തിരുവനന്തപുരം: വയറ്റിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയെത്തുടർന്ന് സോഫ്റ്റ്‌വേർ എൻജിനിയറായ യുവതിക്ക് ഒൻപത് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ വിശദമായി പുനരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. യുവതി നൽകിയ പരാതിയിലാണ് പോലീസിന്റെയും ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയുടെയും കണ്ടെത്തലുകൾ തള്ളി ഹൈക്കോടതി ഉത്തരവിട്ടത്.

To advertise here,

മുട്ടത്തറ കല്ലുംമൂട് ഹിമംവീട്ടിൽ പദ്‌മജിത്തിന്റെ ഭാര്യ എം.എസ്. നീതു(31)വിനാണ് അടിവയറ്റിലെ കൊഴുപ്പുനീക്കാൻ 2025 ഫെബ്രുവരിയിൽ തമ്പുരാൻമുക്ക് കോസ്‌മെറ്റിക് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയെ തുടർന്ന് ആന്തരികാവയവങ്ങളടക്കം തകരാറിലായത്.

നീതുവിന്റെ ഇടതുകാലിലെ മുഴുവൻ വിരലുകളും കാൽപ്പാദത്തിന്റെ ഒരു ഭാഗവും ഇടതുകൈയിലെ നാല് വിരലുകളും മുറിച്ചുമാറ്റിയിരുന്നു. ആറുവയസ്സായ ഇരട്ടക്കുട്ടികളുടെ മാതാവായ ഇവർ ഇപ്പോഴും കടുത്ത ശാരീരിക അവശതകളാണ് അനുഭവിക്കുന്നത്.

എന്നാൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നായിരുന്നു 2025 ഒക്ടോബറിൽ പുറത്തുവന്ന ആരോഗ്യവകുപ്പിന്റെ വിദഗ്ധ സമിതി റിപ്പോർട്ട്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തെ സംസ്ഥാന പോലീസ് മേധാവി നിയമിക്കണമെന്നും ആറുമാസത്തിനകം ഇവർ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്.

കിടത്തിച്ചികിത്സ, അടിയന്തര സാഹചര്യങ്ങൾ നേരിടാനോ സൗകര്യമില്ലാത്ത ആശുപത്രിയിൽ ഇത്ര സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത് മെഡിക്കൽ പ്രോട്ടക്കോളുകളുടെ ലംഘനമാണോ, ശസ്ത്രക്രിയയ്ക്കുശേഷം രക്തസമ്മർദമുൾപ്പെടെ കുറഞ്ഞ് യുവതിക്കു ശാരീരികാവശതകളുണ്ടായിട്ടും തുടർചികിത്സ നൽകുന്നതിൽ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്നതടക്കം അന്വേഷിക്കാനാണ് ഉത്തരവ്.

ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ കണ്ടെത്തലിനു കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. ശസ്ത്രക്രിയയ്ക്കുശേഷമുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന് നീതു ഒരു മാസത്തിലേറെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്നു. നാൽപ്പതുലക്ഷത്തോളം രൂപയാണ് ഇവർക്ക് തുടർചികിത്സയ്ക്ക്‌ ചെലവായത്.

സംഭവത്തിൽ മുൻ സർക്കാരിൽനിന്നോ ആരോഗ്യവകുപ്പ്, പോലീസ് എന്നിവിടങ്ങളിൽനിന്നോ നീതി ലഭിച്ചില്ലെന്ന് നീതുവിന്റെ കുടുംബം ആരോപിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച നീതുവിന്റെ കുടുംബം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെക്കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എത്രയുംവേഗം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി നീതുവിന്റെ ഭർതൃപിതാവ് പത്മകുമാർ മാതൃഭൂമിയോടു പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടെന്നും ന്യായമായരീതിയിൽ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.