തട്ടുകടകളിൽനിന്നും പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു

To advertise here,

പൂക്കോട്ടുംപാടം : അമരമ്പലം പഞ്ചായത്തിൽ നാലുവയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിക്കുകയും 28-ഓളം പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ആരോഗ്യവിഭാഗം ശക്തമായ പരിശോധന തുടരുന്നു. രാത്രികാല തട്ടുകടകൾ കേന്ദ്രീകരിച്ച് ‘ഓപ്പറേഷൻ തട്ട്’ എന്ന പേരിൽ പ്രത്യേക ശുചിത്വപരിശോധന നടത്തി. ​

രാത്രി വൈകി നടത്തിയ മിന്നൽപരിശോധനയിൽ വിവിധ തട്ടുകടകളിൽനിന്നും പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ശുചിത്വനിലവാരം തൃപ്തികരമല്ലാത്തതും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതുമായ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയും ചെയ്തു. വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അമരമ്പലം കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി, പഞ്ചായത്ത് പ്രസിഡന്റ് അഫീഫ എന്നിവരുടെ പ്രത്യേക നിർദേശപ്രകാരമാണ് ആരോഗ്യവിഭാഗവും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് പരിശോധനയ്ക്കിറങ്ങിയത്. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സി. ഗോകുൽദാസ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. ശില്പ, ഉദ്യോഗസ്ഥരായ ടി.കെ. ശാന്ദിനി, ഗിരീഷ് എന്നിവർ നേതൃത്വംനൽകി. ​നാട്ടുകാർക്കും വ്യാപാരികൾക്കും ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ളസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാനും തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കാനും ഭക്ഷണശാലകളിൽ വ്യക്തിശുചിത്വവും ചുറ്റുപാടുകളിലെ ശുചിത്വവും ഉറപ്പാക്കാനും അധികൃതർ ആവശ്യപ്പെട്ടു.

ഷിഗെല്ല പ്രതിരോധം

പൂക്കോട്ടുംപാടം : പ്രദേശത്ത് ഷിഗെല്ല രോഗം റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂക്കോട്ടുംപാടം യൂണിറ്റും പീപ്പിൾസ് ലൈബ്രറിയും ജാഗ്രതായോഗം ചേർന്നു. ​പഞ്ചായത്ത് പരിധിയിൽ ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യരോഗങ്ങൾ പടരാതിരിക്കാൻ ഭരണസമിതിയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ, സന്നദ്ധസംഘടനകൾ എന്നിവരെ ഏകോപിപ്പിച്ച് പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഭക്ഷണശാലകൾ, കൂൾബാറുകൾ എന്നിവടങ്ങളിൽ നിരന്തര നിരീക്ഷണം നടത്തുക, പാചകത്തൊഴിലാളികൾക്ക് ശാസ്ത്രീയ പരിശീലനം നൽകുക, ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും മത്സ്യ-മാംസ മാർക്കറ്റുകളിലും മാലിന്യപരിപാലനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വിദ്യാർഥികൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവർക്കിടയിൽ ശുചിത്വശീലങ്ങൾ വളർത്താനുള്ള ബോധവത്കരണത്തിന് ആവശ്യമായ റിസോഴ്സ് പേഴ്സൺമാരെ നൽകാൻ പരിഷത്ത് സന്നദ്ധത അറിയിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് യോഗം പിന്തുണ പ്രഖ്യാപിച്ചു. ​

ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ. അരുൺകുമാർ ഉദ്ഘാടനംചെയ്തു. എസ്. ഉഷാകുമാരി, കെ. രാജേന്ദ്രൻ, പി. സജിൻ, കെ.വി. ദിവാകരൻ, എൻ.എൻ. സുരേന്ദ്രൻ, റിയാസ് മാഷ്, കെ.പി. വിനോദ്‌കുമാർ, കെ. വനജ, എം.പി. പ്രഭാകരൻ, മോഹൻദാസ്, കബീർ, മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.