കോട്ടയ്ക്കൽ : പതിറ്റാണ്ടുകൾ മുൻപ് ഒറ്റയ്ക്ക് ആളുകൾ വന്നുപോകാൻപോലും ഭയന്നിരുന്ന ഇടമായിരുന്നു ചങ്കുവെട്ടി. അക്കാലത്ത് അവിടെവന്ന ആദ്യത്തെ സ്ഥാപനം. അത് വെറുമൊരു പെട്രോൾ പമ്പ് മാത്രമായിരുന്നില്ല. അച്യുതൻ നായരുടെ പമ്പ് എന്നത് ചങ്കുവെട്ടിയുടെ വിലാസമായിരുന്നു. ആ വിലാസമാണ് ആറുപതിറ്റാണ്ടിനുശേഷം ഇല്ലാതാകുന്നത്.

To advertise here,

62 വർഷത്തിനുശേഷം പമ്പ് കൊളത്തൂരിലേക്കു മാറ്റുകയാണെന്ന് മാനേജിങ് പാർട്ണർ എം.കെ. ഗോപിനാഥ് പറഞ്ഞു. ഗോപിനാഥിന്റെ അച്ഛൻ പടിയത്ത് അച്യുതൻ നായർ 1964-ൽ തുടങ്ങിയതാണ് എച്ച്.പി.യുടെ ഈ ശാഖ. അന്ന് ജില്ലയിൽത്തന്നെ നാലോ അഞ്ചോ ഔട്ട്‌ലെറ്റുകളേയുള്ളൂ. ഇങ്ങേയറ്റത്ത് ആയുർവേദ കോളേജും അങ്ങേയറ്റത്ത് ആര്യവൈദ്യശാലയുടെ ധർമാശുപത്രിയും കഴിഞ്ഞാൽ ഇടയിലുള്ള സ്ഥലംമുഴുവൻ കാടുപിടിച്ച് ഇരുട്ടുകുത്തിക്കിടക്കുകയായിരുന്നു. ജനവാസമില്ല, ആൾസഞ്ചാരവും കുറവ്. അന്ന് യാത്രക്കാർക്ക് ഈ പമ്പ് വലിയ ആശ്വാസമായി.

ആളനക്കമുള്ള ഒരിടമെന്നതിലപ്പുറം ആ 85 സെന്റ് സ്ഥലം ഒരുപാടുപേരുടെ ആശ്രയകേന്ദ്രവുമായി. ആ പ്രദേശത്ത് അക്കാലത്ത്‌ ടെലിഫോൺ ഉണ്ടായിരുന്ന ഏക സ്ഥാപനമായിരുന്നു ഇത്. മുസ്‍ലിം ഭൂരിപക്ഷ മേഖലയായതിനാൽ ഗൃഹനാഥൻമാർ അധികവും ഗൾഫിലാണ്. അവരുടെ ഫോൺവിളികൾക്കായി ബന്ധുക്കൾ പമ്പിലെ ഫോണിനു മുന്നിൽ കാത്തുനിന്നിരുന്ന ചിത്രം ഇപ്പോഴും ഓർമ്മയുണ്ടെന്ന് ഗോപിനാഥ് പറഞ്ഞു.

മൈസൂരുവിൽ ബന്ധുക്കളുള്ള ഒട്ടേ​റെ കുടുംബങ്ങളുണ്ടായിരുന്നു ഈ മേഖലയിൽ. അവർക്കും വല്ലപ്പോഴും ബന്ധുക്കളുമായി സംസാരിക്കാൻ ആ ടെലിഫോൺതന്നെയായിരുന്നു ആശ്രയം. അങ്ങനെ കൂട്ടംകൂടിനിൽക്കുമ്പോഴാണ് അവരുമായൊക്കെ സംസാരിക്കുന്നത്. അത് പിന്നീട് വലിയ സൗഹൃദങ്ങളായി വളർന്നു. അന്ന് ഈ മേഖലയിൽ കൂടുതലും ഡ്രൈവർമാരായിരുന്നു. അത് പെട്രോൾപമ്പിന് വലിയ ഗുണമായി. ഡ്രൈവർമാർക്കും പമ്പ് വലിയ സഹായമായി. ബന്ധുക്കളിൽനിന്നോ സർക്കാരിൽനിന്നോ കത്തുകൾ വന്നാലും അതു വായിക്കാൻ പലരും ഇവിടെ വരുമായിരുന്നെന്ന് ഗോപിനാഥ് ഓർക്കുന്നു.

പമ്പിന്റെ ഗൃഹാതുരമായ ഓർമ്മകളിൽ ഗോപിനാഥിന്റെ മനസ്സിൽ ബ്ലാക്ക് ആൻഡ് വൈറ്റായി തെളിയുന്നത് മറ്റൊരു മുഖമാണ്; യു.എ. ബീരാന്റെ. അദ്ദേഹം എം.എൽ.എ.യും മന്ത്രിയുമായിരുന്ന കാലത്ത് ചങ്കുവെട്ടിയിൽ ബസിറങ്ങിയാൽ നേരേ പമ്പിലേക്കാണു വരുക. ഇവിടെയിരുന്നു കുറേസമയം സംസാരിക്കും. പിന്നെ വീട്ടിൽനിന്ന് കാർ വരുത്തി പോകുകയാണ് ചെയ്യുക.

അച്യുതൻ നായർ ആൻഡ് കമ്പനിക്ക് വളാഞ്ചേരിയിലും ഒരു പെട്രോൾ പമ്പുണ്ട്. ചങ്കുവെട്ടിയിലെ സ്ഥലത്ത് പുതിയ തലമുറയ്ക്കുകൂടി താത്പര്യമുള്ള സംരംഭങ്ങൾ വരുമെന്ന് ഗോപിനാഥ് പറഞ്ഞു. അനുജൻ എം.കെ. രാമകൃഷ്ണനാണ് കമ്പനിയുടെ മറ്റൊരു പാർട്ണർ.