കൊണ്ടോട്ടി : പാതിയിൽ നിലച്ച ഓഡിറ്റോറിയം നിർമാണം പൂർത്തിയാക്കാൻ വഴിയറിയാതെ കൊണ്ടോട്ടി ജി.എം.യു.പി. സ്‌കൂൾ. വിമാനത്താവള അതോറിറ്റിയുടെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമാണം തുടങ്ങിയ ഓഡിറ്റോറിയമാണ് പാതിവഴിയായി നൽക്കുന്നത്.

To advertise here,

2019-ൽ 40 ലക്ഷം രൂപയാണ് അതോറിറ്റി അനുവദിച്ചത്. നികുതി കിഴിച്ച് 34 ലക്ഷത്തോളം രൂപയാണ് ലഭിച്ചത്.

ഇതുപയോഗിച്ച് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് മേൽക്കൂരയിട്ടു. പിന്നീട് കൂടുതൽ ഫണ്ട് കണ്ടെത്താനാകാതെ നിർമാണം നിലയ്ക്കുകയായിരുന്നു.

ഓഡിറ്റോറിയവും ഇൻഡോർ സ്റ്റേഡിയവുമായാണ് കെട്ടിടം വിഭാവനം ചെയ്തിരുന്നത്. പാതിയായ കെട്ടിടത്തിലെ സൗകര്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾക്ക് കായികപരിശീലനം നൽകുന്നുണ്ട്.

നെറ്റ് സ്ഥാപിച്ച കോൺക്രീറ്റ് ക്രിക്കറ്റ് പിച്ച്, ബാസ്‌കറ്റ് ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട് എന്നിവ സ്‌കൂൾ ഒരുക്കിയിട്ടുണ്ട്. ടേബിൾ ടെന്നീസ് കളിക്കുന്നതിനും സൗകര്യമുണ്ട്.

ക്രിക്കറ്റ്, ജൂഡോ, റസ്‌ലിങ് തുടങ്ങിയവയിൽ സ്‌കൂളിന് ഇതിനകം പേരെടുക്കാനായി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ഹാമിം ജില്ലാടീമിലിടം നേടി സംസ്ഥാനതലത്തിൽ കളിച്ചു.

റസ്‌ലിങ്ങിൽ കെ.പി. നദീന സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം നേടി.

ഇൻഡോർ സ്റ്റേഡിയം പൂർത്തിയായാൽ പ്രദേശത്തെ മറ്റു കായികതാരങ്ങൾക്കും പ്രയോജനപ്പെടും. ജനപ്രതിനിധികൾ താത്പര്യമെടുത്തെങ്കിൽ മാത്രമേ ഇനി സ്റ്റേഡിയം പൂർത്തീകരിക്കാനാകൂവെന്ന് നാട്ടുകാർ പറഞ്ഞു.