അർഹരായവർക്ക് വീട് നിർമിക്കാൻ എട്ടുലക്ഷം രൂപവരെ ധനസഹായം

To advertise here,

ഊരുകൂട്ടത്തിന്റെ പങ്കാളിത്തത്തോടെ അർഹരായവരെ കണ്ടെത്തും

നിലമ്പൂർ : നഗരസഭാ പരിധിയിലെ പട്ടികവർഗ കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ഭവനസൗകര്യം ഉറപ്പാക്കുന്നതിനുള്ള പുതിയ ഭവനനിർമാണ പദ്ധതിയുടെ ഭാഗമായി പ്രാഥമികസർവേ തുടങ്ങി.

നഗരസഭയും പട്ടികവർഗ വികസനവകുപ്പ് ഐ.ടി.ഡി.പി.യും സംയുക്തമായാണ് പ്രാഥമിക സർവേ ആരംഭിച്ചത്. ചേലശ്ശേരിക്കുന്ന്, വരടേംപാടം, കല്ലേമ്പാടം, മുതീരി, വല്ലപ്പുഴ എന്നീ ഉന്നതികളിൽ പരിശോധന നടത്തി. അഞ്ച് ഉന്നതികളിലായി 87 വീടുകൾ സർവേ നടത്തിയതിൽ 28 വീടുകളാണ് പുതിയ ഭവനപദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.

തുടർന്ന് നഗരസഭയിലെ മറ്റു ഉന്നതികളായ സി.എച്ച്. കോളനി, ഇയ്യംമട, മുതുകാട്, മുക്കർശ്ശി, പാടിക്കുന്ന്, ചക്കപ്പാലി, നല്ലംതണ്ണി എന്നിവിടങ്ങളിലും സർവേ നടത്തും. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പ്രഖ്യാപിച്ച പട്ടികവർഗ ഭവനനിർമാണ പദ്ധതിയിലൂടെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനായി എട്ടുലക്ഷം രൂപവരെയാണ് സഹായധനം ലഭ്യമാക്കുന്നത്. ഉന്നതികളിലെ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി, വീടുകളുടെ അവസ്ഥ, ഭൂമിയുടെ ലഭ്യത, കുടുംബാംഗങ്ങളുടെ വിവരങ്ങൾ, ഭവനസൗകര്യങ്ങളുടെ അപര്യപ്തത തുടങ്ങിയവ നേരിട്ട് പരിശോധിച്ച് ശേഖരിക്കുകയാണ് പ്രാഥമിക സർവേയുടെ ലക്ഷ്യം.

സർവേ പൂർത്തിയാക്കി ഊരുകൂട്ടങ്ങൾ വിളിച്ചുചേർത്ത് കുടുംബങ്ങളുടെ വിവരങ്ങൾ അവതരിപ്പിച്ച് ഊരുകൂട്ടത്തിന്റെ പങ്കാളിത്തത്തോടെ അർഹരായ കുടുംബങ്ങളെ കണ്ടെത്തി മുൻഗണനാക്രമം നിശ്ചയിച്ച ശേഷമായിരിക്കും ഭവനപദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

ഉന്നതികളിൽ പ്രാഥമിക സർവേ നടത്തുന്നതിന് നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, മുസ്‌തഫ കളത്തുംപടിക്കൽ, സുരേഷ് പാത്തിപ്പാറ, മേരിസ് ഷിബു, നഗരസഭാ സെക്രട്ടറി കെ. അൻഷിദ്, ട്രൈബൽ എക്സറ്റൻഷൻ ഓഫീസർ കെ.വി. ജയേഷ്, കൗൺസിലർ റീന, നഗരസഭാ ഓവർസിയർ വി. ഹരിപ്രസാദ്, ഐ.ടി.ഡി.പി. ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വംനൽകി.