നിലമ്പൂർ : മുണ്ടേരി ഉൾവനത്തിൽ തരിപ്പപൊട്ടി, കുമ്പളപ്പാറ പാലങ്ങൾക്ക് 6.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പാലം നിർമാണത്തിനു മുന്നോടിയായി ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. സ്ഥലം സന്ദർശിച്ചു.

To advertise here,

പോത്തുകൽ പഞ്ചായത്തിൽ മുണ്ടേരി ഉൾവനത്തിൽ വാണിയമ്പുഴയ്ക്ക് കുറുകേ തരിപ്പപൊട്ടി, കുമ്പളപ്പാറ എന്നിവിടങ്ങളിലാണ് പാലം പണിയുന്നത്. തരിപ്പപൊട്ടി, കുമ്പളപ്പാറ ഉന്നതികളിലുള്ളവരുടെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും. നിർദ്ദിഷ്ട പാലംവരുന്ന സ്ഥലങ്ങൾ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ്‌ എക്സിക്യുട്ടീവ് എൻജിനിയർ വിനോദ്കുമാർ ചാലിൻ, ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ സ്ഥലപരിശോധന നടത്തി.

തരിപ്പപൊട്ടിയിൽ 40 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് പാലം വരിക. കുമ്പളപ്പാറയിൽ 10 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലുമാണ് പാലം. രണ്ട് പാലങ്ങൾക്കും 250 മീറ്റർ കോൺക്രീറ്റ് അനുബന്ധ റോഡുകളുമുണ്ടാകും. ഉടൻ അടങ്കൽ തയ്യാറാക്കി ടെൻഡർ നടപടികളിലൂടെ വോഗത്തിൽ നിർമ്മാണമാരംഭിക്കുമെന്ന് എം.എൽ.എ. പറഞ്ഞു.

പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് കെ. ഷറഫുന്നീസ, സ്ഥിരംസമിതി അധ്യക്ഷന്മാരായ അബ്ദു കുന്നുമ്മൽ, എ.പി. സാദിഖലി, സിന്ധു അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം ടി.ആർ. മാധവൻ, പഞ്ചായത്തംഗം കെ. റുബീന, സി.വി. മുജീബ്, ഉബൈദ് കാക്കീരി എന്നിവരും ഒപ്പമുണ്ടായിരുന്നു.