അയിലൂർ : നെന്മാറ-ഒലിപ്പാറ പാതയുടെ നവീകരണം പാതിവഴിയിൽ നിലച്ചതോടെ റോഡിലൂടെയുള്ള യാത്ര പ്രദേശവാസികൾക്ക് ദുരിതമായി. ടാർ ചെയ്തഭാഗം പൊളിച്ചുനീക്കിയ തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ വൻതോതിൽ പൊടിയുയരുന്നത് യാത്രക്കാരെയും റോഡരികിലെ താമസക്കാരെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്.

To advertise here,

കരാർ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കാത്തതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് നിലവിലെ കരാറുകാരനെ നഷ്ടമീടാക്കി കരാറിൽനിന്ന് ഒഴിവാക്കിയിരുന്നു. പുതിയ കരാർ നടപടി പൂർത്തിയാക്കിയശേഷമേ നവീകരണം പുനരാരംഭിക്കാനാകൂ. അതുവരെ തകർന്നുകിടക്കുന്ന റോഡിൽ പൊടിപടലങ്ങൾക്കിടയിലൂടെ നാട്ടുകാർക്ക് യാത്രചെയ്യേണ്ടിവരും.

നവീകരണഭാഗമായി തിരുവഴിയാട് മുതൽ ഒലിപ്പാറവരെയുള്ള ഭാഗത്തെ നിലവിലുള്ള ടാർചെയ്തഭാഗം പൂർണമായും പൊളിച്ചുനീക്കിയിട്ടുണ്ട്. മഴ മാറിയതോടെയാണ് ഈ ഭാഗത്ത് പൊടിശല്യം രൂക്ഷമായത്. ബസുകളുൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിപടലം റോഡിൽ കാഴ്ചമറയ്ക്കുന്ന സ്ഥിതിയാണ്. ഇതുമൂലം ഇരുചക്രവാഹനയാത്രക്കാർക്കും ഓട്ടോറിക്ഷകളിൽ സഞ്ചരിക്കുന്നവർക്കും വാഹനങ്ങൾക്കുപിന്നിലൂടെ സുരക്ഷിതമായി യാത്രചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

റോഡിൽനിന്നുയരുന്ന പൊടി സമീപത്തെ വീടുകളിലേക്കും കടകളിലേക്കും വ്യാപിക്കുന്നതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്‌.

റോഡ് നവീകരണം പുനരാരംഭിക്കുന്നതുവരെ പൊടിശല്യത്തിന് താത്കാലിക പരിഹാരമെങ്കിലും കാണണമെന്ന് ഒലിപ്പാറപാത ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. കൃത്യമായ ഇടവേളകളിൽ റോഡിൽ വെള്ളംതളിച്ച് പൊടിപടലം ഉയരുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അയിലൂർ ഗ്രാമപ്പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും നിവേദനംനൽകി.