തേഞ്ഞിപ്പലം : സിന്തറ്റിക് ട്രാക്ക് തകർച്ച കാരണം കായികമത്സരങ്ങൾ ഇടക്കാലത്ത് മുടങ്ങിയ കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ പരിമിതികൾക്കിടയിൽ വീണ്ടും കായികാരവം. 56-ാമത് ജില്ലാ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷി പ്പ് 19 മുതൽ 20 വരെ നടത്തുന്നതിന് പിന്നാലെ ഒക്ടോബർ 17 മുതൽ 19 വരെ ജില്ലാ സ്കൂൾ കായികമേളയും നടത്താൻ തീരുമാനമായി. സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പലയിടത്തും തകർന്നുകിടക്കുന്നതിനാൽ സംസ്ഥാന സ്കൂൾ കായികമേള ഇവിടെ നടത്തുന്നത് ഉപേക്ഷിച്ചിരുന്നു. എന്നാൽ കഴിഞ്ഞവർഷം പാലക്കാട് നടത്തിയ മലപ്പുറം ജില്ലാ സ്കൂൾ കായികമേള സർവകലാശാലാ സ്റ്റേഡിയത്തിൽത്തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു.

To advertise here,

പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കുട്ടികളെ എത്തിച്ച് മീറ്റ് നടത്തുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണിതെന്ന് സംഘാടകസമിതി ജനറൽ കൺവീനർ പി. ജംഷീർ പറഞ്ഞു. മറ്റിടങ്ങളിലെ സിന്തറ്റിക് ട്രാക്കുകൾക്കുള്ള പരിമിതികളും ജില്ലാ കായികമേള കാലിക്കറ്റ് സ്റ്റേഡിയത്തിലേക്ക് തന്നെ തിരിച്ചെത്തുന്നതിനിടയാക്കിയിട്ടുണ്ട്.

കായികമേളാ വേദി പ്രഖ്യാപനം സർവകലാശാലാ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രനും പോസ്റ്റർ പ്രചാരണം കായിക ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈനും നിർവഹിച്ചു. മേള നടത്തിപ്പിന് വിപുല സംഘാടകസമിതി പിന്നീട് രൂപവത്കരിക്കാനാണ് തീരുമാനം. കഴിഞ്ഞവർഷം ജില്ലാ കായികമേള പാലക്കാട് ചാത്തനല്ലൂരിൽ നടത്തിയപ്പോൾ ജില്ലയിലെ താരങ്ങളിൽ പലർക്കും അതുവലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നവീകരിക്കാനായി അടച്ചിട്ട സർവകലാശാലാ സിന്തറ്റിക് ട്രാക്ക് അന്ന് ലഭ്യമായതുമില്ല. സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് എൻ.ഐ.ടി. ഗ്രൗണ്ടിൽ നടത്താനാണ് നിലവിലെ തീരുമാനം.