കരിപ്പൂർ വിമാനത്താവളത്തെ കൂറിയർ കാർഗോ ഹബ്ബ് ആക്കണം
കൊണ്ടോട്ടി : സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങൾവഴി പാമോയിൽ ഇറക്കുമതിക്ക് നടപടി സ്വീകരിക്കണമെന്നതുൾപ്പെടെ കയറ്റുമതി -ഇറക്കുമതി മേഖലയ്ക്കായി നിർദേശങ്ങൾ മുന്നോട്ടുവെച്ച് കേരള എക്സ്‌പോർട്ടേഴ്‌സ് ഫോറം. പ്രതിനിധിസംഘം ഉന്നതാധികൃതരുമായി ചർച്ച നടത്തി.
പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി രത്തൻ ഖേൽക്കർ, മാരിടൈം ബോർഡ് സി.ഇ.ഒ. ജെറോമിക് ജോർജ് എന്നിവരുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് എക്സ്പോർട്ടേഴ്സ് ഫോറം വിശദമായ പദ്ധതിനിർദേശം കൈമാറിയത്.
നിലവിൽ പാമോയിൽ ഇറക്കുമതിക്ക് നിയന്ത്രണമുള്ളതിനാൽ മംഗലാപുരം, തൂത്തുകുടി തുറമുഖങ്ങളിൽനിന്ന് റോഡിലൂടെയാണ് സംസ്ഥാനത്ത് എത്തിക്കുന്നത്.
ബേപ്പൂർ, കൊല്ലം, അഴീക്കൽ തുറമുഖങ്ങളിൽ ഇറക്കുമതിക്ക് അനുമതിനൽകിയാൽ ഈ തുറമുഖങ്ങളുടെ വികസനത്തോടൊപ്പം സംസ്ഥാനത്തിന്റെ വരുമാനവും തൊഴിൽലഭ്യതയും പശ്ചാത്തല വികസനവും സാധ്യമാകുമെന്ന് ഫോറം ചൂണ്ടിക്കാട്ടി. ഈ തുറമുഖങ്ങൾ ബന്ധിപ്പിച്ചുള്ള ഗതാഗതസൗകര്യവുമൊരുക്കണം.
കസ്റ്റംസിൽ സമ്മർദംചെലുത്തി കരിപ്പൂർ വിമാനത്താവളത്തെ കൂറിയർ കാർഗോ ട്രാൻസിസ്റ്റ്ഹബ്ബ് ആക്കണം. പഴം, പച്ചക്കറികളുടെ കയറ്റുമതിക്ക് നിലവിൽ ലാബ് സൗകര്യമില്ല. പി.എം. ഉഷ പദ്ധതിയിൽ നാലുകോടിയുടെ ഉപകരണങ്ങൾ വാങ്ങിയെങ്കിലും അവ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ തുടരുകയാണ്. ഉടൻതന്നെ ലാബ് യാഥാർഥ്യമാക്കാൻ നടപടിയെടുക്കണം.
ഫറോക്കിൽ റെയിൽവേയുടെ സ്ഥലം ഉപയോഗപ്പെടുത്തി കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ സ്ഥാപിക്കണം.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സെസ് ഡയറക്ടർ ഡോ. കെ.ജെ. ജോർജ്, കേരള എക്സ്‌പോർട്ടേഴ്‌സ് ഫോറം സെക്രട്ടറി മുൻഷിദ് അലി, കെ.പി. ഉമൈർ, നിയാസ് മുഹമ്മദ്, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് പ്രകാശ് അയ്യർ, സ്റ്റീമർ ഏജന്റ്‌സ് അസോസിയേഷൻ പ്രതിനിധി ജയപ്രകാശ്, അപ്പാരൽ മാനുഫാക്ടേഴ്‌സ് അസോസിയേഷൻ പ്രതിനിധി ഡോ. ആയിഷ റൂബി, എസ്.എസ്. മാരിടൈം ഷിപ്പിങ് കമ്പനി പ്രതിനിധി മഹാദേവൻ, കോട്ടയം പോർട്ട്് ജനറൽ മാനേജർ രൂപേഷ് ബാബു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Published: 28 Oct 2026, 03:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented