മലപ്പുറം : വികസിച്ചുകൊണ്ടിരിക്കുന്ന ജില്ലയുടെ ഭരണസംവിധാനങ്ങൾക്ക് കൂടുതൽ കരുത്തുപകരാൻ കളക്ടറേറ്റിൽ റവന്യൂ ടവർ ഉയരും.
ഒട്ടേറെ സർക്കാർ ഓഫീസുകളെ ഒരു മേൽക്കൂരയ്ക്കുകീഴിൽ അണിനിരത്തി പൊതുജനങ്ങൾക്ക് വേഗത്തിലും സുഗമമായും സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിലെ ജില്ലയ്ക്കുള്ള മികച്ച സമ്മാനങ്ങളിലെന്നായിരുന്നു റവന്യൂ ടവർ. ഇതിനായി ഏഴ് കോടി രൂപയാണ് വകയിരുത്തിയത്.
മന്ത്രിമാരായ എ.പി. അനിൽകുമാറിന്റെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും താത്പര്യപ്രകാരമാണ് സ്വപ്‌നപദ്ധതി ജില്ലയ്ക്ക് കിട്ടിയത്.
രണ്ട് ടവറുകൾ, പത്ത് നിലകൾ
മലപ്പുറം സിവിൽ സ്റ്റേഷനിൽ കളക്ടറുടെ കാര്യാലയത്തിനു മുന്നിലായാണ് അത്യാധുനിക രീതിയിലുള്ള കെട്ടിടം ഉയരുക.
രണ്ട് കൂറ്റൻ ടവറുകളിലായി മൊത്തം 10 നിലകളിലായാണ് നിർമാണം ഉദ്ദേശിക്കുന്നത്. ഇവിടെ 600 വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഒരുക്കും. കളക്ടറേറ്റിലെ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങളെയും ജനസേവനങ്ങളെയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലായിരിക്കും നിർമാണം ആസൂത്രണം ചെയ്യുക. ഇവിടെയുള്ള പല ജില്ലാ ഓഫീസുകളിലും മതിയായ സ്ഥലസൗകര്യമില്ലെന്നും അടിസ്ഥാനസൗകര്യമുൾപ്പെടെ ഒരുക്കണമെന്നും ഇവിടെയെത്തുന്ന സാധാരണക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. ഉദ്യോഗസ്ഥരും ഇതേ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. മിക്കതും ഇപ്പോഴും പഴയ സ്ഥിതിയിൽതന്നെ തുടരുകയുമാണ്.
പുതിയ കെട്ടിടം വരുമ്പോൾ ഏതൊക്കെ ഓഫീസുകൾ ഇതിലേക്ക് മാറ്റിസ്ഥാപിക്കുമെന്നോ ശോചനീയാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഇതിന്റെ ഭാഗമായി നവീകരിക്കുമെന്നോ തീരുമാനിച്ചിട്ടില്ല. മാസ്റ്റർപ്ലാൻ തയ്യാറാവുന്നതോടെ ഇതിന്റെ ചിത്രം വ്യക്തമാകും.
ഓരോ വകുപ്പിന്റെയും പ്രവർത്തനപരമായ ആവശ്യങ്ങളും സൗകര്യങ്ങളും മുൻനിർത്തി പ്രത്യേക ഘടനയിലായിരിക്കും പുതിയ ഓഫീസുകൾ രൂപകല്പന ചെയ്യുന്നത്. നിലവിലുള്ള കെട്ടിടങ്ങൾ പെട്ടെന്ന് മാറ്റാതെത്തന്നെ നിർമാണം തുടങ്ങാനുള്ള പ്രായോഗിക സാധ്യതകളും പരിശോധിക്കുന്നുണ്ട്.
യോഗം ചേർന്നു
നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിന്റെ ഭാഗമായി കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു. കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷനായി. പദ്ധതിക്കുള്ള സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും നിർമാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും അദ്ദേഹം വിവിധ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി.
എ.ഡി.എം. പി.ഒ. സാദിഖ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ടി.കെ. അഹമ്മദ്, മലപ്പുറം നഗരസഭാംഗം ഹാരിസ് ആമിയൻ, മന്ത്രിയുടെ പ്രതിനിധികളായ പി.എ. സലാം, പി.കെ. ബാവ, കെ.പി.എം. മൻസൂർ, പൊതുമരാമത്ത്, പി.ആർ.ഡി. വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Published: 12 Sept 2026, 02:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented