ആന്റി നക്സൽ ടെറർ ഫോഴ്‌സിനെ നയിച്ച ആദ്യ വനിതയും മലപ്പുറത്തെ ആദ്യ വനിതാപോലീസ് മേധാവിയുമായ ചൈത്ര തെരേസ ജോൺ സംസാരിക്കുന്നു

To advertise here,

പോലീസ് സേനയിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവല്ലേ? പോലീസ്‌സേനയിൽ സ്ത്രീകളുടെ എണ്ണം ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. പ്രത്യേകിച്ച് കോൺസ്റ്റബിൾ പോലുള്ള റാങ്കുകളിൽ. ജനങ്ങൾ ഒരു പ്രശ്നവുമായി ആദ്യമെത്തുന്നത് ഇവരിലേക്കായതിനാൽ അത്തരം റാങ്കുകളിൽ സ്ത്രീകൾ കൂടുതലുണ്ടാകേണ്ടത് അനിവാര്യമാണ്. അങ്ങനെവരുമ്പോൾ ഒരു പ്രശ്നവുമായി സ്റ്റേഷനിലെ ത്തുമ്പോൾ സ്ത്രീകൾക്ക് കൂടുതൽ സൗകര്യമായി പ്രശ്നങ്ങൾ പറയാനാകും.

നിലവിൽ അത്തരമൊരു സാഹചര്യമില്ല എന്നതാണ് യാഥാർഥ്യം. സേനയിൽ സ്ത്രീകൾ കൂടുന്നത് സമൂഹത്തിന്റെ ആവശ്യമാണ്.

സ്ത്രീയ്ക്ക് പോലീസ്‌ജോലി എന്നത് ഇന്നും അംഗീകരിക്കാൻ പറ്റാത്തവരില്ലേ? സമൂഹം ഇന്നും പ്രവർത്തിക്കുന്നത് പുരുഷാധികാര വ്യവസ്ഥയിലാണ്. സ്ത്രീകൾ ജോലിക്കുപോയാലും കുടുംബം, കുട്ടികൾ എന്നിവയുടെ ഉത്തരവാദിത്വം അവർക്കാണ് എന്ന ചിന്താഗതിക്ക്‌ ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. ഇതൊരു പരിമിതിയാണ്. ആദ്യം മാറ്റംവരേണ്ടത് ഇത്തരം സാമൂഹിക ധാരണകളിലാണ്. എങ്കിലേ സമഗ്രമായ വ്യത്യാസം പ്രകടമാകൂ. സ്ത്രീകൾ പോലീസാകുന്നത് സമൂഹത്തിന് നല്ലതാണെന്നുള്ള തിരിച്ചറിവ് പൊതുബോധത്തിന്റെ ഭാഗമാകണം.

കുറ്റാന്വേഷണം പോലുള്ള പ്രധാനവിഷയങ്ങളിൽ വനിതാ പോലീസുകാർക്ക് വേണ്ട പരിഗണന കിട്ടുന്നില്ലേ?

എസ്.ഐ. പോലുള്ള ഓഫീസർ പോസ്റ്റുകളിലേക്ക് സ്ത്രീകളെ നേരിട്ട് നിയമനംനടത്താൻ തുടങ്ങിയിട്ട് അധികം കാലമായില്ലല്ലോ. അതിനാൽതന്നെ എണ്ണം കുറവാണ്. പലരും ഞാൻ നേരത്തേ പറഞ്ഞതുപോലെ കുടുംബംപോലെയുള്ള ഉത്തരവാദിത്വങ്ങൾക്കിടയിൽപ്പെടുന്നത് അവരുടെ കാര്യക്ഷമതയെ ബാധിക്കാൻ കാരണമാണ്. പിന്നെ വനിതാപോലീസുകാരും തങ്ങളുടെ കരിയറിനെ വളർത്തുന്നതിൽ ശ്രദ്ധിക്കണം. അതും പ്രധാനമാണ്.

സേനയ്ക്കകത്ത് വനിതാ പോലീസുകാർ വിവേചനം നേരിടുന്നുണ്ടോ? ഇല്ല എന്ന് പൂർണമായി പറയാനാകുമോ എന്നറിയില്ല. ഉയർന്ന റാങ്കിലിരുന്ന് താഴേക്കിടയിലുള്ള പോലീസുകാർ പ്രശ്നം അനുഭവിക്കുന്നില്ല എന്ന് എനിക്ക് പറയാനാകില്ലല്ലോ. എങ്കിലും പോലീസ്‌സേന പൊതുവേ ലിംഗസൗഹാർദമുള്ള മേഖലയാണ്. പുതിയ തലമുറ പ്രത്യേകിച്ചും ആൺ-പെൺ ഭേദമില്ലാതെ ഇടപ്പെടുന്നുണ്ട്. തൊഴിൽ വിഭജനത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. സ്ത്രീകൾ കൂടുതലായി കടന്നുവരുന്നതും ചിന്താഗതിയിലുണ്ടാകുന്ന മാറ്റങ്ങളും വിവേചനങ്ങളെ ഇല്ലാതാക്കുകതന്നെ ചെയ്യും.