കോഴിക്കോട്: ചേറും ചെളിയും കര്‍ഷകന്റെ വിയര്‍പ്പും കണ്ണീരുപ്പും കലരുമ്പോഴാണ് പുന്നെല്ലിന്‍ കതിരും പുത്തരിച്ചോറുമുണ്ടാവുന്നതെന്ന് ശിഷ്യരെയും സമൂഹത്തെയും പഠിപ്പിച്ച എഴുത്തുകാരി പി. വത്സല വിടവാങ്ങിയിട്ട് 21-ന് വ്യാഴാഴ്ച ഒരാണ്ട് തികയുന്നു.
സ്ത്രീമനസ്സിന്റെ ആഴങ്ങളിലേക്കും ആദിവാസിജീവിതത്തിന്റെ അറിയാപ്പുറങ്ങളിലേക്കും വത്സലയുടെ എഴുത്തിന്റെ വേരുകള്‍ നീണ്ടു.
ആദിവാസികളുടെ കദനംനിറഞ്ഞ ജീവിതം മലയാളത്തില്‍ ആദ്യമായി സമഗ്രതയോടെ ആവിഷ്‌കൃതമായത് അവരുടെ രചനകളിലാണ്.
ബാല്യത്തില്‍ വയനാട്ടിലും വാര്‍ധക്യത്തില്‍ അമേരിക്കയിലും കുറച്ചുകാലം താമസിച്ചതൊഴിച്ചാല്‍, പി. വത്സലയുടെ വ്യക്തിജീവിതവും എഴുത്തുജീവിതവും കോഴിക്കോടിന്റെ സ്വന്തമാണ്. കോഴിക്കോടിന്റെ മണ്‍മറഞ്ഞ സാഹിത്യപ്രതിഭകളുടെ കൂട്ടത്തില്‍ തലയെടുപ്പോടെ ഈ എഴുത്തമ്മയുമുണ്ട്.
കോഴിക്കോട്ടെ പുരാതനമായ കാനങ്ങോട്ട് തറവാട്ടില്‍ 1939 ഓഗസ്റ്റ് രണ്ടിന് ജനനം. മലാപ്പറമ്പും വെള്ളിമാടുകുന്നുമൊക്കെ ഉള്‍പ്പെടുന്ന പ്രദേശത്തെ വലിയ കൂട്ടുകുടുംബമായിരുന്നു അവരുടേത്. കാനങ്ങോട്ട് ചന്തുവിന്റെയും ഇ. പത്മാവതിയുടെയും മൂത്തമകള്‍ക്ക് വേണമെങ്കില്‍ സമ്പന്നതയില്‍ അഭിരമിക്കാമായിരുന്നു. പക്ഷേ ചെറുപ്പംമുതല്‍ അധ്വാനവര്‍ഗത്തോടായിരുന്നു ആഭിമുഖ്യം. ഇളയച്ഛന്‍ കാനങ്ങാട്ട് സാമി കമ്യൂണിസ്റ്റുകാരനായിരുന്നു. ആ സ്വാധീനം കുഞ്ഞുവത്സലയിലും ആഴത്തില്‍ വേരോടി.
നടക്കാവ് സ്‌കൂളില്‍ പഠിച്ചു. പിന്നെ പ്രോവിഡന്‍സ് കോളേജില്‍ പി.ഡി.സി.യും ഡിഗ്രിയും. പഠനത്തില്‍ മിടുക്കിയായ കുട്ടി അധ്യാപികമാരുടെ കണ്ണിലുണ്ണിയായി. അവരെപ്പോലെ അധ്യാപികയാവാന്‍ കൊതിച്ചു. അത് സാധിച്ചു.
ബി.എഡ്. പഠിക്കുംമുന്‍പേതന്നെ അധ്യാപികയായി. പരിശീലനംകിട്ടിയ അധ്യാപകരേക്കാള്‍ നല്ല അധ്യാപികയായി. കൊടുവള്ളിയിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ആദ്യനിയമനം. സാമൂഹ്യപാഠവും ഇംഗ്ലീഷും മലയാളവും പഠിപ്പിച്ചു.
ചെറുപ്പത്തില്‍ മുത്തശ്ശിയില്‍നിന്ന് താന്‍കേട്ട കഥകള്‍ വത്സല ടീച്ചര്‍ കുട്ടികള്‍ക്കായി പറഞ്ഞുകൊടുത്തു. വില്ലുവണ്ടിയിലും കുതിരവണ്ടിയിലും ചുറ്റിനടന്ന് അച്ഛനും താനും കണ്ട കുഞ്ഞുകാലത്തെ കാഴ്ചകള്‍ കുട്ടികള്‍ക്കായി വിവരിച്ചു. പാഠപുസ്തകത്തിനപ്പുറം പാഠങ്ങള്‍ പകരുന്ന ടീച്ചറെ കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ടു.
എഴുത്തിന്റെയും എഴുത്തുകാരുടെയും കോഴിക്കോടന്‍ സഹൃദയവേദികളിലെല്ലാം വത്സല ടീച്ചറുമുണ്ടായിരുന്നു.
മാതൃഭൂമിയിലൂടെയാണ് കഥകളും നോവലുകളും ഉള്‍പ്പെടെ വത്സല ടീച്ചറുടെ പ്രധാന രചനകളെല്ലാം വെളിച്ചം കണ്ടത്.
17 നോവലുകള്‍ എഴുതിയിട്ടുണ്ട്. ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് 'നെല്ല്' തന്നെ. 'കൂമന്‍കൊല്ലി'യും 'പാളയ'വും വായനക്കാരുടെ മനസ്സിലിടം നേടിയ നോവലുകളാണ്.
സാഹിത്യ അക്കാദമി അവാര്‍ഡുമുതല്‍ എഴുത്തച്ഛന്‍ പുരസ്‌കാരംവരെ അവരെ തേടിയെത്തി. തന്റെ നഗരം ഭാരതത്തിലെ ഒരേയൊരു സാഹിത്യനഗരമാവുന്നതുകൂടി കണ്ടറിഞ്ഞിട്ടാണ് ആ കണ്ണുകള്‍ എന്നന്നേക്കുമായി അടഞ്ഞത്. ഗുരുദേവ് ടാഗോര്‍ ജനിച്ച കൊല്‍ക്കത്തയ്ക്കുപോലും കിട്ടാത്ത സൗഭാഗ്യം തന്റെ നാടിന് കിട്ടിയത് അവരെ സന്തോഷിപ്പിച്ചിരുന്നു.
Content Highlights: Writer P. Valsala death anniversary
Published: 21 Nov 2024, 07:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented