തിരുവനന്തപുരം: സുഗതകുമാരിയുടെ 90-ാം ജന്മവാര്‍ഷികാഘോഷം ജനുവരി 22 മുതല്‍ ഒരു വര്‍ഷം 'സുഗതനവതി' എന്ന പേരില്‍ സംഘടിപ്പിക്കുന്നതിന് സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുടെ യോഗം തീരുമാനിച്ചു. നവതിയോടനുബന്ധിച്ച് സുഗതകുമാരിയുടെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കണമെന്നും കേരള യൂണിവേഴ്സിറ്റിയില്‍ സുഗതകുമാരി ചെയര്‍ ആരംഭിക്കണമെന്നും സുഗതകുമാരി പഠിച്ച കോട്ടണ്‍ഹില്‍ സ്‌കൂളിനെ സുഗതകുമാരി സ്മാരക വിദ്യാലയമായി നാമകരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

To advertise here,

യോഗത്തില്‍ ഡോ. എം.വി.പിള്ള അധ്യക്ഷത വഹിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഡോ. വി.പി.ഷുഹൈബ് മൗലവി (രക്ഷാധികാരിമാര്‍), കുമ്മനം രാജശേഖരന്‍ (ചെയര്‍മാന്‍), ഡോ. ജോര്‍ജ് ഓണക്കൂര്‍ (സാഹിത്യ വിഭാഗം), സൂര്യാ കൃഷ്ണമൂര്‍ത്തി (കലാവിഷ്‌കാരം), ഡോ. എം.വി.പിള്ള (അന്തര്‍ദേശീയം), ഡോ. ജി.ശങ്കര്‍ (സാമൂഹികം), രഞ്ജിത്ത് കാര്‍ത്തികേയന്‍ (ഫിനാന്‍സ്), ടി.കെ.എ. നായര്‍, ശ്രീകുമാരന്‍ തമ്പി, വി. മധുസൂദനന്‍ നായര്‍, പന്ന്യന്‍ രവീന്ദ്രന്‍, വി.പി.ജോയ്, എം.എസ്. ഫൈസല്‍ ഖാന്‍ തുടങ്ങിയവര്‍ അടങ്ങിയ അമ്പതംഗ നവതിയാഘോഷ സമിതിയും രൂപവത്കരിച്ചു.

സുഗതകുമാരിയുടെ ചരമവാര്‍ഷികദിനമായ 23-ന് സുഗതസ്മൃതി സദസ്സുകള്‍ നടത്തും. ജന്മസ്ഥലമായ ആറന്മുളയില്‍ ഒരേക്കര്‍ സ്ഥലത്ത് സുഗതവനം സജ്ജമാക്കുന്നതിനും സ്‌കൂളുകളില്‍ ഇക്കോ ക്ലബ്ബുകള്‍ വഴി സുഗതവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് സുഗതകുമാരി കൃതികളെ അടിസ്ഥാനമാക്കി വിവധ മത്സരങ്ങള്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു.

മനുഷ്യാവകാശ, പാരിസ്ഥിതിക രംഗങ്ങളില്‍ പ്രശംസനീയമായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് സുഗതപുരസ്‌കാരവും ഏര്‍പ്പെടുത്തും.