2.69 കോടിയുടെ പദ്ധതി

To advertise here,

കോട്ടയ്ക്കൽ : ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി രണ്ടത്താണി അയ്യൂബ് ഖാൻ റോഡിലും കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ സമീപത്തും അഴുക്കുചാൽ നിർമിക്കുന്നതിന്റെ ഭാഗമായി പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.

2.69 കോടിയുടെ അടങ്കലാണ് പദ്ധതിക്കായി തയ്യാറാക്കിയിട്ടുള്ളത്. കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ ഭാഗത്തെ അഴുക്കുചാലിന് 1.99 കോടിയും രണ്ടത്താണി അയ്യൂബ് ഖാൻ റോഡിൽ 70 ലക്ഷവുമാണ് അനുവദിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനിയറിങ് വിഭാഗം തയ്യാറാക്കി എം.എൽ.എ. മുഖേന സമർപ്പിച്ച അടങ്കൽ ആണ് ദേശീയപാതാ വിഭാഗം അംഗീകരിച്ച് നേരത്തെ ഫണ്ടനുവദിച്ചത്. വിവിധ സ്ഥലങ്ങളിൽ അഴുക്കുചാൽ നിർമാണത്തിലെ അപാകങ്ങൾ പരിഹരിക്കണമെന്ന് എം.എൽ.എ.മാർ ജില്ലാ വികസനസമിതി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ദേശീയപാതാ പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെയുള്ളവരുടെ പ്രത്യേക യോഗം കളക്ടർ വിളിച്ചുചേർക്കുകയും ചെയ്തു.

ഈ പദ്ധതികളുടെ നോഡൽ ഓഫീസറായി തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയറേയും ജില്ലാ കളക്ടർക്കുവേണ്ടി പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതിനും വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിനും എൽ.എ.എൻ.എച്ച്. ഡെപ്യൂട്ടി കളക്ടറേയും ചുമതലപ്പെടുത്തി.

ദേശീയപാതാവിഭാഗം ഡെപ്യൂട്ടി കളക്ടർ സനീറ, എൻ.എച്ച്. എക്സിക്യുട്ടീവ് എൻജിനിയർ ടി.കെ. ഷിബുജാൻ, തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ മിഥ വി. ധരൻ, മുഹമ്മദ് അസ്‍ലഹ്, ദേശീയപാതാവിഭാഗം ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്റഫ്, സർവേ സൂപ്പർവൈസർ പി. ഗോപാലകൃഷ്ണൻ, കുറ്റിപ്പുറം ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ സജ്‌ന സയിദ്, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർമാരായ ലക്ഷ്മി, സുനിൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

മാറാക്കരയിൽ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗം ജംഷീറ സജീഹ്, വാർഡംഗം മനാഫ് കല്ലൻ, അബൂബക്കർ തുറക്കൽ, മൂർക്കത്ത് അഹമ്മദ്, മുഹമ്മദലി പള്ളിമാലിൽ തുടങ്ങിയവർ പങ്കെടുത്തു.

കുറ്റിപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വൈസ് പ്രസിഡന്റ് റിജിത ഷലീജ്, വാർഡംഗം മുംതാസ് ബീഗം, സിദ്ദീഖ് പരപ്പാര തുടങ്ങിയവരും പങ്കെടുത്തു.