നടുവൊടിക്കും റോഡ്
കൂറ്റനാട് : തിരുമിറ്റക്കോട് പഞ്ചായത്തിലെ ഏറ്റവും തിരക്കേറിയ നഗരമായ കറുകപുത്തൂർ സെന്ററിലെത്തിയാൽ നടുവൊടിയാതെ മടങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. വർഷങ്ങളായി മൺപാതയായി കിടക്കുന്ന വീതികുറഞ്ഞ റോഡിൽ നിറയെ അപകടക്കുഴികളുമാണ്. കടകളിലെത്തുന്ന വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലവുമില്ല. 10 വർഷത്തിലധികമായി ഇവിടെ നവീകരണം നടന്നിട്ട്.
21 കോടിയിലധികം ചെലവിൽ നടക്കുന്ന കറുകപുത്തൂർ-അക്കിക്കാവ്, കറുകപുത്തൂർ-വട്ടൊള്ളിക്കാവ് പാതകളുടെ നവീകരണം മുക്കാൽഭാഗവും കഴിഞ്ഞിട്ടും ഇരുപാതകളുടെയും മധ്യത്തിലുള്ള കറുകപുത്തൂർ സെന്ററിൽ കരാറെടുത്ത മലബാർ പ്ലസ് കമ്പനി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ എഴുമങ്ങാട്-കറുകപുത്തൂർ പാതയുടെ പ്രവൃത്തിയും (ഏഴുകോടി) നടന്നുവരുന്നുണ്ട്.
ആദ്യഘട്ടത്തിൽ ടൗണിന്റെ സൗന്ദര്യവത്കരണവും വീതികൂട്ടലും ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല.ഇതേ പഞ്ചായത്തിലെ ആറങ്ങോട്ടുകര ടൗണിന്റെ വികസനത്തിന് തുക വകയിരുത്തിയപ്പോൾ ഏറ്റവും തിരക്കുള്ള, കറുകപുത്തൂരിന്റെ വികസനംമാത്രം നീണ്ടുപോകുന്നതിൽ വ്യാപാരികളും നാട്ടുകാരും ആശങ്കയിലാണ്.
കുണ്ടും കുഴിയും നിറഞ്ഞ സെന്ററിലെ റോഡിൽ ഒരു വാഹനത്തിന് ദിശമാറി കൊടുക്കാൻപ്പോലും പറ്റാത്ത സ്ഥിതിയാണ്. പകലന്തിയോളം പൊടിക്കാറ്റ് വ്യാപാരികളെയും വീടുകളെയും ഓട്ടോ-ടാക്സി ഡ്രൈവർമാരെയും വലയ്ക്കുന്നു. ആറങ്ങോട്ടുകര ടൗണും കറുകപുത്തൂർ ടൗണും നവീകരിക്കുന്നതിനായി മുൻസർക്കാരിലേക്ക് നിവേദനങ്ങൾ നൽകിയിരുന്നതായും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പിന്നീട്
തുടർനടപടികൾ ഉണ്ടായില്ലെന്നും തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിപിലേഷ് പറഞ്ഞു. പഞ്ചായത്തിലെ തിരക്കുപിടിച്ച കറുകപുത്തൂർ സെൻറർ വീതികൂട്ടി നവീകരണം എത്രയുംവേഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കറുകപുത്തൂർ-എഴുമങ്ങാട് പാതാ നവീകരണത്തോടൊപ്പം 5.5 മീറ്റർ വീതിയിലുള്ള ടാറിങ് മാത്രമേ ഇപ്പോൾ നടക്കൂവെന്ന് തൃത്താല പി.ഡബ്ല്യു.ഡി. അസി. എൻജിനിയർ അറിയിച്ചു. ടൗൺ സൗന്ദര്യവത്കരണത്തിനായി അടുത്ത ബജറ്റിനുമുൻപ് പുതിയ എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിനൽകുമെന്നും എ.ഇ. പറഞ്ഞു.
Published: 19 Nov 2026, 03:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented