2026-ലെ ശ്രാവസ്തി കവിതാപുരസ്‌കാരത്തിന് ഷാജു വി.വി അർഹനായി. അദ്ദേഹത്തിൻെറ 'സൊമാറ്റോ ഡെലിവറി ബോയ്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം.

To advertise here,

കവിതാ നിരൂപകനും വിവർത്തകനുമായ ഡോ. പി. സുരേഷ് അധ്യക്ഷനും കവിയും ഗ്രന്ഥകാരിയും കോളേജ് അധ്യാപികയുമായ നൂറ വി., കവിയും അധ്യാപകനുമായ വിഷ്ണുപ്രസാദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡിനായി ഈ കൃതി തിരഞ്ഞെടുത്തത്. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മലയാളകവിത പിന്തുടർന്നുവരുന്ന ശീലങ്ങളെ അടിമുടി പുതുക്കാൻ കഴിയുന്ന മട്ടിൽ വിധ്വംസകമായ ഭാവനയും ഭാഷയും ഉൾവഹിക്കുന്നതാണ് ഷാജു വി.വിയുടെ ‘സൊമാറ്റോ ഡെലിവറി ബോയ്’ എന്ന കവിതാസമാഹാരമെന്ന് ജൂറി അഭിപ്രായപ്പെട്ടു.

2023, 2024, 2025 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മലയാളകവിതാസമാഹാരങ്ങളിൽ നിന്നാണ് പുരസ്‌കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.

'മലയാളകവിത വ്യത്യസ്തമായ വഴികളിലൂടെ പുതിയ ഭാവുകത്വത്ത അഭിസംബോധന ചെയ്യുന്നതിന്റെ ധീരമായ ശ്രമങ്ങളായിരുന്നു പരിശോധിച്ച സമാഹാരങ്ങളിലെല്ലാം കാണാൻ കഴിഞ്ഞത്. ഭാഷ, ദർശനം, പ്രമേയം, നിരീക്ഷണം തുടങ്ങിയവയിലെല്ലാം സ്വയം പുതുക്കാനും മലയാളകവിതയെ നവീകരിക്കാനും ഈ കവികൾക്കു കഴിയുമെന്നകാര്യത്തിൽ തർക്കമില്ല', ജൂറി അഭിപ്രായപ്പെട്ടു.

ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല, കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിലെ മലയാളവിഭാഗം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർവവിദ്യാർത്ഥികളുടെയും കൂട്ടായ്മയായ ശ്രാവസ്തി, മലയാളവിഭാഗത്തിലെ അധ്യാപകനും ചിന്തകനുമായിരുന്ന ഡോ. പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ശ്രാവസ്തി കവിതാപുരസ്‌കാരം.