മലപ്പുറം : കൊളക്കാടൻ സുബൈറിന്റെയും റൈഹാനത്തിന്റെയും വീട്ടിൽ ശനിയാഴ്ച കതിർമണ്ഡപവും സദ്യയും ഒരുങ്ങി. വധുവായൊരുങ്ങിയിറങ്ങിയ നിഷ ദക്ഷിണ വെച്ച് ഇരുവരുടെയും കാൽ തൊട്ടു വണങ്ങി അനുഗ്രഹം തേടി. തലയിൽതൊട്ടനുഗ്രഹിക്കുമ്പോൾ മകളുടെ നല്ല ഭാവിജീവിതമായിരുന്നു ഇരുവരുടെയും മനസ്സിൽ. ചെറുപ്പത്തിലേ നഷ്ടമായ മാതാപിതാക്കളുടെ സ്‌നേഹവും കരുതലും തന്ന അരീക്കോട് കുട്ടൂളി സുബൈറിനെയും റൈഹാനത്തിനെയും വിട്ടുപിരിയുന്നതിന്റെ സങ്കടമായിരുന്നു നിഷയ്ക്ക്. നിഷയെന്ന മകൾക്ക് ഈ കുടുംബം ഒരുക്കിയ കല്യാണം, വിശേഷംതന്നെയാണ്.
വളരെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ടതാണ് നിഷയ്ക്ക്. 10 വർഷം മുൻപാണ് നിലമ്പൂരിലെ ചുങ്കത്തറ നല്ലംതണ്ണിയിലെ എരഞ്ഞിക്കൽ നിന്ന് കൊളക്കാടൻ വീട്ടിൽ സഹായിയായി എത്തിയത്. അന്നുമുതൽ അവളുടെ കുടുംബം ഇതാണ്. പെൺകുട്ടികളില്ലാത്ത സുബൈറും റൈഹാനത്തും അവളുടെ അച്ഛനുമമ്മയുമായി. അബു ജുനൈസും യാനിഷും ജിത്തുൽ ജിൻഷിദും അവളുടെ സഹോദരങ്ങളായി. അവൾ വന്ന കാലംതൊട്ട് ഓണവും വിഷുവുമൊക്കെ കൊളക്കാടൻ വീട്ടിലും പെരുന്നാളായി. 22 വയസ്സായതോടെ അവൾക്കുവേണ്ടി ഒരു പങ്കാളിയെ അന്വേഷിച്ചതും ഈ കുടുംബംതന്നെ. അങ്ങനെ കാവനൂർകാരൻ ബിനീഷ് നിഷയുടെ ജീവിതപങ്കാളിയായി.
ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താൻതന്നെയായിരുന്നു തീരുമാനം. കാർമികരായി അപ്പൂട്ടനും ബാബുവും ചേർന്നു. നിഷയുടെ നാട്ടിലുള്ള നാല് സഹോദരങ്ങളും കുടുംബക്കാരും കല്യാണത്തിനെത്തി. വീട്ടുകാരും നാട്ടുകാരും പള്ളിക്കമ്മിറ്റിയും ഒക്കെ ഫുൾ സപ്പോർട്ടോടെ കൂടെക്കൂടി.
അതോടെ കല്യാണം കളറായി. മകളെ കൈപിടിച്ച് കൊടുക്കുമ്പോൾ സുബൈറിന് ഒരു പിതാവിന്റെ സന്തോഷവും സങ്കടവും ഒരുപോലെ മനസ്സിൽ നിറഞ്ഞു.
‘അവൾ ഞങ്ങൾക്ക് മകൾ തന്നെയായിരുന്നു. പോയപ്പോൾ നല്ല വിഷമമുണ്ട്. പക്ഷേ, അവിടെയും അവൾ സന്തോഷവതിയായി ജീവിക്കും എന്നോർക്കുമ്പോൾ മനസ്സിന് സമാധാനമുണ്ട്.’- സുബൈറും റൈഹാനത്തും പറയുന്നു. കല്യാണം കഴിഞ്ഞ് സ്റ്റേജിൽനിന്ന് ഒരു കുടുംബഫോട്ടോ ക്യാമറ ക്ലിക്ക് ചെയ്യുമ്പോൾ കണ്ടുനിന്ന ഒരു നാടിന്റെ ഉള്ളവും നിറയുകയായിരുന്നു…
Published: 27 Oct 2026, 03:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented