വടകര: മോദിസര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാരല്ലെന്ന സി.പി.എം. രേഖയെ വിമര്‍ശിച്ച് സാാഹിത്യകാരി സാറാ ജോസഫ്. സദസ്സില്‍നിന്ന് ഇതിനുനേരേ വിയോജിപ്പുയര്‍ന്നപ്പോള്‍ ''ഫാസിസം വരാന്‍വേണ്ടി കാത്തിരിക്കുകയാണല്ലേ'' എന്ന മറുപടി ഉരുളയ്ക്കുപ്പേരിപോലെ സാറാ ജോസഫ് നല്‍കി. വടകരയില്‍നടന്ന 'എം. മുകുന്ദന്‍ സാഹിത്യോത്സവ'മായിരുന്നു വേദി.

To advertise here,

'എം. മുകുന്ദന്റെ നോവലുകളിലെ ജീവിതദര്‍ശനം' എന്ന വിഷയത്തില്‍ സംസാരിക്കവേ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സാറാ ജോസഫ് ചൂണ്ടിക്കാട്ടി. ജാതിവിവേചനത്തിന്റെയും സാമ്പത്തികചൂഷണത്തിന്റെയും പേരില്‍ ജനത നട്ടംതിരിയുകയാണെന്നും അവര്‍ പറഞ്ഞു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അടിമജീവിതം ജീവിക്കേണ്ടിവരുമ്പോള്‍ അതൊന്നും ഫാസിസമല്ല എന്നുപറയുന്ന തരത്തിലുള്ള പ്രഖ്യാപനം നമ്മള്‍ കേട്ടിട്ട് ചെവിയിലെ ചൂടാറിയിട്ടില്ലെന്നും സാറാ ജോസഫ് പറഞ്ഞു. അപ്പോഴാണ് സദസ്സില്‍നിന്ന് പ്രതികരണമുണ്ടായത്. ആ പരാമര്‍ശം ശരിയല്ലെന്ന് സദസ്യരില്‍ ഒരാള്‍ പ്രതികരിച്ചു. ഫാസിസത്തിലേക്കുള്ള യാത്രയിലാണ് ഇന്ത്യയെന്നും ഹിറ്റ്ലറും മുസോളിനിയും നടപ്പാക്കിയ ഫാസിസം ഇവിടെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടിയതും ശ്രദ്ധയില്‍പ്പെടുത്തി.

''ശരിക്കുള്ള ഫാസിസം വന്നിട്ടില്ല. അത് വരാന്‍വേണ്ടി കാത്തിരിക്കുകയാണല്ലേ നമ്മള്‍...'' എന്ന് പിന്നാലെ സാറാ ജോസഫ് പരിഹാസസ്വരത്തില്‍ പ്രതികരിച്ചപ്പോള്‍ ഉടന്‍ സദസ്സില്‍നിന്ന് കൈയടി ഉയര്‍ന്നു.