ഒറ്റപ്പാലം : ഈസ്റ്റ് ഒറ്റപ്പാലത്ത് പുതിയപാലത്തിലൂടെയുള്ള പരീക്ഷണ ഓട്ടം പൂർത്തിയാക്കി. ബാക്കി പണികൾ പൂർത്തിയാക്കി ജനുവരിയിൽ ഉദ്ഘാടനശേഷം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും. കഴിഞ്ഞ 16-നാണ് പരീക്ഷണ ഓട്ടത്തിനുവേണ്ടി പത്തുദിവസത്തേക്ക് പാലം തുറന്നത്.
ടാറിങ്ങിനുമുൻപായി പാലത്തിന്റെ അപ്രോച്ച് റോഡുകൾ ബലപ്പെടുത്തുന്നതിനുവേണ്ടിയായിരുന്നു ഇത്. നേരത്തേ, ട്രാൻസ്ഫോർമർ കയറ്റിവന്ന പുള്ളർ ട്രെയ്ലർ കടത്തിവിട്ട് പാലത്തിന്റെ ബലം പരിശോധിച്ച് ഉറപ്പാക്കിയിരുന്നു. ഇതിനുശേഷമാണ് പരീക്ഷണ ഓട്ടത്തിന് പാലം തുറന്നത്. പാലം അടച്ചതോടെ ബാക്കിയുള്ള പണികൾ തുടങ്ങി.
പാലത്തിന്റെ ഇരുഭാഗത്തും അപ്രോച്ച് റോഡുകൾ തുടങ്ങുന്ന ഭാഗത്തെ കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പണികളാണ് തുടങ്ങിയത്. ഏകദേശം നാലുമീറ്റർ നീളത്തിൽ പാലത്തിലെ റോഡിന്റെ വീതിയിലാണ് ഈ ഭാഗം കോൺക്രീറ്റ് ചെയ്യുന്നത്. ഇതുകഴിഞ്ഞാൽ പാലവും അപ്രോച്ച് റോഡും റബ്ബറൈസ് ചെയ്യും. വാഹനങ്ങൾ കയറിയിറങ്ങി കുഴികളായ ഭാഗങ്ങൾ നിരപ്പാക്കിയാകും ടാറിങ്ങിലേക്ക് കടക്കുക.
ഇരുപാലങ്ങളും ചേരുന്ന ഭാഗത്ത് മീഡിയനുകൾ സ്ഥാപിക്കൽ, പാലത്തിൽ പെയിന്റിങ്, കൈവരികളുടെ ബാക്കി പണി തുടങ്ങിയവയും ഇതോടൊപ്പം നടക്കും. മഴ കഴിയുന്നതോടെ റോഡ് റബ്ബറൈസ് ചെയ്യാനാണ് പദ്ധതിയെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതർ അറിയിച്ചു. അതുകൊണ്ടുതന്നെ ഡിസംബറിൽ പണി പൂർത്തിയാകില്ലെന്നും അധികൃതർ അറിയിച്ചു.
പാലത്തിന്റെ ഇരുവശങ്ങളിലും 125 മീറ്റർ നീളത്തിലാണ് അപ്രോച്ച് റോഡുകൾ പണിയുന്നത്. നിലവിലെ പാലത്തിനുസമീപം തോടിനുകുറുകേ 5.08 കോടിരൂപ ചെലവിലാണ് പുതിയ പാലം പണിയുന്നത്. മൂന്ന് സ്പാനോടുകൂടി 50 മീറ്റർ നീളത്തിലാണ് പാലം ഉയർന്നത്. നടപ്പാതയടക്കം ഒൻപതുമീറ്റർ വീതിയാണ് പാലത്തിനുള്ളത്.
പാലക്കാട്-കുളപ്പുള്ളി പാതയിൽ വീതികൂടിയതും നല്ലതുമായ പാതയിലെ ഏറ്റവും ഇടുങ്ങിയ പാലമാണ് ഈസ്റ്റ് ഒറ്റപ്പാലത്തേത്. ഇതുമൂലമുള്ള ഗതാഗതക്കുരുക്ക് കണക്കിലെടുത്തും പാലത്തിന്റെ കാലപ്പഴക്കവും പരിഗണിച്ചാണ് പുതിയപാലം പണിതത്. നിലവിലെ പാലവും അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു വിനിയോഗിക്കും. ഇരുവശങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് ഓരോ പാലങ്ങൾ ഉപയോഗിക്കാൻ കഴിയുന്നനിലയിലാകും ക്രമീകരണം.
Published: 27 Oct 2026, 03:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented