നവീകരിക്കുന്നതിന്‌ അരക്കോടി രൂപയുടെ പദ്ധതിക്ക്‌ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു

To advertise here,

മലപ്പുറം : പണം റെഡിയായി. ഇനിയെങ്കിലും നോക്കുകുത്തിയായി കിടക്കുന്ന മലപ്പുറം നഗരസഭയുടെ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് നവീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത്‌ സ്ഥാപിച്ച മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് നവീകരിക്കുന്നതിന്‌ അരക്കോടി രൂപയുടെ പദ്ധതിക്ക്‌ ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു.

ആറുവർഷം മുൻപ് ഉദ്ഘാടനംകഴിഞ്ഞ് പ്ലാന്റ് ഒരു ഉപകാരവുമില്ലാതെ കിടക്കുന്ന കാഴ്‌ച കാണാനാണ് മലപ്പുറം നിവാസികൾക്കു വിധി.

16-ാം കേന്ദ്ര ധനകാര്യകമ്മിഷന്റെ സി.എഫ്.സി. ടൈഡ് ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയാണു വകയിരുത്തിയത്.

കൂടാതെ പ്ലാന്റിലേക്ക്‌ ശുദ്ധീകരണത്തിനുള്ള മലിനജലമെത്തിക്കുന്നതിനും ശുദ്ധീകരിച്ച വെള്ളം കൊണ്ടുപോകുന്നതിനും രണ്ടു ടാങ്കർലോറികൾ വാങ്ങുന്നതിനും സി.എഫ്.സി. ബേസിക് ഗ്രാന്റിൽനിന്ന് 50 ലക്ഷം രൂപയുമാണു വകയിരുത്തിയത്.

35 ലക്ഷം ചെലവഴിച്ചു നിർമിച്ച പ്ലാന്റ് 2020 ജനുവരി നാലിനാണ് ഉദ്ഘാടനം കഴിഞ്ഞത്.

ഹോട്ടലുകളിൽനിന്നും മറ്റും എത്തിക്കുന്ന മലിനജലം ശുദ്ധീകരിച്ച്‌ പുനരുപയോഗിക്കുന്നതായിരുന്നു പ്ലാന്റിന്റെ ലക്ഷ്യം. എന്നാൽ മലിനജലം ശുദ്ധീകരിക്കുന്നതിന് ഓയിൽ സെപ്പറേറ്റർ ടാങ്ക് അടക്കം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതെയാണ് പ്ലാന്റ് തുറന്നത്. കെടുകാര്യസ്ഥതയുടെ ഉത്തമോദാഹരണമായി പ്ലാന്റ് വൈകാതെ അറിയപ്പെടാനും തുടങ്ങി.പ്ലാന്റ് പ്രവർത്തിപ്പിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പരിശോധന നടത്തുന്നതിന് സർക്കാർ അംഗീകൃത ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇവർ സമർപ്പിച്ച എസ്റ്റിമേറ്റ് പ്രകാരം ഓയിൽ ​െസപ്പറേറ്റർ അടക്കമുള്ള സംവിധാനം ഒരുക്കാൻ പ്രാഥമികമായി 25 ലക്ഷത്തോളം ചെലവുവരുമെന്നാണ് അറിയിച്ചിരുന്നത്. ആവശ്യമായ തുക വകയിരുത്തിയതോടെ ഈ സാമ്പത്തികവർഷമെങ്കിലും പ്ലാന്റ് പ്രവർത്തനക്ഷമമാക്കാമെന്നാണു കരുതുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ വെറ്റിങ് നടപടികൾ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഏജൻസിയെ കണ്ടെത്തി നടപടികളെടുക്കേണ്ടിവരും.

ഹോട്ടലുകളിൽനിന്നുള്ള മലിനജലവും പ്ലാന്റിനോടനുബന്ധിച്ചു സ്ഥാപിച്ച ശൗചാലയത്തിലെ മലിനജലവും ശുദ്ധീകരിച്ച് ലഭിക്കുന്ന വെള്ളം കെട്ടിടനിർമാണം അടക്കമുള്ള മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015-20 കാലത്തെ ഭരണസമിതി ട്രീറ്റ്‌മെന്റ് പ്ലാന്റ് തുറന്നത്.

ഡിസംബറിൽ ടെൻഡർ

കഴിഞ്ഞയാഴ്‌ചയാണ് ഡി.പി.സി. അംഗീകാരം ലഭിച്ചത്. ഡിസംബറിൽ ടെൻഡർ നടപടികളിലേക്കു നീങ്ങും. ടാങ്കർലോറികൾ വാങ്ങാനുള്ള നടപടികളും ഇതോടൊപ്പം നടക്കും.

-ജിതേഷ് ജി. അനിൽ

(മലപ്പുറം നഗരസഭാ ഉപാധ്യക്ഷൻ)