കറവ വറ്റിയാൽ അറവുകത്തിയെ പേടിക്കേണ്ടാ...

To advertise here,

എടപ്പാൾ : പശുക്കൾക്കൊരു വൃദ്ധസദനമായി സംസ്ഥാനതലത്തിലാരംഭിക്കുന്ന ഗോശാല കൗ ഹോസ്റ്റൽ പദ്ധതിക്ക് തുടക്കമായി. വിരമിച്ച ക്ഷീരകർഷകരുടെ സംഘടനയായ മിൽക്ക് ഫാർമേഴ്‌സ് പെൻഷനേഴ്‌സ് വെൽഫെയർ ഫൗണ്ടേഷനാണ് കൗ ഹോസ്റ്റൽ തുടങ്ങിയത്.

പാലുത്പാദനം നിലച്ച പശുക്കളെ, ഉടമകളിൽനിന്ന് ന്യായവിലനൽകി വാങ്ങി താലൂക്ക് തലങ്ങളിലാരംഭിക്കുന്ന ഗോശാലകളിൽ സംരക്ഷിക്കുകയാണ് ലക്ഷ്യം. അട്ടപ്പാടി, അമ്പാട്ട് ഫാമിലാണ് മാതൃകാ പ്രോജക്ട്.

ആധുനിക സൗകര്യങ്ങളോടെയുള്ള ക്ഷീരോത്പാദന കേന്ദ്രങ്ങൾ, സംരക്ഷിക്കുന്ന പശുക്കളിൽനിന്നും ഇവിടെ വളർത്തുന്ന പശുക്കളിൽനിന്നും ലഭിക്കുന്ന പാൽ, ചാണകം, ഗോമൂത്രം എന്നിവയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമാണ, പരിശീലനകേന്ദ്രം, വിരമിച്ച ക്ഷീര കർഷകർക്കും മറ്റു കർഷകർക്കും റിക്രിയേഷൻ സെന്റർ, ജൈവ പച്ചക്കറി, പഴം, സുഗന്ധവിളകൾ, നാണ്യവിളകൾ, ചെറുധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷി, കാർഷിക നഴ്‌സറി എന്നിവയെല്ലാം കൗ ഹോസ്റ്റലിനോടനുബന്ധിച്ച് സ്ഥാപിക്കുമെന്ന് ചെയർമാൻ കെ. സദാനന്ദൻ പറഞ്ഞു.

ജീവകാരുണ്യ സഹായപദ്ധതികളുടെ ഭാഗമായി നിർധന കുടുംബങ്ങൾക്ക് പശുവിതരണം, കർഷകർക്ക് ചാണകവളവിതരണം എന്നിവയും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. കിസാൻ സർവീസ് സൊസൈറ്റി, ദേവദ്രവ്യം, ക്ഷേത്രശ്രീ തുടങ്ങിയ പ്രസ്ഥാനങ്ങളും പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്ന് ഇവയുടെ സാരഥികളായ മിത്രൻ ജെ. ബൈജു, ബി. ശില്പജ, കെ. പുഷ്പലത, സി. മാത്യു, ബിജു ജോസഫ്, പി. സെൽവരാജ്, സതി വിജയകുമാർ എന്നിവർ പറഞ്ഞു.

ശുകപുരം ദക്ഷിണാമൂർത്തീക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, കാലടി തിരുവെള്ളമാൻ തുള്ളി വടക്കുംന്നാഥക്ഷേത്രം മേൽശാന്തി വാസുദേവശർമ എന്നിവരുടെ കാർമികത്വത്തിൽ അട്ടപ്പാടി, അമ്പാട്ട് ഫാമിൽ നടത്തിയ ഗോപൂജയോടെയിരുന്നു തുടക്കം.