അരീക്കോട് : അരീക്കോട് സുല്ലമുസ്സലാം ഹയർ സെക്കൻഡറി സ്കൂളിൽ സ്പോർട്സ് മീറ്റ് നടക്കുന്ന മൈതാനത്ത് സമൂഹവിരുദ്ധരുടെ അഴിഞ്ഞാട്ടം. അരീക്കോട് ടൗണിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ മൈതാനം സ്ഥിതിചെയ്യുന്നത് ചാലിയാറിന്റെ മറുകരയിൽ തെരട്ടമ്മൽ ഗ്രാമത്തിലാണ്.
ഇവിടെ ചൊവ്വ, ബുധൻ ദിവസങ്ങളിലായി സ്കൂൾമീറ്റ് നടത്താനായിരുന്നു സ്കൂൾ അധികൃതരുടെ തീരുമാനം. ഒരുവിധ തണലും ഇല്ലാത്ത മൈതാനത്ത് മത്സരാർഥികൾക്ക് വിശ്രമിക്കാനും മറ്റുമായി വൻതുക ചെലവഴിച്ച് ഷീറ്റുകളും മറ്റും വാടകയ്ക്കെടുത്ത് അധികൃതർ ഷെഡ്ഡുകൾ നിർമിക്കുകയും ഇതിനകത്ത് കുടിവെള്ളസൗകര്യമടക്കം ഒരുക്കുകയും ചെയ്തിരുന്നു.ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ചൊവ്വാഴ്ച വളരെ സുഗമമായി മത്സരങ്ങൾ നടക്കുകയുംചെയ്തു. ബുധനാഴ്ച രാവിലെ മത്സരങ്ങളുടെ മുന്നൊരുക്കങ്ങൾക്കായി മൈതാനത്തെത്തിയ അധ്യാപകരാണ് ഷെഡ്ഡുകൾ തകർത്ത് അതിന്റെ ഷീറ്റുകളും മറ്റും കീറി നശിപ്പിച്ച നിലയിൽ കണ്ടത്.വിവരമറിഞ്ഞ് മാനേജ്മെന്റ് പ്രതിനിധികളും പി.ടി.എ. ഭാരവാഹികളും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയ ശേഷം ജില്ലാ പോലീസ് മേധാവിയെ ബന്ധപ്പെടുകയും അരീക്കോട് പോലീസിൽ പരാതിനൽകുകയും ചെയ്തു.
ഇതിനിടെ മുവായിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിലെ ഭൂരിഭാഗം വിദ്യാർഥികളും മത്സരം നിർത്തിവെച്ച് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. സ്കൂളിൽ നിന്നാരംഭിച്ച മാർച്ച് പത്തനാപുരം വഴി തെരട്ടമ്മൽ അങ്ങാടിയിൽ അവസാനിച്ചു. ഇത്തരം പ്രവർത്തനങ്ങൾക്കൊണ്ട് കായികതാരങ്ങളുടെയോ മറ്റു വിദ്യാർത്ഥികളുടെയോ മനോവീര്യം തകർക്കാമെന്ന് വിചാരിക്കരുതെന്ന് തുടർന്നുനടന്ന യോഗത്തിൽ സംസാരിച്ചവർ മുന്നറിയിപ്പു നൽകി. കുറ്റംചെയ്തവരെ നിയമത്തിനുമുൻപിൽ കൊണ്ടുവരുമെന്നും ശിക്ഷ ഉറപ്പാക്കുമെന്നും അവർ ഉറപ്പിച്ചു പറഞ്ഞു.
ഊർങ്ങാട്ടിരി പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന യോഗത്തിൽ പി.ടി.എ. പ്രസിഡന്റ് നൗഷർ കല്ലട, എസ്.എം.സി. ചെയർമാൻ അബ്ദുൽ കയ്യുംകോട്ട, വൈസ് ചെയർമാൻ ജാബിർ കാരാട്ടിൽ, സി. മുഹമ്മദ് അസ്‌ലം, പ്രിൻസിപ്പൽ സി.പി. അബ്ദുൽ കരീം, പ്രഥമാധ്യാപകൻ എം.പി. റഹ്‌മത്തുള്ള, സ്കൂൾ ലീഡർ ടി.പി. റിഷാൻ തുടങ്ങിയവർ പ്രസംഗിച്ചു.
മുൻവർഷങ്ങളിൽ സ്കൂൾ അധികൃതർ മൈതാനത്ത് സ്ഥാപിച്ച ബോർഡ് തകർത്തതിന്റെ തുടർച്ചയാണ് ഈ പ്രവർത്തിയെന്നാണ് സ്കൂൾ അധികൃതർ കരുതുന്നത്. മൈതാനത്തിന്റെ ഉപയോഗം പൂർണമായും കായികപ്രവർത്തനങ്ങൾക്ക് മാത്രമാക്കാൻ ലക്ഷ്യമിട്ട്, മൈതാനത്തിലേക്ക് വാഹനങ്ങൾ ഇറങ്ങാൻ കഴിയാത്തവിധത്തിൽ മാറ്റംവരുത്തിയത് പ്രദേശത്തെ സാമൂഹവിരുദ്ധരുടെ എതിർപ്പിനിടയാക്കിയിരുന്നു. ആദ്യമായാണ് കുട്ടികളുടെ സ്പോർട്സ് മത്സരങ്ങൾ ഇവിടെ തടസ്സപ്പെടുന്നത്. മൂന്നരയേക്കറോളംവരുന്ന വിശാലമായ മൈതാനത്ത് ഉപജില്ലാ സ്പോർട്സ് അടക്കം നടത്താനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം.
Published: 18 Sept 2026, 03:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented