പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമം
മലപ്പുറം : പരിമിതമായ സൗകര്യങ്ങളിൽനിന്നുമാറി, മലപ്പുറം കുടുംബകോടതി അത്യാധുനിക ബഹുനിലക്കെട്ടിടത്തിലേക്ക് മാറുന്നു. രണ്ട് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമായി.
നിർമാണം പൂർത്തീകരിച്ച കെട്ടിടം പൊതുമരാമത്ത് വകുപ്പ്, നിയമവകുപ്പിന് കൈമാറി ഹൈക്കോടതയിൽനിന്ന് അനുമതിലഭിക്കുന്നതോടെ ഉദ്ഘാടനത്തിനുള്ള തീയതി കുറിക്കും.
മഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന കുടുംബകോടതി 2007-ലാണ് മലപ്പുറത്തേക്ക് മാറ്റുന്നത്.
ബ്രിട്ടീഷുകാർ നിർമിച്ച നിലവിലുള്ള കെട്ടിടത്തിലെ സ്ഥലപരിമിതിയും ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷവും മാറിക്കിട്ടണമെന്ന ആഗ്രഹത്തിൽ മലപ്പുറം ബാർ അസോസിയേഷൻ നിരന്തരമായ ഇടപെടലുകളാണ് പുതിയ സമുച്ചയത്തിനായി നടത്തിയത്. ആദ്യഘട്ടത്തിൽ 25 സെന്റും പിന്നീട് ഏഴ് സെന്റും ഉൾപ്പെടെ ആകെ 32 സെന്റ് സ്ഥലത്ത് 12 കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണീതത്.
2023 ഓഗസ്റ്റ് 19-ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ തറക്കല്ലിട്ട്, പരമാവധി വേഗത്തിലാണ് ബഹുനിലക്കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ഹൈക്കോടതിയിൽനിന്നുള്ള അനുമതി ലഭിക്കുന്നതോടെ കുടുംബകോടതിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറും.
താഴത്തെ നിലയിൽ വിശാലമായ പാർക്കിങ് സൗകര്യം, ശിശുസൗഹൃദ റൂം, കെയർ റൂം, സെക്യുരിറ്റി റൂം, പോലീസ് റൂം, അഡ്വക്കേറ്റ്‌സ് ക്ലാർക്ക്സ് റൂം, വാഷ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ആദ്യ നിലയിൽ പ്രധാന കോടതി ഹാൾ, ജഡ്ജിയുടെ ചേംബർ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കാത്തിരിപ്പുമുറികൾ, ഓഫീസ്, വാഷ് ഏരിയാ, റിഫ്രഷ്‌മെന്റ് ഏരിയ, ശുദ്ധീകരിച്ച കുടിവെള്ളസംവിധാനം എന്നിവയാണുള്ളത്. മൂന്നാംനിലയിൽ ഡിജിറ്റൽ കോടതി സംവിധാനത്തിനായുള്ള പ്രത്യേക മുറികൾ, അഭിഭാഷകരായ സ്ത്രീകൾക്കും പുരുഷന്മാർക്കും വിശ്രമമുറികൾ, റെക്കോഡ് റൂം, മറ്റു ഓഫീസുകൾ, കേസുകൾ വേഗത്തിൽ ഒത്തുതീർപ്പാക്കാനുള്ള അത്യാധുനിക കൗൺസലിങ് കേന്ദ്രം, മീഡിയേഷൻ സെന്റർ എന്നിവയും പ്രവർത്തിക്കും.
ചുറ്റുമതിലും അതിനുപുറത്ത് വാഹനങ്ങൾ നിർത്താനുള്ള സജ്ജീകരണങ്ങളും സി.സി.ടി.വി. നിരീക്ഷണവുമുണ്ട്.
പ്രതിദിനം ഇരുനൂറിലധികം കേസുകൾക്കായി 500-ലധികം ആളുകൾ വന്നുപോകുന്ന കുടുംബകോടതിയിൽ നിലവിൽ നാലായിരത്തോളം കേസുകളാണ് തീർപ്പിനായി കാത്തിരിക്കുന്നത്.
പുതിയ കെട്ടിടത്തിലെ മികച്ച സൗകര്യങ്ങളും അത്യാധുനിക കൗൺസലിങ്, മീഡിയേഷൻ സംവിധാനങ്ങളും വരുന്നതോടെ ഈ കേസുകൾ അതിവേഗം തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.
നിർമാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിച്ച പൊതുമരാമത്ത് കെട്ടിടവിഭാഗം, കരാറുകാരായ കോമ്പൻസ് ഗ്രൂപ്പ് എന്നിവരുമായി ജുഡീഷ്യൽ ഓഫീസർമാരായ കുടുംബകോടതി ജഡ്ജി നിസാർ അഹമ്മദ്, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി മൃദുല എന്നിവർ കൂടിയാലോചന നടത്തി.
നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി, സമ്പൂർണ കോടതിസമുച്ചയം സ്ഥാപിക്കാൻ ശ്രമിക്കുന്നതായും ഇത് സഫലമാകുമെന്നാണ് പ്രതീക്ഷയെന്നും മലപ്പുറം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. എ.കെ. ഷിബുവും സെക്രട്ടറി അഡ്വ. അഫീഫ് പറവത്തും പറഞ്ഞു.
Published: 19 Sept 2026, 01:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented