എടവണ്ണ : ആമസോൺ വ്യൂ പോയിന്റ് വിനോദസഞ്ചാരമേഖലയാക്കുമെന്ന് മന്ത്രി പി.കെ. ബഷീർ. ടൂറിസം വകുപ്പ്‌ മന്ത്രിയുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തും. എടവണ്ണ വയോജനസൗഹൃദ പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എടവണ്ണ പഞ്ചായത്തിലെ ചാത്തല്ലൂർ, കുളപ്പാട് മേഖലയിലെ ഏലൻകല്ല്, മൂന്നുകല്ല് മലകളുടെ മുനമ്പാണ് സഞ്ചാരികളെ മനംമയക്കും കാഴ്ചകളുടെ മുൾമുനയിലെത്തിക്കുന്നത്.

To advertise here,

വഴിയില്ലാതെ കാടുകൾ മൂടി എത്തിപ്പെടാൻ പ്രയാസമേറിയ ഇടമാണിത്. മലഞ്ചെരിവുകളും ചാലിയാറുമാണ് പ്രത്യേകത. കുളപ്പാട്, ചാത്തല്ലൂർ, മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം എന്നീ പ്രദേശങ്ങളിലൂടെ ഇവിടെയെത്താം. അതേസമയം എല്ലാം ദുർഘടപാതകൾ, അപകടമേറിയതും. പാറക്കെട്ടുകളിലും വഴികളിലും മറ്റും വഴുതിവീണ് ഇവിടെ അപകടങ്ങൾ ഒട്ടേറെയുണ്ടായി. താഴ്ചയിലേക്ക് വീണ് മരണങ്ങളുമുണ്ടായി. പലപ്പോഴും അധികൃതർ യാത്രാവിലക്ക് ഏർപ്പെടുത്താറുണ്ടെങ്കിലും ഫലം കാണുന്നില്ല.

കാഴ്ച കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ദിവസവും ഒട്ടേറെ പേരാണെത്തുന്നത്. സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടികൾ വേണമെന്നാണ് ആവശ്യം. ഇവിടെ സുരക്ഷിതപാതയൊരുക്കാനും മറ്റുമായി നേരത്തെ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. പ്രഥമഘട്ടത്തിൽ 30 ലക്ഷത്തിന്റെ പദ്ധതിയൊരുക്കിയെങ്കിലും സാങ്കേതികക്കുരുക്കിൽ മുടങ്ങി. സുരക്ഷാമാർഗങ്ങളൊരുക്കി വിനോദസഞ്ചാരമേഖലയാക്കിയാൽ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്താകും. എടവണ്ണ, മമ്പാട് പഞ്ചായത്തുകളിലും വികസനമുന്നേറ്റത്തിനു വഴിയൊരുക്കാനാകുമെന്നാണ് വിലയിരുത്തൽ.

എടവണ്ണയിൽ അത്യാധുനിക വയോജന പാർക്കിനും പദ്ധതി

എടവണ്ണ : രാജ്യത്തിനു മാതൃകയാകുന്ന രീതിയിൽ എടവണ്ണ ഗ്രാമപ്പഞ്ചായത്തിൽ ആധുനികസൗകര്യങ്ങളോടെ വയോജന പാർക്കിന് പദ്ധതിയിടുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. എടവണ്ണയെ വയോജനസൗഹൃദ ഗ്രാമപ്പഞ്ചായത്തായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്നവർക്ക് പകൽ ഒത്തുകൂടാനാകുന്ന തരത്തിലുള്ള വിപുലമായ പദ്ധതിയാണു ലക്ഷ്യം. വിശാലമായ സ്ഥലം കണ്ടെത്തി അത്യാധുനികസൗകര്യങ്ങളോടെ കെട്ടിടമൊരുക്കേണ്ടതുണ്ട്. സംസ്ഥാനസർക്കാരിന്റെയും ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളുടെയും സാമ്പത്തികസഹായത്തോടെ പദ്ധതി ഒരുക്കാനാകും. സ്‌പോൺസർമാരുടെ സഹായവും തേടാം. പ്രിയങ്കാഗാന്ധി എം.പി.യുടെ സഹായത്തോടെ സി.എസ്.ആർ. ഫണ്ടുകളും ലഭ്യമാക്കാനാകും. പഞ്ചായത്തിലെ വിവിധ രാഷ്‌ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും കൂട്ടായ്‌മയിലൂടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.