മലപ്പുറം : യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ഈടാക്കി വ്യാപാരികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരേ ജില്ലയിൽ കടുത്ത പ്രതിഷേധം.

To advertise here,

നിലവിൽ വിവിധ നികുതികളും ഫീസുകളുംകൊണ്ട് വലയുന്ന ചെറുകിട കച്ചവടമേഖലയോട് സർക്കാർ കാണിക്കുന്നത് അനീതിയാണെന്നും ഇതിലൂടെ കോർപറേറ്റ് കുത്തകകളെ സംരക്ഷിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും കാണിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ജില്ലയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധവും വ്യാഴാഴ്‌ച നടക്കുന്ന ലോക്ഭവൻ മാർച്ചിന് മുന്നോടിയായുള്ള വിളംബരജാഥയും നടന്നു.

ഫോൺപേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ഡിജിറ്റൽ പെയ്‌മന്റ് പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനംവരെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

ഇത് 15 മുതൽ പ്രാബല്യത്തിൽ വരുത്താനായിരുന്നു ആദ്യ നീക്കം. നിലവിൽ ദീപാവലിക്കുശേഷം നടപ്പാക്കാനാണ് പെയ്‌മന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) തീരുമാനിച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നിലവിൽ ഇതിൽനിന്ന് ഒരുലക്ഷം രൂപവരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളെയും വ്യക്തികളെയും ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇതും ഉടനെ നീക്കംചെയ്യാനാണ് സാധ്യതയെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. നേരത്തേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ നേരിൽകണ്ട് സംഘടന ‘യു.പി.ഐ. ഫീസ് പരിഷ്‌കരണം’ എന്ന പുതിയ നയം നീക്കംചെയ്യണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.

ഇതു നടപ്പിലാക്കില്ലെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും നടപ്പാക്കും എന്ന തീരുമാനത്തിലേക്കു കടന്നതോടെ പ്രതിഷേധം കനപ്പിക്കാനാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തീരുമാനം.

മലപ്പുറത്ത് നടന്ന വിളംബരജാഥ ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ ഉദ്ഘാടനംചെയ്തു. മുജീബ് ആനക്കയം അധ്യക്ഷനായി. പരി ഉസ്‌മാൻ, പി.കെ. അയമു ഹാജി, സൈദ് ഗൾഫ് മൊബൈൽ,താജുദ്ദീൻ ഉറുമാഞ്ചേരി, ഹഫ്സത്ത് മണ്ണിശേരി, നജ്മൽ ഇബ്രാഹിം, റഫീഖ് സുഹാന, കെ. ജയപ്രകാശ്, എ.പി. ഹംസ എന്നിവർ സംസാരിച്ചു.

ലോക്ഭവൻ മാർച്ച് നാളെ

മലപ്പുറം : ‘യു.പി.ഐ. ഫീസ് പരിഷ്‌കരണം’ എടുത്തുകളയണമെന്നാവശ്യപ്പെട്ട് സംഘടനയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ലോക്ഭവനിലേക്ക് വ്യാഴാഴ്‌ച മാർച്ച് നടത്തും.

മലപ്പുറത്തെ വിവിധ യൂണിറ്റുകളിൽനിന്നായി അയ്യായിരത്തോളം കച്ചവടക്കാർ മാർച്ചിൽ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജില്ലാ പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി, സെക്രട്ടറി നാസർ ടെക്‌നോ, ട്രഷറർ നൗഷാദ് കളപ്പാടൻ, വൈസ് പ്രസിഡന്റ് നിവിൽ ഇബ്രാഹിം, അംഗങ്ങളായ അസീസ് ഏർദാദ്, യു. താജുദ്ദീൻ എന്നിവർ പങ്കെടുത്തു.