വിവിധ പ്രദേശങ്ങളിലായി പത്തിലധികം നിയമലംഘനങ്ങൾ കണ്ടെത്തി
‘ഓപ്പറേഷൻ ജലസുരക്ഷ’ കാംപെയിന്റെ ഭാഗമായിട്ടുകൂടിയാണ് പരിശോധന
ചട്ടിപ്പറമ്പ് : കോഡൂർ ഗ്രാമപ്പഞ്ചായത്തിലെ പൊതുജലാശയങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരേ കർശന നടപടികളുമായി ഗ്രാമപ്പഞ്ചായത്ത് അധികൃതർ. ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെയും ഘടക സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി പ്രധാന ജലാശയങ്ങളുടെ പരിസരങ്ങളെല്ലാം മിന്നൽ പരിശോധന നടത്തി.
ചത്ത പൂച്ച, കോഴികൾ എന്നിവ പ്ലാസ്റ്റിക് കവറുകളിലാക്കിയും ലഹരി ഉപയോഗത്തിന്റെ ഭാഗമായി എന്ന് സംശയിക്കാവുന്ന വിധത്തിൽ സിറിഞ്ചുകളും ജലാശയങ്ങളിൽ നിക്ഷേപിച്ചതായി കണ്ടെത്തി.
കോഡൂരിലെ പ്രധാന ജലസ്രോതസ്സായ വലിയതോടും അതിനനുബന്ധമായുള്ള ചെറിയ കൈത്തോടുകളും കുളങ്ങളുമുൾപ്പെടെയുള്ള പൊതുജലാശയങ്ങളിലെല്ലാം മാലിന്യങ്ങൾ നിറഞ്ഞതോടെ കാർഷികാവശ്യത്തിനുള്ള ജലസേചനസൗകര്യം വഴിമുട്ടി കർഷകർ ദുരിതത്തിലായ വാർത്ത വെള്ളിയാഴ്ച മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
‘ഓപ്പറേഷൻ ജലസുരക്ഷ’ കാംപെയിന്റെ ഭാഗമായിട്ടുകൂടിയാണ് പഞ്ചായത്തധികൃതർ പരിശോധന നടത്തിയത്. അസിസ്റ്റന്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.പി. സായി രാജ്, പഞ്ചായത്ത് ഓഫീസ് ജീവനക്കാരായ പി. പ്രസീജ, വി. ഷിജി, ജി. ഗോപിക, ബിനി, ഇ. ശ്രീകുമാർ, കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. സുചിത്ര, പി.കെ. രതീഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി. ഷെമി, തൊഴിലുറപ്പ് പദ്ധതി എൻജിനിയർമാരായ ശബ്ന ചുണ്ടയിൽ, വി.ടി. ജസീർ തുടങ്ങിയവർ നേതൃത്വംനൽകി.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പത്തിലധികം നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി, ഇവർക്കെല്ലാം നോട്ടീസ് നൽകുകയും കുറ്റങ്ങളുടെ തോതനുസരിച്ച് ഇരുപതിനായിരം രൂപവരെ പിഴ കണക്കാകുകയും ചെയ്തിട്ടുണ്ട്.
തുടർദിവസങ്ങളിലും കർശനമായി പരിശോധനയും ശക്തമായ നടപടികളും തുടരുമെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം. രാകേഷ് മോഹൻ അറിയിച്ചു.
Published: 21 Nov 2026, 03:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented