അങ്ങാടിപ്പുറം : കഴിഞ്ഞദിവസം ഇടിമിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന്റെ അകാലവിയോഗം അങ്ങാടിപ്പുറത്തെ പൂരപ്രേമികളെയും ആനക്കമ്പക്കാരെയും ഒന്നടക്കം സങ്കടത്തിലാഴ്‌ത്തി. ഉത്സവകേരളത്തിൽ പ്രാമാണികനായ ഒരു കലാകാരൻ വിടപറയുമ്പോഴുള്ള ശൂന്യതയാണ് എഴുന്നള്ളിപ്പിൽ തലയെടുപ്പോടെ നിൽക്കുന്ന ബ്രഹ്മദത്തന്റെ വിടവെന്നാണ് ആനപ്രേമികൾ പറയുന്നത്. 2024 മാർച്ച് 25-ന് ഒൻപതാം പൂരത്തിന് ഭഗവതിയുടെ തിടമ്പേറ്റാൻ സൗഭാഗ്യം സിദ്ധിച്ചത് ബ്രഹ്മദത്തനായിരുന്നു. ഒരിക്കൽമാത്രമേ തിരുമാന്ധാംകുന്നിൽ അമ്മയുടെ ആറാട്ട് എഴുന്നള്ളിപ്പിൽ പങ്കെടുത്തിട്ടുള്ളുവെങ്കിലും ബ്രഹ്മദത്തന്റെ ആകാരലാവണ്യവും അസാധാരണ മസ്‌തകയെടുപ്പും മായാത്ത നിറക്കാഴ്ചയായി നിലനിൽക്കുന്നു. പൂരത്തിന് ഭഗവതിയുടെ തിടമ്പേറ്റുക എന്നത് അപൂർവ ഗജശ്രഷ്ഠന്മാർക്ക് ലഭിക്കുന്ന ഭാഗ്യമാണ്. ഭഗവതിയുടെ തിടമ്പേറ്റുന്ന ആനയുടെ വർണന ഭക്തർക്കിടയിലെ സംസാരവിഷയമാകാറുണ്ട്. ബ്രഹ്മദത്തന്റെ സാന്നിധ്യം എഴുന്നള്ളിപ്പിന് ഗാംഭീര്യം പകർന്നു. വലിയൊരു ആൾക്കൂട്ടത്തിന് മുൻപിൽ ശാന്തനായി നിന്നതും ആറാട്ട് എഴുന്നള്ളിപ്പ് എന്ന കൊട്ടിയിറക്കത്തിലും കൊട്ടിക്കയറ്റത്തിനും ഏറെ സൂക്ഷ്മതയോടെയുള്ള നടയിറക്കവും കയറ്റവും അടിവച്ചുള്ള നടത്തവും ശ്രദ്ധയാകർഷിച്ചിരുന്നു. പഞ്ചാരിമേളത്തിനൊപ്പം ചെവികൾ ആട്ടിനിന്നതും ബ്രഹ്മദത്തന്റെ ആനച്ചന്തത്തിന്റെ നിറവും ലക്ഷണത്തികവും കാണികളുടെ മനംനിറച്ചിരുന്നു. ശാന്തപ്രകൃതനായതുകൊണ്ടുതന്നെ വാത്സല്യ-ദൈവിക ഭാവത്തോടെയാണ് തിരുമാന്ധാംകുന്ന് പൂരത്തിന് ബ്രഹ്മദത്തൻ കാണപ്പെട്ടത്. ഒരിക്കൽമാത്രം വന്ന് പൂരത്തിന്റെ ആവേശമായിമാറിയ ബ്രഹ്മദത്തൻ അങ്ങാടിപ്പുറത്തെ പൂരപ്രേമികളുടെ മനസ്സിൽ മായാത്ത ചിത്രമായി എന്നും നിലനിൽക്കും. തട്ടകം ആനപ്രേമി കൂട്ടായ്മയുടെ സഹകരണത്തോടെ ദേവസ്വമാണ് തിരുമാന്ധാംകുന്ന് പൂരത്തിന് ബ്രഹ്മദത്തനെ എഴുന്നള്ളിപ്പിനായി പങ്കെടുപ്പിച്ചത്.
Published: 06 Oct 2026, 03:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented