നവീകരണം കാത്ത് കണ്ണമ്പാറയിലെ ബാപ്പു ഹാജി സ്റ്റേഡിയം
ഒതുക്കുങ്ങൽ : സന്തോഷ് ട്രോഫി ടീമിലേക്കും ഐ.എസ്.എൽ. ക്ലബ്ബുകളിലേക്കും ഫുട്ബോൾ താരങ്ങളെ സംഭാവനചെയ്ത ഒതുക്കുങ്ങൽ പഞ്ചായത്തിൽ നല്ലൊരു കളിക്കളമില്ലാത്തത് യുവ കായികതാരങ്ങളുടെ സ്വപ്നങ്ങൾക്കു മങ്ങലേൽപ്പിക്കുന്നു.
25 വർഷത്തിലേറെ പഴക്കമുള്ള കണ്ണമ്പാറയിലെ ബാപ്പു ഹാജി സ്റ്റേഡിയം നവീകരിക്കണമെന്ന ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല.
പാറ വെട്ടിയാണ് 60 സെന്റോളം വിസ്തൃതിയുള്ള കണ്ണമ്പാറയിലെ ഈ മൈതാനം ഒരുക്കിയത്. സ്ഥലത്ത് കയറ്റിറക്കമുള്ളതിനാൽ മഴപെയ്യുമ്പോൾ മുകളിലെ മണ്ണ് ഒലിച്ചുപോയി വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണ് നിലവിൽ. പലയിടങ്ങളിൽനിന്നായി വെള്ളം സ്റ്റേഡിയത്തിനകത്തേക്ക് ഒലിച്ചെത്തുന്നതിനാൽ ചില ഭാഗങ്ങളിൽ പാർശ്വഭിത്തിക്കും തകരാർ സംഭവിച്ചിട്ടുണ്ട്.
പഞ്ചായത്ത് ഭരണസമിതി സ്റ്റേഡിയത്തിന്റെ ഒരുഭാഗത്ത് നേരത്തേ ഗാലറി നിർമിച്ചിരുന്നു. സ്റ്റേഡിയം ഹൈടെക് ആക്കി മാറ്റാനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് നവീകരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല.
പ്രദേശത്തെ സ്‌കൂളുകളിലെ സ്‌പോർട്സ് മത്സരങ്ങൾ നടത്തുന്നത് ഈ മൈതാനത്താണ്.
കഴിഞ്ഞദിവസം ഇവിടെ അറവുമാലിന്യം കുഴിച്ചിട്ടത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തദ്ദേശ മന്ത്രി കെ.എം. ഷാജിയുടെ മണ്ഡലത്തിലുൾപ്പെട്ട പഞ്ചായത്താണ് ഒതുക്കുങ്ങൽ. സ്റ്റേഡിയമെന്ന സ്വപ്നം യാഥാർഥ്യമാകാൻ മന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. പദ്ധതി നടപ്പാക്കാൻ ഭരണസമിതിയുടെ അടിയന്തര ഇടപെടലുണ്ടാകുമെന്ന് പഞ്ചായത്തംഗം എ.കെ. ഖമറുദ്ദീൻ പറഞ്ഞു.
അവസരം കാത്ത് നിരവധിപേർ
ഫുട്ബോളിൽ ദേശീയതലത്തിൽത്തന്നെ അറിയപ്പെടേണ്ട ഒട്ടേറെപ്പേരുണ്ട് ഒതുക്കുങ്ങലിൽ. പരിശീലനത്തിന് സൗകര്യമില്ലാത്തതാണ് അവർ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി.
കെ.പി. റാഷിദ്
ഫുട്ബോൾ അനൗൺസർ
നവീകരണത്തിന് ഫണ്ട് ലഭിക്കും
പഞ്ചായത്തിന്റെ ഫണ്ടുകൊണ്ടുമാത്രം നവീകരണം പൂർണമായും നടത്താനാകില്ല. അതിന് എം.എൽ.എ. ഫണ്ടോ ബജറ്റ് ഫണ്ടോ വേണം.അതു ലഭ്യമാക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.എം. ഷാജി ഉറപ്പുനൽകിയിട്ടുണ്ട്.
എ.കെ. മെഹനാസ്
ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
Published: 17 Sept 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented