കോടികൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം കാടുമൂടുന്നു
പൊന്നാനി : അന്തർദേശീയ ടൂറിസം പദ്ധതിയെന്നപേരിൽ വിഭാവനംചെയ്ത പൊന്നാനിയിലെ മറൈൻ മ്യൂസിയം പദ്ധതി അനിശ്ചിതത്വത്തിൽ. മ്യൂസിയത്തിനായി നിർമിച്ച കെട്ടിടം കാടുമൂടിത്തുടങ്ങിയിട്ടും പദ്ധതി യാഥാർഥ്യമാക്കാൻ നടപടിയില്ല.
ഭാരതപ്പുഴയോരത്തെ നിളാസംഗ്രഹാലയത്തിന് സമീപത്താണ് പദ്ധതി നടപ്പാക്കുന്നത്. 2016-ൽ ആരംഭിച്ച പദ്ധതി പത്തുവർഷം പിന്നിട്ടിട്ടും യാഥാർഥ്യമായത് കെട്ടിടം മാത്രം. 4.30 കോടിരൂപ ടൂറിസം വകുപ്പും എം.പി. ഫണ്ടിൽനിന്നുള്ള ഒരുകോടി രൂപയും ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. മ്യൂസിയത്തിന്റെ പ്രധാന ആകർഷണമായ പ്രദർശന സംവിധാനങ്ങൾ, അക്വേറിയം, ത്രീഡി സാങ്കേതികവിദ്യ തുടങ്ങിയവയൊന്നും സജ്ജീകരിക്കാനായില്ല. അന്തർദേശീയ നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമായി പൊന്നാനിയെ ഉയർത്തുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പദ്ധതിയാണ് വർഷങ്ങൾ പിന്നിട്ടിട്ടും അനിശ്ചിതത്വത്തിലുള്ളത്.
ദേശാടനപ്പക്ഷികളുടെയും അമ്പലപ്രാവുകളുടെയും കൂടാരമായി മാറിയിരിക്കുകയാണ് മ്യൂസിയത്തിനായി നിർമിച്ച കെട്ടിടമിപ്പോൾ. പതിനേഴായിരം ചതുരശ്രയടി വിസ്തീർണത്തിൽ 23 കോടി രൂപ ചെലവ് വരുന്ന മറൈൻ മ്യൂസിയത്തിന് അഞ്ചരക്കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ത്രീഡി സാങ്കേതികവിദ്യയുടെ സഹായത്തോടെ ലോകോത്തര മാതൃകയിൽ കടലിനടിയിലെ വിവിധ കാഴ്ചകളും ജലജീവികളുടെ സാന്നിധ്യവും സന്ദർശകർക്ക് നേരിട്ട് പഠിക്കുവാനും മനസ്സിലാക്കുവാനും കഴിയുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയത്.
പദ്ധതിയുടെ അടങ്കൽ, വിവിധഘട്ടങ്ങളിലെ വിശദമായ പദ്ധതിരേഖ, രൂപരേഖയിൽ വരുത്തിയ മാറ്റങ്ങൾ, കരാർ തുക വർധിപ്പിക്കാനുള്ള സാഹചര്യം, ഇതുവരെ ചെലവഴിച്ച തുക, ഇനി ആവശ്യമായ ഫണ്ട് എന്നിവ സംബന്ധിച്ച് സമഗ്രമായ പരിശോധന വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
വിജിലൻസ് അന്വേഷിക്കണം
പൊന്നാനി : ടൂറിസം പദ്ധതിയിൽ രാജ്യാന്തര ശ്രദ്ധയോടുകൂടി പൊന്നാനിയിൽ ആരംഭിക്കേണ്ട മറൈൻ മ്യൂസിയം പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയിട്ടുള്ള കോടികളുടെ അഴിമതികളെപ്പറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് പൊന്നാനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
Published: 20 Nov 2026, 03:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented