കുറ്റിപ്പുറം : വൈദ്യുതി നിയന്ത്രണ സമയം മുതലെടുത്ത് കുറ്റിപ്പുറം ജി.എച്ച്.എസ്.എസിലും ജി.യു.പി. സ്കൂളിലും മോഷണശ്രമം.

To advertise here,

വ്യാഴാഴ്ച രാത്രി വൈദ്യുതി നിയന്ത്രണസമയത്താണ് മോഷ്ടാവ് സ്കൂളുകളിൽ പ്രവേശിച്ചത്.

ഹൈസ്കൂളിൽ രാത്രി 10.30-നാണ് മോഷ്ടാവ് എത്തിയതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്.

ആദ്യം ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ഫയലുകൾ മുഴുവൻ വാരിവലിച്ചിട്ടു.ഓഫീസിൽ ലാപ്ടോപ്പ് ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങളുണ്ടായിരുന്നെങ്കിലും ഒന്നുംതന്നെ നഷ്ടപ്പെട്ടിട്ടില്ല.

ഓഫീസിൽനിന്ന് താക്കോൽക്കൂട്ടം കൈക്കലാക്കിയശേഷമാണ് മോഷ്ടാവ് മറ്റ് മുറികൾ തുറക്കാൻ ശ്രമിച്ചത്.

ലൈബ്രറിയുടെയും കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെയും പൂട്ടുകൾ തല്ലിപ്പൊളിച്ചാണ് അകത്തുകയറിയത്. ലൈബ്രറിയിൽ ഉണ്ടായിരുന്ന ലാപ്ടോപ്പും സുരക്ഷിതമായിത്തന്നെ ഉണ്ടായിരുന്നു.

പണമാണ് മോഷ്ടാവിന്റെ പ്രധാന ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം.

സമാനരീതിയിൽ ജി.യു.പി. സ്കൂളിലെ ഓഫീസ് മുറിയും മോഷ്ടാവ് കുത്തിത്തുറന്നു.

ഇവിടെയും ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

ഹൈസ്കൂൾ പ്രഥമാധ്യാപിക റീന കുറ്റിപ്പുറം പോലീസിൽ പരാതി നൽകി.

കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ വി.കെ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി. സബ് ഇൻസ്പെക്ടർമാരായ പ്രസന്നകുമാർ, സുധീർ, എ.എസ്.ഐ. അമ്പിളി, സി.പി.ഒ.മാരായ ഡെന്നീസ് കുമാർ, നിഷാന്ത് എന്നിവരും സംഘത്തിലുണ്ടായി. പരിസരപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

മലപ്പുറത്തുനിന്നുമെത്തിയ ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും പരിശോധന നടത്തി.