മറയൂർ : ഞായറാഴ്ച മറയൂർ പോലീസ് സ്റ്റേഷന് മുന്നിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത് കുട്ടികളെ മുത്തച്ഛനെ കാണിക്കാൻ ഭാര്യ വിസമ്മതിച്ചതിന്റെ വൈരത്തിൽ. കാന്തല്ലൂർ തീർത്ഥമല കുടി സ്വദേശി സുബ്ബുലക്ഷ്മിയും മാങ്കുളം കുറത്തിക്കുടി സ്വദേശി ശിവാനന്ദനും എട്ടും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെൺമക്കളാണുള്ളത്. ഇവർ രണ്ടുപേരും കാന്തല്ലൂർ പെരുമല സ്കൂളിലെ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി സുബ്ബുലക്ഷ്മിയും ശിവാനന്ദനും കുടുംബവഴക്കിനെ തുടർന്ന് സുബ്ബുലക്ഷ്മി തീർത്ഥമല കുടിയിലും ശിവാനന്ദൻ സമീപത്തുള്ള നാക്കുപ്പെട്ടി കുടിയിലുമാണ് കഴിയുന്നത്.

To advertise here,

 

ശിവാനന്ദന്റെ അച്ഛൻ കുട്ടികളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും സുബ്ബുലക്ഷ്മി സമ്മതിച്ചില്ല. ശിവാനന്ദൻ മറയൂർ പോലീസിൽ പരാതി നല്കി. ഞായറാഴ്ച രാവിലെ പതിനൊന്നിന് പോലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിക്കുകയും ചെയ്തു. ഇരുവരും സ്റ്റേഷനിലെത്തി പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും കുട്ടികളെ കാണാൻ സുബ്ബുലക്ഷ്മി സമ്മതിച്ചില്ല. പരസ്പരം വിട്ടുവീഴ്ച ചെയ്ത് പോകാൻ നിർദേശിച്ച് പോലീസ് ഇരുവരെയും മടക്കി അയച്ചു. സ്റ്റേഷൻ ഗെയ്റ്റ് കടന്ന ഇരുവരും വീണ്ടും തർക്കത്തിൽ ഏർപ്പെടുകയും പ്രകോപിതനായ ശിവാനന്ദൻ കൈയിൽ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.

സുബ്ബുലക്ഷ്മി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴെ വീണപ്പോഴും വെട്ടുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന മാശിവയൽ സ്വദേശി ശിവകുമാറും സഹായഗിരി സ്വദേശി ടി.കെ. സുധാകരനും പിൻതിരിപ്പിക്കാൻ ശ്രമിച്ചതിനെത്തുടർന്നാണ് കൂടുതൽ ആക്രമണം ഉണ്ടാകാതിരുന്നത്. ശിവകുമാർ കസേര ഉപയോഗിച്ച് ആക്രമണം തടയാൻ ശ്രമിച്ചു. ഇവരുടെ അലർച്ചകേട്ട് മറയൂർ പോലീസ് സ്റ്റേഷനിൽനിന്ന് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്ഥർ ശിവാനന്ദനെ കസ്റ്റഡിയിൽ എടുക്കുകയും സുബ്ബുലക്ഷ്മിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.