പാണ്ടിക്കാട് : വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി ഗ്രാമപ്പഞ്ചായത്തംഗം. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത് തമ്പാനങ്ങാടി വാർഡംഗം പി. അബ്ദുൽ കലാം ആസാദാണ് തനിക്ക് വീണുകിട്ടിയ ഒരുപവനിലധികം തൂക്കമുള്ള സ്വർണാഭരണം പുളിക്കൽപ്പറമ്പ് പെരുമ്പുല്ല് സ്വദേശിനി കാവുങ്ങൽ റസിയയ്ക്ക് പോലീസ് സാന്നിധ്യത്തിൽ തിരികെ നൽകിയത്. ശനിയാഴ്ച രാവിലെ വീട്ടിൽനിന്ന് പാണ്ടിക്കാട് ടൗണിലെ സ്ഥാപനത്തിലേക്ക് ഡ്രൈവിങ് പഠിക്കാൻ പോകുന്നതിനിടയിലാണ് റസിയയുടെ മാല നഷ്ടമായത്. ഐശ്വര്യ ഓഡിറ്റോറിയത്തിനു സമീപം പാർക്കുചെയ്ത കാറിനടുത്തേക്ക് വരുന്നതിനിടയിലാണ് സംഭവം. എന്നാൽ മാല വീണുപോയ വിവരം റസിയ ശ്രദ്ധിച്ചിരുന്നില്ല.
പിന്നീട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാല നഷ്ടമായ വിവരം അറിയുന്നത്. പിന്നീട് റസിയയും ഭർത്താവ് മജീദും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഗ്രാമപ്പഞ്ചായത്തംഗം പി. അബ്ദുൽ കലാം ആസാദിന്റെ ബന്ധുവിന്റെ കല്യാണം ഐശ്വര്യ ഓഡിറ്റോറിയത്തിലാണ് നടന്നത്. പാർക്കിങ് ഏരിയയിൽനിന്ന് ഒരു സുഹൃത്തിനാണ് മാല ലഭിച്ചത്. ആഭരണം സ്വർണമാണോ, മുക്കാണോ എന്നറിയാത്തതിനാൽ സുഹൃത്ത് ഇത് അബ്ദുൽ കലാം ആസാദിന് നൽകുകയായിരുന്നു. ആസാദ് നടത്തിയ പരിശോധനയിൽ സ്വർണമാണെന്ന് കണ്ടെത്തി. തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി മാല ലഭിച്ചിട്ടുണ്ടെന്ന് പ്രചരിപ്പിച്ചു. ഇത് റസിയയും കണാനിടയായി.
പിന്നീട് രാത്രി റസിയയും, ഭർത്താവ് മജീദും പാണ്ടിക്കാട് പോലീസ് സ്റ്റേഷനിലെത്തുകയും അവിടെനിന്ന് അബ്ദുൽ കലാം ആസാദ് ഇത് കൈമാറുകയും ചെയ്തു. പാണ്ടിക്കാട് പോലീസും അബ്ദുൽ കലാം ആസാദിനെ അഭിനന്ദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് അബ്ദുൽ കലാം ആസാദ്. സ്റ്റേഷൻ ഹൗസ് ഓഫീസർ മുരളീകൃഷ്ണദാസ്, പൊതുപ്രവർത്തകൻ സി.കെ.ആർ. ഇണ്ണിപ്പ എന്നിവരുടെ സാന്നിധ്യത്തിലാണ് ആഭരണം കൈമാറിയത്.
Published: 09 Nov 2026, 12:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented