മഞ്ചേരി : നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാൻ നഗരസഭയിൽ ചേർന്ന അടിയന്തര പൊതുജനാരോഗ്യസമിതി യോഗത്തിൽ തീരുമാനം. പകർച്ചവ്യാധികൾ പിടിപെട്ടാൽ ആശവർക്കർമാരെ വിവരമറിയിക്കണം. നഗരസഭാ പരിധിയിലെ മുഴുവൻ ക്ലിനിക്കുകളിലും ഇത്തരത്തിൽ ചികിത്സ തേടിയെത്തുന്നവരുടെ രജിസ്റ്റർ സൂക്ഷിക്കാനും നിർദേശം നൽകി.

To advertise here,

ഭക്ഷണശാലകളിലും കൂൾബാറുകളിലും പരിശോധന നടത്തും. പഴകിയ ഭക്ഷണസാധനങ്ങൾ വില്പന നടത്തിയാൽ കർശന നടപടിയുണ്ടാകും. അടുക്കള, പാത്രങ്ങൾ കഴുകുന്ന സ്ഥലം എന്നിവ വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണപദാർഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ ലൈസൻസ്, വെള്ളം പരിശോധിച്ച റിപ്പോർട്ട്, ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ ഉറപ്പാക്കണം.

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നേതൃത്വത്തിൽ ആശ വർക്കർമാരുടെ സഹകരണത്തോടെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തും. നഗരസഭയിലെ 67 ആശ വർക്കർമാർക്കും ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ബോധവത്കരണക്ലാസ് നൽകി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ഷുബിൻ, തിരുവാലി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വല്ലാഞ്ചിറ ജലീൽ, മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അബൂബക്കർ, തിരുവാലി ഹെൽത്ത് ബ്ലോക്ക് സൂപ്പർവൈസർ ശ്രീജിത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ സി.വി. ബിശ്വജിത്ത്, നഗരസഭാ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, മെഡിക്കൽ കോളേജ് പി.ആർ.ഒ. അലിബാപ്പു എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, ജെ.പി.എച്ച്.എൻ.മാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ആരോഗ്യവിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണം -എൽ.ഡി.എഫ്. കൗൺസിലർമാർ

മഞ്ചേരി : നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യവിഭാഗത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് എൽ.ഡി.എഫ്. കൗൺസിലർമാർ ആവശ്യപ്പെട്ടു.

നഗരത്തിലെ ചാലിക്കത്തോട്, പുതുക്കുടിത്തോട് ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ മലിനമായി കിടക്കുന്നതും ഹോട്ടലുകളിൽനിന്നുള്ള മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുക്കുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നു. പകർച്ചവ്യാധി പ്രതിരോധത്തിനും ശുചീകരണ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകേണ്ട ഈ ഘട്ടത്തിൽ നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാരെ പൂർണമായും ഇത്തരം പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാത്തത് പ്രതിഷേധാർഹമാണ്. ഹോട്ടൽ മാലിന്യങ്ങൾ തോടുകളിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.