മലപ്പുറം : ഒരുദിവസംകൊണ്ട് 45 വാർഡുകളിലായി 1237 ഭിന്നശേഷിക്കാരുടെ വിവരങ്ങൾ ശേഖരിച്ച് മലപ്പുറം നഗരസഭ. ശനിയാഴ്‌ച ചിത്രകാരനായ ജസ്‌ഫർ കോട്ടക്കുന്നിന്റെ വിവരങ്ങൾ ശേഖരിച്ച് പദ്ധതിക്ക് തുടക്കംകുറിച്ചു.
ഭിന്നശേഷി സൗഹൃദ സമൂഹത്തിലേക്കുള്ള ആദ്യചുവട് എന്ന നിലയിലാണ് വിവരശേഖരണം നടത്തുന്നത്. ഭിന്നശേഷിക്കാരുടെ കൃത്യമായ എണ്ണവും ഏതുവിധത്തിലുള്ള പരിമിതിയാണ് എന്നതുമടക്കമുള്ള വിവരങ്ങൾ ലഭ്യമായാലേ ഇവർക്ക് ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകൂ. നിലവിൽ 21 ഭിന്നശേഷി വിഭാഗങ്ങളിലുള്ള കാർഡുള്ളവരുടെ വിവരങ്ങൾ മാത്രമേ സർക്കാർ, സ്വകാര്യ ഏജൻസികളിൽ ലഭ്യമായിട്ടുള്ളൂ. എന്നാൽ ഒരു വിരലില്ലാത്തവരെപ്പോലും ഈ ഡിജിറ്റൽ സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 മിനിറ്റ് നീളുന്ന വിവര സർവേയിൽ വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസയോഗ്യത, ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ, ഭിന്നശേഷി ശതമാനം, ഭിന്നശേഷി കാർഡ്/ഐ.ഡി. കാർഡ്/ഹെൽത്ത് കാർഡുകൾ ഉണ്ടോ, ഏതെങ്കിലും ആനുകൂല്യങ്ങൾ, പെൻഷൻ ലഭിക്കുന്നുണ്ടോ/ആവശ്യമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇതുവഴി സഹായങ്ങൾ ആവശ്യമുള്ളവരെ കണ്ടെത്താനും സഹായം എത്തിക്കാനും സാധിക്കും. സർവേയെടുക്കുന്ന ഓരോരുത്തരുടെയും ലൊക്കേഷനും ജിയോ മാപ്പിങ് സംവിധാനം വഴി രേഖപ്പെടുത്തുന്നുണ്ട്.
2024-ൽ മലപ്പുറം കേന്ദ്രീകരിച്ചു തുടങ്ങിയ സംഘടനയായ ആക്‌സസ് മലപ്പുറമാണ് ആശയത്തിനു പിന്നിൽ. ഭിന്നശേഷിക്കാരായ ഒൻപതുപേരാണ് സംഘടനയിലുള്ളത്. ഇവരുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും ചേർന്ന് ആവിഷ്‌കരിച്ച എം-സഹജീവനം ആപ്പിലേക്കാണ് ഈ വിവരങ്ങൾ ചേർക്കുക. പരിശീലനം ലഭിച്ച വൊളന്റിയർമാരെ വിവരശേഖരണത്തിനു നിയോഗിച്ചിട്ടുണ്ട്. മലപ്പുറത്ത് ഡോട്ട് അക്കാദമിയിലെ 120 വിദ്യാർഥികളാണ് ഇതു ചെയ്യുന്നത്. ഒപ്പം വാർഡ് കൗൺസിലർമാരും ആശ പ്രവർത്തകരും അങ്കണവാടി പ്രവർത്തകരും നേതൃത്വംനൽകും.
Published: 22 Nov 2026, 02:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented