പൊന്നാനി : സ്വപ്നംകണ്ട സർക്കാർ ജോലി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പൊന്നാനി നെയ്തല്ലൂർ കറുപ്പംവീട്ടിൽ സാജിതയും മകൾ ലിസ്‌നയും.

To advertise here,

എല്ലാവരുടെയുംപോലെ ഒരു സർക്കാർ ജോലി കിട്ടണമെന്ന ആഗ്രഹത്തിലായിരുന്നു സാജിത. അതിനുവേണ്ടി കഠിനാധ്വാനം ചെയ്തപ്പോൾ ആഗ്രഹം സഫലമായി. അമ്മയുടെ വഴി പിന്തുടർന്നപ്പോൾ മകളുവൈകാതെതന്നെ ആ നേട്ടം കൈപ്പിടിയിലൊതുക്കി.

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് ചമ്രവട്ടം പ്രോജക്ട് ഡിവിഷൻ കാമ്പസിലെ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ വ്യത്യസ്ത കാലയളവുകളിൽ പരിശീലനംനേടിയാണ് അമ്മയും മകളും സർക്കാർ ജോലി സ്വന്തമാക്കിയത്.

2018-ൽ കെ.എസ്.ആർ.ടി.സി. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടറായാണ് സാജിത സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. ഇപ്പോൾ പൊന്നാനി ഡിപ്പോയിലാണ്. ലിസ്‌ന ആരോഗ്യവകുപ്പിലൂടെയാണ് സർക്കാർ സർവീസിൽ പ്രവേശിച്ചിരിക്കുന്നത്. വരവൂർ പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറാണ് ലിസ്‌ന.

ന്യൂനപക്ഷവിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് സൗജന്യ പി.എസ്.സി. പരിശീലനം നൽകുന്ന പൊന്നാനി കേന്ദ്രത്തിലെ വിദഗ്ധരായ അധ്യാപകരുടെ ചിട്ടയായ മത്സരപ്പരീക്ഷാ പരിശീലനമാണ് സർക്കാർ ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചതെന്നാണ് അമ്മയും മകളും പറയുന്നത്.

മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് അമ്മയുടെയും മകളുടെയും നേട്ടം പ്രചോദനമാകുമെന്ന് പരിശീലനകേന്ദ്രം പ്രിൻസിപ്പൽ വി. ശരത്ചന്ദ്രബാബു 'മാതൃഭൂമി'യോട് പറഞ്ഞു.

പരേതനായ അബൂബക്കറിന്റെയും സാജിതയുടെയും രണ്ടുമക്കളിൽ ഇളയമകളാണ് ലിസ്‌ന. സഹോദരൻ ലാസിം ബെംഗളൂരുവിൽ അവസാനവർഷ ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർഥിയാണ്.