മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു
രണ്ടാംഘട്ട വ്യാപനസാധ്യത തടയാൻ പരിശോധനകൾ കർശനമാക്കാൻ നിർദേശം
വണ്ടൂർ : വണ്ടൂരിലെ മഞ്ഞപ്പിത്തരോഗവ്യാപനത്തിൽ ഇനിയുള്ള ഒരാഴ്ച ആരോഗ്യവകുപ്പിന് നിർണായകമെന്നു വിലയിരുത്തൽ.
റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. രണ്ടാംഘട്ട വ്യാപനസാധ്യത തടയാൻ പരിശോധനകൾ കർശനമാക്കാൻ ആരോഗ്യവകുപ്പിന് നിർദേശംനൽകി. നിലവിൽ വണ്ടൂരിലും പരിസരങ്ങളിലുമായി 239 പേരാണ് രോഗബാധിതർ. 34 പേർ ചികിത്സയിലുണ്ട്.
ആരുടെയും നില ഗുരുതരമല്ല. ഭക്ഷണശാലകളിലെ വെള്ളത്തിന്റെ സാംപിളുകൾ ഹെൽത്ത് ഇൻസ്പെക്ടർമാർ നേരിട്ട് ചെന്നെടുത്ത് സീൽചെയ്തു പരിശോധനയ്ക്കയക്കണമെന്നും ഹെൽത്ത് കാർഡ് അംഗീകൃത ലാബിൽനിന്ന് എടുത്തതാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ എന്നിവരുൾപ്പെടെ ജനപ്രതിനിധികളും മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി, ഹെൽത്ത് സൂപ്പർവൈസർ ശ്രീജിത്ത് അംബ്രക്കാട്ട് എന്നിവരുൾപ്പെടെ ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
പരിശോധന ഊർജിതമാക്കി ആരോഗ്യവകുപ്പ്
വണ്ടൂർ : മഞ്ഞപ്പിത്തവ്യാപനത്തിൽ രണ്ടാംഘട്ട വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ചായക്കടകൾ അടക്കമുള്ള ഭക്ഷണശാലകളിൽ രാത്രികാല
പരിശോധനയുമായി ആരോഗ്യവകുപ്പ്.
വണ്ടൂർ ഹെൽത്ത് ബ്ലോക്കിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും മുഴുവൻ ഹെൽത്ത് ഇൻസ്പെക്ടർമാരെയും എൻഫോഴ്സ്മെന്റ് സ്ക്വാഡുകളാക്കി തിരിച്ചാണ് കർശന പരിശോധന. ഹെൽത്ത് സൂപ്പർവൈസർ ശ്രീജിത്ത് അംബ്രക്കാട്ടിന്റെ നേതൃത്വത്തിലാണ് വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം പരിശോധന നടത്തുന്നത്.
വൃത്തിഹീനമായ സാഹചര്യത്തിൽ അടുക്കള പ്രവർത്തിക്കുന്ന ചായക്കടകൾ അടച്ചിടാൻ നിർദേശം നൽകുന്നുണ്ട്. ഭക്ഷണം കൈകാര്യംചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരേ നടപടികൾ സ്വീകരിക്കുന്നുണ്ട്. അംഗീകൃത ലാബിൽ പരിശോധിച്ച കുടിവെള്ള സർട്ടിഫിക്കറ്റ്, കടയുടെ ലൈസൻസ് മുതലായവയും പരിശോധിക്കുന്നുണ്ട്. നിലവിൽ ഇതുവരെ വണ്ടൂരിലെയും പരിസരങ്ങളിലെയും 190 ഹോട്ടലുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. 25,000 കിണറുകൾ ഇതുവരെ ക്ലോറിനേഷൻ ചെയ്തെന്നും അധികൃതർ പറഞ്ഞു.
തെറ്റായ പ്രചാരണം: ജാഗ്രതവേണം
മഞ്ഞപ്പിത്തവ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ തെറ്റായ പ്രചാരണവും ശക്തമാണ്. അതേസമയം വണ്ടൂരിലെ ഭക്ഷണശാലകളിൽനിന്ന് ഭക്ഷണം കഴിക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ ഒരു തടസ്സവുമില്ലെന്നും ഭീതിപടർത്തേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. ഹോട്ടലുകളിലും മറ്റും കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം നൽകാനാണ് കർശന നിർദേശം.
Published: 20 Oct 2026, 03:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented