തുവ്വൂർ : തയ്റക്കൽ എ.യു.പി. സ്കൂൾ മൈതാനത്തിലെ അപകടാവസ്ഥയിലുള്ള ചുറ്റുമതിൽ പൂർണമായി പൊളിച്ചുനീക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഡോ. വിനയ് ഗോയൽ ഉത്തരവിട്ടു.

To advertise here,

മതിൽ പൊളിച്ചുനീക്കുന്നതിനുള്ള മുഴുവൻ ചെലവും സ്കൂൾ മാനേജർ വഹിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. 220-ന് ഉണ്ടായ ശക്തമായ മഴയിലാണ് സ്കൂൾ മൈതാനത്തിന്റെ വടക്കുകിഴക്കേ മൂലയിലുള്ള മതിൽ 12 മീറ്റർ നീളത്തിൽ തകർന്നത്. തുടർന്നു നടത്തിയ പരിശോധനയിൽ മതിലിന്റെ മറ്റുഭാഗങ്ങളിലും അടിത്തറയിലും വിള്ളലുകൾ കണ്ടെത്തി. സമീപത്തുള്ള മരങ്ങൾ കടപുഴകി റോഡിലേക്കും വീടുകളിലേക്കും വീഴാനുള്ള സാധ്യതയുമുണ്ട്. ഈ സാഹചര്യത്തിൽ സ്കൂൾ അധികൃതർ, സമീപവാസികൾ, റോഡിലൂടെ യാത്രചെയ്യുന്നവർ എന്നിവരുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണി നിലനിൽക്കുന്നതായി വിലയിരുത്തിയാണ് ജില്ലാ കളക്ടർ അടിയന്തരനടപടി നിർദേശിച്ചത്. മതിൽ പൊളിച്ചുനീക്കുമ്പോൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ദുരന്തനിവാരണ നിയമം 2005-ലെ 51 (ബി) വകുപ്പുപ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.