വടപുറം : കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ പാതയിലും നിലമ്പൂർ-പെരിന്തൽമണ്ണ പാതയിലും കാൽനടയാത്രക്കാരുടെ പ്രയാസങ്ങൾ തീരുന്നില്ല. നടപ്പാതകളിലെ സാഹസിക കാൽനടയാത്രയ്ക്ക് പുറമേ റോഡ് മുറിച്ചുകടക്കലും പണിയായി. ഭയത്തോടെയല്ലാതെ റോഡ് മുറിച്ചുകടക്കാനാകാത്ത സ്ഥിതിയാണ് പലയിടത്തും.

To advertise here,

തിരക്കേറിയ അങ്ങാടികളിലെല്ലാം വരകൾ മാഞ്ഞിട്ടുണ്ട്. വടപുറത്താണ് കാൽനടയാത്രക്കാർക്ക് ഏറെ ഭീതി. അപകടം പതിയിരിക്കുന്ന ഇവിടെ വിദ്യാർഥികളെ റോഡ് മുറിച്ചുകടക്കാൻ പലപ്പോഴും നാട്ടുകാർ രംഗത്തിറങ്ങേണ്ടിവരുന്നതായി പഞ്ചായത്ത് മുൻ അംഗം വി.ടി. നാസർ പറയുന്നു.

സുരക്ഷായാത്രയ്ക്കുള്ള മുൻകരുതലുകളുടെ ഭാഗമായി റോഡിൽ സീബ്രാ വരകളിടാൻ പൊതുമരാമത്തു വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്-നിലമ്പൂർ ഗൂഡല്ലൂർ പാതയും നിലമ്പൂർ പെരിന്തൽമണ്ണ പാതയും സംഗമിക്കുന്ന ഇടം കൂടിയാണ് വടപുറം അങ്ങാടി.

ഇരുപാതകളിൽ നിന്നുമുള്ള ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. ഇവിടെ സീബ്രാലൈൻ മാഞ്ഞിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റും വാർഡംഗവും ഉൾപ്പെടെയുള്ളവർ പൊതുമരാമത്തുവകുപ്പ് നിരത്തുകൾ വിഭാഗം നിലമ്പൂർ കാര്യാലയത്തിൽ നേരിട്ടെത്തി അപേക്ഷ നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപങ്ങളുയരുന്നു. വടപുറം കവലയിൽ വണ്ടൂർ റോഡിലും മഞ്ചേരി റോഡിൽ ചെക്ക്പോസ്റ്റിന് മുൻപിലും ബീമ്പുങ്ങലിൽ എ.എം.യു.പി. സ്കൂളിനു മുൻപിലും ഇപ്പൂട്ടിങ്ങലിൽ ജി.എം.എൽ.പി. സ്കൂളിനു മുൻപിലുമൊന്നും നിലവിൽ സീബ്രാവരകളില്ല. മമ്പാട് അങ്ങാടിയിലും വരകൾ മാഞ്ഞു.