പത്തപ്പിരിയം : തോടിനുകുറുകേയുള്ള പാലം പുതുക്കിപ്പണിത് പാത വീതികൂട്ടി നവീകരിക്കണമെന്ന് ആവശ്യം. പന്തപ്പള്ളി പുത്തൻതോടിനു കുറുകേ വർഷങ്ങൾക്കു മുൻപ് നിർമിച്ച പാലമാണ് പുതുക്കിപ്പണിയണമെന്ന ആവശ്യമുയരുന്നത്. കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ പാതയിൽ തൃക്കലങ്ങോട് പഞ്ചായത്തിനെയും എടവണ്ണ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണിത്.

To advertise here,

നിലവിൽ അപകടാവസ്ഥയിലാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. കോൺക്രീറ്റ് പലയിടത്തും അടർന്ന് ദ്രവിച്ച കമ്പികൾ പുറത്തുകാണുന്നുണ്ട്. ആയിരക്കണക്കിന് വാഹനങ്ങൾ ദിവസവും പോകുന്ന പാതയാണിത്. കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ പാതയിൽ ഏറ്റവും വീതികുറഞ്ഞ മേഖല കൂടിയാണിത്.

പ്രാധാന്യം കണക്കിലെടുത്ത് ആധുനികരീതിയിലുള്ള പാലം നിർമിച്ച് പാത വീതികൂട്ടണമെന്നാണ് ആവശ്യം. അതേസമയം, നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം പൂർത്തിയാക്കുമെന്ന് മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ട പ്രവൃത്തിയിൽ കുണ്ടുതോട് എരഞ്ഞിക്കോട് പാലംമുതൽ കാരക്കുന്ന് ജങ്ഷൻവരേ നവീകരണത്തിന് 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഈ പ്രവൃത്തിയിൽ പന്തപ്പള്ളിയിലെ പാലം പുതുക്കിപ്പണിയലും പാത വീതികൂട്ടലും ഉൾപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് പന്തപ്പള്ളിയിലെ പ്രവൃത്തി ആദ്യം നടത്തണമെന്നുമാണ് ആവശ്യം.