സിവിക് ചന്ദ്രന്‍ സാഹിത്യകാരിയോട് ലൈംഗികാതിക്രമം കാണിച്ചു എന്ന പരാതിയില്‍ സാമൂഹികപ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ജെ.ദേവിക നടത്തിയ അഭിപ്രായ പ്രകടനത്തെ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അശോകന്‍ ചരുവില്‍ തന്റെ ഫേസ് ബുക് പോസ്റ്റിലൂടെ ചോദ്യം ചെയ്തിരുന്നു. അതേത്തുടര്‍ന്ന് ജെ. ദേവിക പ്രതികരിച്ചത് സിവിക് ചന്ദ്രന്‍ പി.സി ജോര്‍ജിനെപ്പോലെയല്ല എന്നുപറഞ്ഞുകൊണ്ടായിരുന്നു. അവരുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് അശോകന്‍ ചരുവില്‍ എഴുതുന്നു. 

To advertise here,

സിവിക് ചന്ദ്രന്‍ വിഷയത്തില്‍ ശ്രീമതി ജെ.ദേവികയുമായി ഒരു നിരന്തര സംവാദം ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരെ കുറിച്ചുള്ള എന്റെ നിഗമനങ്ങള്‍  നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. ജാതി, ജന്മി, നാടുവാഴിത്ത, പുരുഷമേധാവിത്വത്തിന്റെ ഉല്പന്നമാണ് അവര്‍. പ്രത്യക്ഷത്തില്‍ എന്തായിരുന്നാലും അവരുടെ സ്ത്രീവാദം കേരളത്തില്‍ പരിമിതമായെങ്കിലും നടന്ന സാമൂഹികപരിവര്‍ത്തനത്തോടുള്ള പകയുടെ മറുഭാഷയാണ്. സി.പി.ഐ.എമ്മിനോടുള്ള അവരുടെ വിരോധത്തിന്റെ കാരണവും അതുതന്നെ. ദളിത് സ്ത്രീകളെ - ഒരാളെയല്ല -നിരന്തരം വേട്ടയാടിയതായി തെളിഞ്ഞ ഒരാളെ സംരക്ഷിക്കാനുള്ള അവരുടെ അശ്രാന്ത പരിശ്രമത്തില്‍ എനിക്ക് അത്ഭുതമില്ല.

സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടതുപോലെ സിവിക്കിനെ അറസ്റ്റുചെയ്യുക, ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കുക എന്നതാണ് പ്രധാന സംഗതി. അതിനു വേണ്ടി ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നു വരണം. പ്രധാനപ്പെട്ട സ്ത്രീസംഘടനകളില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാത്രമാണ് ഇപ്പോള്‍ പ്രസ്താവനയുമായി രംഗത്തുവന്നിട്ടുള്ളത്. യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകള്‍ മുന്നില്‍ വരണം.

കാരണം സിവിക് ചന്ദ്രന്‍ എന്നത് ഒരു വ്യക്തിയല്ല. പ്രസ്ഥാനമാണ്. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനവും അനൗദ്യോഗികമായ അധികാരവും ഉള്ളയാളാണ്. ധാരാളം അനുയായികള്‍ ഉണ്ട്. അഭിപ്രായ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുന്ന അധികാരശക്തിയായ പത്രമാധ്യമങ്ങളുടെ പ്രിയപ്പെട്ട ആളാണ്.  ഇപ്പോള്‍ത്തന്നെ പരാതി ഉന്നയിച്ച സ്ത്രീക്കെതിരെ വ്യാപകമായ ആക്ഷേപങ്ങള്‍, അവഹേളനങ്ങള്‍ സംഘടിതമായി വന്നുകൊണ്ടിരിക്കുന്നു. 

ഇങ്ങനെയൊരാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ താമസമുണ്ടാകരുത്. പ്രധാനമായും സാംസ്‌കാരിക ജീവിതത്തിലൂടെയാണ് ഇന്ന് സ്ത്രീകള്‍ സ്വാതന്ത്ര്യം കൈവരിക്കുന്നത്. ആ മേഖലയില്‍ എത്തുന്നവരെ അപമാനിക്കാനും ചൂഷണം ചെയ്യാനും കാത്തുനില്‍ക്കുന്നവര്‍ക്ക് ഒരു പാഠമാവണം ഈ സ്ത്രീപീഡനക്കേസ് എന്ന് ഞാന്‍ കരുതുന്നു.