തിരുവനന്തപുരം: ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ 'ജീവിതം ഒരു പെന്‍ഡുല'മാണ് പുരസ്‌കാരത്തിനര്‍ഹമായത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ആത്മകഥ പിന്നീട് മാതൃഭൂമി ബുക്‌സ് പുസ്തകമാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
സര്‍ഗാത്മകതയുടെ ബഹുമുഖമേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും തീരാനഷ്ടങ്ങളും വേദനയുടെ അക്ഷരങ്ങളാല്‍ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് 'ജീവിതം ഒരു പെന്‍ഡുലം'. മലയാളസിനിമാഗാനമേഖലയുടെ ചരിത്രവും വര്‍ത്തമാനവും ഈ ഗ്രന്ഥത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും.
എഴുത്തുകാരായ വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരന്‍, ഡോ. എല്‍. തോമസ്‌കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. പുരസ്‌കാരം വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് സമര്‍പ്പിക്കുമെന്ന് വയലാര്‍ രാമവര്‍മ മെമോറിയല്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു.
പരേതരായ കളരിക്കല്‍ കൃഷ്ണപിള്ളയുടേയും ഭവാനിക്കുട്ടി തങ്കച്ചിയുടേയും മകനായി 1940ല്‍ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ജനിച്ച ശ്രീകുമാരന്‍ തമ്പി പി. സുബ്രഹ്മണ്യത്തിന്റെ 'കാട്ടുമല്ലിക' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരചനയിലേക്ക് പ്രവേശിക്കുന്നത്. മൂവായിരത്തിലധികം ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചു. അവയില്‍ മിക്കവയും മലയാളികളും മലയാളഭാഷയും ഉള്ള കാലത്തോളം ഓര്‍ക്കപ്പെടുന്നവയാണ്. ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി, ശ്രീകുമാരന്‍തമ്പി-എം.കെ. അര്‍ജ്ജുനന്‍ കൂട്ടുകെട്ടുകള്‍ മലയാള സിനിമാഗാനങ്ങളെ നിത്യഹരിതത്വത്തിന്റെ വിതാനത്തിലേയ്ക്ക് ഉയര്‍ത്തി. മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്ത ശ്രീകുമാരന്‍ തമ്പി എണ്‍പതോളം സിനിമകള്‍ക്ക് തിരക്കഥ എഴുതി. ഇരുപത്തിരണ്ട് സിനിമ കളും ആറ് ടെലിവിഷന്‍ പരമ്പരകളും നിര്‍മ്മിച്ചു. നിരവധി സിനിമകളിലായി മൂവായിരത്തോളം ഗാനങ്ങള്‍ തമ്പി എഴുതി. ലളിതഗാനങ്ങള്‍, ആല്‍ബം ഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി ആയിരത്തോളം രചനകള്‍ വേറെയും. 'നീലത്താമര', 'അച്ഛന്റെ ചുംബനം', 'അമ്മയ്‌ക്കൊരു താരാട്ട്', 'പുരതലാഭം' തുടങ്ങി പത്ത് കാവ്യസമാഹരങ്ങളും നാല് നോവലുകളും ആയിരത്തൊന്ന് ഗാനങ്ങളുടെ സമാഹാരമായ 'ഹൃദയസരസ്സ്', ഒരു നാടകം എന്നിവയും ശ്രീകുമാരന്‍ തമ്പിയുടേതായുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥയായ 'ജീവിതം ഒരു പെന്‍ഡുലം' ഇപ്പോള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്നു.
ഏറ്റവും മികച്ച സംവിധായകനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ്, മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്‌കാരം, പ്രേംനസീര്‍ പുരസ്കാരം, ആശാന്‍ പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, മയില്‍പ്പീലി പുരസ്‌കാരം, കേരളസംഗീതനാടക അക്കാദമി പുരസ്‌കാരം, മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ച് ജെ.സി. ഡാനിയല്‍ പുരസ്‌കാരം എന്നിവ ശ്രീകുമാരന്‍ തമ്പിയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജേശ്വരിയാണ് പത്‌നി. കവിത, പരേതനായ രാജകുമാരന്‍ തമ്പി എന്നിവരാണ് മക്കള്‍.
Content Highlights: Vayalar Award, Sreekumaran Thampi
Published: 08 Oct 2023, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented