡിലെ ചണ്ഡികാ ദുർഗാപരമേശ്വരി ക്ഷേത്രത്തിൽനടന്ന സർക്കാർ പരിപാടിയിലായിരുന്നു പ്രതിഷേധം.
പരിപാടിയുടെ തുടക്കത്തിലായിരുന്നു വന്ദേമാതരാലാപനം. പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ഗായകർ വന്ദേമാതരത്തിന്റെ രണ്ട് ചരണങ്ങൾ ആലപിച്ചു.
തുടർന്ന് പശ്ചാത്തലസംഗീതം നിന്നു. ഇതിനുശേഷം ഗായകർ ബാക്കിഭാഗവും ആലപിക്കുകയായിരുന്നു. ഇതോടെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു.
ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എച്ച്.സി. യോഗേഷ്, ശിവമോഗ-ഭദ്രാവതി അർബൻ ഡിവലപ്‌മെന്റ് അതോറിറ്റി ചെയർമാൻ മധുസൂദൻ, ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ കോർപ്പറേഷൻ ചെയർമാൻ ചേതൻ ഗൗഡ എന്നിവരാണ് പ്രതിഷേധിച്ചത്. സിറ്റി കോർപ്പറേഷൻ കമ്മിഷണറെ പ്രതിഷേധമറിയിച്ചശേഷം വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. വന്ദേമാതരം മുഴുവൻ ആലപിക്കുന്നത് സർക്കാർ വിലക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും രണ്ട് ചരണങ്ങൾമാത്രമേ പാടാൻ പാടുള്ളൂവെന്നും നേതാക്കൾ പറഞ്ഞു. ഇത് മറികടന്നതിന് സിറ്റി കോർപ്പറേഷൻ കമ്മിഷണറുടെ പേരിൽ നടപടിവേണമെന്ന് ആവശ്യപ്പെട്ടു. നടൻ ശ്രീനാഥ്, ബി.ജെ.പി. എം.പി. ബി.വൈ. രാഘവേന്ദ്ര, എം.എൽ.എ. ചന്നബസപ്പ എന്നിവരും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.
Published: 12 Oct 2026, 12:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented